വരുമാനത്തില്‍ ചരിത്രം കുറിക്കാന്‍ ഐഫോണ്‍ 16 ആപ്പിളിനെ സഹായിക്കുമോ?

Mail This Article
ആദ്യ ഐഫോണ്‍ വാങ്ങാന്‍ ക്യൂ നിന്നത് കടുത്ത ആപ്പിള്‍ ആരാധകരാണെങ്കില്‍, ഇത്തവണ ഏറ്റവും പുതിയ 16 സീരിസ് സ്വന്തമാക്കാന്‍ ലോകമെമ്പാടും ആളുകള്‍ തിക്കിത്തിരക്ക് ഉണ്ടാകും എന്നാണ് കമ്പനി കരുതുന്നത്. മാര്‍ക്കറ്റ് വിശകലനം നടത്തുന്നവരും അതു തന്നെ പ്രവചിക്കുന്നു
ആപ്പിള്‍ കമ്പനി ഇന്‍കോര്‍പറേറ്റ് ചെയ്ത 1977ല്‍ ഏകദേശം 775,000 ഡോളറായിരുന്നു വരുമാനം. എന്നാല്‍, 2024 മൂന്നാം പാദത്തിലെ വരുമാനം 84.78 ബില്ല്യന്‍ ഡോളറും! കൗണ്ടര്‍പോയിന്റ് റീസേര്‍ച്ചിന്റെ പ്രവചനം അനുസരിച്ച് ഈ വര്‍ഷം ആപ്പിള്‍ നേടാന്‍ പോകുന്നത് 400 ബില്ല്യന്‍ ഡോളറാണ്. ഇതിന് പ്രധാന കാരണമാകാന്‍ പോകുന്നത് ഐഫോണ്‍ 16 സീരിസും ആയിരിക്കും.

ആദ്യമായി ആപ്പിള്‍ ഇന്റലിജന്‍സ്
ഐഫോണ്‍ ഉപയോക്താക്കള്‍ പറ്റത്തോടെ പുതിയ ഫോണുകള്‍ വാങ്ങിയേക്കും എന്നു കരുതാനുള്ള ഒരു കാരണം, കമ്പനി ആദ്യമായി നിര്‍മ്മിത ബുദ്ധി (എഐ) തങ്ങളുടെ ഉപകരണങ്ങളില്‍ എത്തിക്കുന്നു എന്നതാണ്. ഇതുവരെയുള്ള ഹാന്‍ഡ്‌സെറ്റുകളില്‍ ഓണ്‍-ഡിവൈസ് എഐ പ്രവര്‍ത്തിപ്പിക്കാന്‍ സജ്ജമായത്ഐഫോണ്‍ 15 പ്രോ, മാക്‌സ് എന്നീ മോഡലുകള്‍ മാത്രമാണ്.
അതായത്, കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ മേന്മ ആയേക്കാവുന്ന അപ്‌ഡേറ്റ് വേണമെന്നുള്ള, മറ്റു സീരിസ് ഐഫോണുകള്‍ ഉപയോഗിക്കുന്നവര്‍ നിശ്ചയമായും ഐഫോണ്‍ 16 സീരിസ് വാങ്ങാന്‍ നിര്‍ബന്ധിതരായേക്കും എന്നാണ് മറ്റൊരു പ്രവചനം.

തുടക്കത്തില്‍ ആപ്പിള്‍ ഇന്റലിജന്‍സ് സൗജന്യമാണ് എന്ന് കമ്പനി പറയുന്നു എന്നാല്‍, കാലക്രമത്തില്‍ ആപ്പിള്‍ ഇന്റലിജന്‍സ് പ്ലസ് എന്നോ മറ്റോ വിളിച്ച്, ഇത് മാസവരി നല്‍കേണ്ട സേവനങ്ങളിലൊന്നായി മാറ്റിയേക്കുമെന്നും പ്രവചനമുണ്ട്. ഇതു വഴി, അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ ആപ്പിള്‍സര്‍വീസസ് വരുമാനം 10 മുതല്‍ 15 ശതമാനം വരെ വര്‍ദ്ധിച്ചേക്കും.
ഐഫോണ്‍ വില്‍പ്പന പൊടിപൊടിക്കുമെന്ന്
ഈ വര്‍ഷം ഐഫോണ്‍ വില്‍പ്പന പൊടിപൊടിക്കുമെന്ന് ഇന്‍വെസ്റ്റേഴ്‌സ്.കോമും പ്രവചിക്കുന്നു. തൊട്ടു തലേ വര്‍ഷങ്ങളിലൊക്കെ പുതിയ സീരിസ് അവതരിപ്പിച്ചാല്‍ ഉടന്‍ കിട്ടുന്ന തരത്തിലുള്ള വില്‍പ്പന, പിന്നീടുള്ള മാസങ്ങളില്‍ കിട്ടാറില്ല. എന്നാല്‍ അതായിരിക്കില്ല ഇത്തവണ എന്നാണ് പ്രവചനം. ''ശക്തമായ വില്‍പ്പന ദീര്‍ഘകാലം കിട്ടും'' എന്നാണ് അവര്‍ അവകാശപ്പെടുന്നത്.
എഐ ഫീച്ചറുകള്‍ മുഴുവന്‍ ലഭിക്കുന്നത് 2025 കലണ്ടര്‍ വര്‍ഷത്തിലായിരിക്കുമെന്നും ഇന്‍വെസ്റ്റേഴ്‌സ്.കോം. തുടക്കത്തില്‍ ഐഫോണ്‍ ചാടിവാങ്ങുന്നവരെ പോലെയല്ലാതെ, അവരുടെ ഫോണുകളുടെ പ്രവര്‍ത്തനം കണ്ട് പഴയ മോഡലുകള്‍ ഉപയോഗിക്കുന്നവരും ഐഫോണ്‍ 16 സീരിസ് വാങ്ങാന്‍ പ്രലോഭിപ്പിക്കപ്പെട്ടേക്കാംഎന്നും റിപ്പോര്‍ട്ട് പറയുന്നു.