ഐഫോണിലും ആൻഡ്രോയിഡിലും സന്ദേശങ്ങൾ കൈമാറുമ്പോൾ സൂക്ഷിക്കണം, ചൈനീസ് 'പ്രേത ചക്രവർത്തി' എത്തി!

Mail This Article
അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഭീതിപരത്തുകയാണ് ചൈനീസ് സർക്കാർ പിന്തുണയുണ്ടെന്നു ആരോപിക്കപ്പെടുന്ന സാൾട് ടൈഫൂൺ അഥവാ ഗോസ്റ്റ് എംപറർ എന്ന ഹാക്കിങ് ഗ്രൂപ്പ്. എട്ട് പ്രധാന യുഎസ് ടെലികമ്യൂണിക്കേഷൻ നെറ്റ്വർക്കുകളിൽ ഈ ഗ്രൂപ്പ് ആക്രമണം നടത്തിയെന്നു വെളിപ്പെടുത്തിയിരിക്കുന്നത് അമേരിക്ക തന്നെയാണ്.
ദശലക്ഷക്കണക്കിനു അമേരിക്കക്കാരുടെ ആശയവിനിമയം ചോർത്തുന്നതിലുപരി രാഷ്ട്രീയക്കാരുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും ആശയവിനിമയമായിരിക്കും ഹാക്കർമാർ ലക്ഷ്യം വച്ചിരിക്കുന്നത്. അതിനു പിന്നാലെ ഐഫോണുകൾക്കും ആൻഡ്രോയിഡുകൾക്കും ഇടയിലെ സന്ദേശവിനിമയം ഹാക്കിങിന് ഇരയാകാന്‍ സാധ്യതയുണ്ടെന്നു പറയുകയാണ് എഫ്ബിഐ.

ഐഫോണുകൾക്കും ആൻഡ്രോയിഡ് ഉപകരണങ്ങൾക്കും ഇടയിൽ ടെക്‌സ്‌റ്റുകൾ അയയ്‌ക്കുമ്പോൾ, സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്‌ഷൻ മുഖേന തീവ്രമായി പരിരക്ഷിക്കപ്പെടുന്നില്ലത്രെ.
വെറൈസൺ, എടി ആൻഡ് ടി, ടി മൊബൈൽ, ലുമെൻ തുടങ്ങിയ ടെലികോം സേവനദാതാക്കളെ ലക്ഷ്യമിട്ടായിരുന്നത്രെ ആക്രമണം. ആശയവിനിമയത്തിലെ പാറ്റേണുകളും വ്യക്തിപരമായ വിവരങ്ങൾ ചോർത്താൻ കഴിയുന്ന മെറ്റ ഡാറ്റ ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്കാണ് ഹാക്കർമാർ ആക്സസ് നേടിയിരിക്കുന്നത്.
ഹാക്കർമാരെ തടയാൻ, യുഎസ് ടെലികമ്യൂണിക്കേഷൻ ദാതാക്കൾക്ക് അവരുടെ സൈബർ പ്രതിരോധം എങ്ങനെ ശക്തിപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള എഫ്ബിഐയും സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസിയും (സിഐഎസ്എ) ഈ ആഴ്ച ഒരു നിർദ്ദേശം പുറത്തിറക്കിയിരുന്നു.

ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളെ ബാധിക്കുന്ന സൈബർ ആക്രമണത്തിന്റെ ആഘാതം യുഎസിനുമപ്പുറത്തേക്ക് വ്യാപിക്കുന്നുവെന്ന് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആനി ന്യൂബർഗർ വെളിപ്പെടുത്തി