'യുവതി പണം കൈമാറിയത് പുൽവാമ ഭീകരാക്രമണത്തിലെ പ്രതികളുടെ അക്കൗണ്ടിലേക്ക്'; ഗൂഢ തന്ത്രവുമായി സൈബർ ക്രിമിനലുകൾ
Mail This Article
ഐടി പ്രൊഫഷണലായ യുവതിയുടെ പണം തട്ടിയെടുക്കാൻ ഒരു സംഘം സൈബർ ക്രിമിനലുകൾ ഉപയോഗിച്ചത് ആരെയും ഒന്നും കിടിലം കൊള്ളിക്കുന്ന ഭീഷണിയാണ്. പുൽവാമ ഭീകരാക്രമണത്തിലെ പ്രതികളുടെ അക്കൗണ്ടിലേക്കു പണം കൈമാറ്റം ചെയ്തെന്ന ആരോപണവുമായാണ് ഹൈദരാബാദ് സ്വദേശിനിയായ ഐടി ജീവനക്കാരി.െ വെർച്വൽ അറസ്റ്റിലാക്കിയത്. ഏഴ് വർഷം തടവും 20 ലക്ഷം രൂപയും പിഴ നൽകേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തി. അവസാനം അവർ ആവശ്യപ്പെട്ട പണം നൽകി 'തടിയൂരിയെന്നു' കരുതിയിരുന്നപ്പോഴാണ് സംഭവം തട്ടിപ്പാണെന്നു മനസിലായത്.
'മയക്കുമരുന്ന് പാഴ്സലുകൾ'ക്കും 'ഡിജിറ്റൽ അറസ്റ്റുകൾ'ക്കും ശേഷം, സൈബർ കുറ്റവാളികൾ ആളുകളെ കൊള്ളയടിക്കാൻ ഭീകര പ്രവർത്തകരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന പുതിയ ആയുധം പുറത്തെടുക്കുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിൽ ഉൾപ്പെട്ട ഇന്ത്യയിലുടനീളമുള്ള ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുമായി അവളുടെ ആധാർ ഐഡി ലിങ്ക് ചെയ്തിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തെന്ന് അറിയിച്ചതോടെ യുവതി ഭയന്നുപോയി. ആധാറിന്റെ കോപ്പി പല ആവശ്യങ്ങൾക്കും നൽകിയതിനാൽ ആരെങ്കിലും ദുരുപയോഗം ചെയ്തു കാണുമെന്നു ഭയപ്പെട്ട യുവതിയെ കബളിപ്പിച്ച് രണ്ട് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു.
മുംബൈയിലും ഡൽഹിയിലുമുള്ള രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് യുവതി പണം ട്രാൻസ്ഫർ ചെയ്തതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അധികാരികളെന്ന അവകാശവാദവുമായി എത്തുന്ന ഒരു ഫോൺ കോളിലൂടെയും സാമ്പത്തിക വിവരങ്ങളൊന്നുംപങ്കിടരുതെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇത്തരത്തിലുള്ള എന്തെങ്കിലും കോൾ ലഭിക്കുകയാണെങ്കിൽ,ലോക്കൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയോ ദേശീയ സൈബർ ഹെൽപ്പ് ലൈൻ നമ്പറായ 1930-ൽ ബന്ധപ്പെടുകയോ ചെയ്യാം. ഫോണിലൂടെ ഇത്തരം പണമിടപാടുകളുമായി അധികൃതർ ഒരിക്കലും ബന്ധപ്പെടുകയില്ലെന്നും ആർബിഐ പോലുള്ള സ്ഥാപനങ്ങൾ പണമിടപാടുകാരെ ഒടിപിക്കും അക്കൗണ്ട് സംബന്ധമായ കാര്യങ്ങൾക്കും സമീപിക്കാറില്ലെന്നും അധികൃതർ പറയുന്നു.