ന്യൂജഴ്‌സിയിലും ന്യൂയോർക്കിലും അജ്ഞാത ഡ്രോണുകൾ, അമേരിക്കക്കാർക്ക് സത്യമറിയണമെന്ന് ലൂയി എലിസോണ്ടോ

Mail This Article
പലവിഭാഗങ്ങളിലായി പരന്നുകിടക്കുന്ന യുഎസ് ഉദ്യോഗസ്ഥ വൃന്ദത്തിൽ പ്രശസ്തരായ അനേകം ആളുകളുണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തിൽ അതിപ്രശസ്തനും നിരന്തരം വിവാദമുയർത്തുന്ന ആളുമാണ് ലൂയി എലിസോണ്ടോ.യുഎസിലെ ന്യൂജഴ്‌സിയിലും ന്യൂയോർക്കിന്‌റെ ഭാഗങ്ങളിലുമൊക്കെ പൊടുന്നനെ അജ്ഞാത ഡ്രോണുകൾ എത്തിയത് ആളുകളിൽ ആശങ്കയുയർത്തുകയും പലതരം അഭ്യൂഹങ്ങൾക്കു വഴിവയ്ക്കുകയും ചെയ്തിരുന്നു.
പിക്കാട്ടിനി പ്രതിരോധ ഗവേഷണകേന്ദ്രം, ഡോണൾഡ് ട്രംപിന്‌റെ ഗോൾഫ് കോഴ്‌സ് തുടങ്ങിയ സ്ഥലങ്ങളിൽ ഡ്രോണുകൾ ദൃശ്യമായിരുന്നു. എന്നാൽ ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ യുഎസ് അധികൃതർ ശരിയായി പുറത്തുവിടുന്നില്ലെന്നും അ്‌മേരിക്കക്കാർക്ക് സത്യം അറിയാൻ അവകാശമുണ്ടെന്നുമാണ് ലൂയി എലിസോണ്ടോയുടെ വാദം. അന്യഗ്രഹജീവികളുമായി യുഎസിനു ബന്ധമുണ്ടെന്നും അന്യഗ്രഹപേടകങ്ങൾ ഭൂമിയിലെത്തുന്നുണ്ടെന്നുമൊക്കെ നിരന്തരം വിവാദ പരാമർശങ്ങൾ നടത്തുന്നയാളാണ് എലിസോണ്ടോ.

ചന്ദ്രോപരിതലത്തിൽ അണുബോംബിട്ട് വിസ്‌ഫോടനം
യുഎസിന്‌റെ എയ്‌റോസ്‌പേസ് അഡ്വാൻസ്ഡ് ത്രെറ്റ് ഐഡന്‌റിഫിക്കേഷവൻ പ്രോഗ്രാം(അടിപ്) ഡയറക്ടറായിരുന്നു എലിസോണ്ടോ. ഈ പദ്ധതി ഇപ്പോൾ പ്രവർത്തിക്കുന്നില്ല. വിചിത്രമായ പല നടപടികളും അടിപ് നടത്തിയിരുന്നെന്ന് ഇടയ്ക്കു റിപ്പോർട്ടുകളുണ്ടായിരുന്നു.
ചന്ദ്രോപരിതലത്തിൽ അണുബോംബിട്ട് വിസ്‌ഫോടനം സൃഷ്ടിച്ച് തുരങ്കം തുരക്കാനുള്ള പദ്ധതി ഇക്കൂട്ടത്തിലൊന്നായിരുന്നു.ചന്ദ്രന്റെ ഉൾക്കാമ്പിൽ സ്റ്റീലിനേക്കാൾ ഒരുലക്ഷം മടങ്ങ് ഭാരം കുറഞ്ഞ, എന്നാൽ സ്റ്റീലിന്റെ അതേ കരുത്തുള്ള സവിശേഷ വസ്തുക്കളുണ്ടെന്ന് അടിപ് വിശ്വസിച്ചിരുന്നു. ഇത് കിട്ടാനായി അണുവായുധം ഉപയോഗിച്ച് കുഴിതുരക്കാനായിരുന്നു പദ്ധതി.
ഖനനത്തിനു ശേഷം ഈ വസ്തുക്കൾ ഭൂമിയിൽ എത്തിച്ചാൽ നിർമാണ, പ്രതിരോധമേഖലകളിൽ യുഎസിനു വലിയ മേൽക്കൈ വരുമെന്ന ആശയമാകാം ഇതിനു കാരണം.മനുഷ്യരെ അദൃശ്യരാക്കുന്ന വസ്ത്രങ്ങൾ, ഭൂഗുരുത്വ ബലത്തെ ചെറുക്കുന്ന ഉപകരണങ്ങൾ, പ്രപഞ്ചത്തിന്റെ അതിവിദൂരമേഖലകളിലേക്ക് എളുപ്പത്തിൽ പോകാൻ കഴിയുന്ന വേംഹോളുകൾ തുടങ്ങിയവ വികസിപ്പിക്കാനും അടിപിനു പദ്ധതിയുണ്ടായിരുന്നെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട് പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2007 മുതൽ 2012 വരെയുള്ള കാലയളവിലാണ് അടിപ് പ്രവർത്തിച്ചതെങ്കിലും 2017ലാണ് ഇങ്ങനെയൊരു പദ്ധതിയും സംഘവുമുണ്ടെന്ന് പൊതുജനങ്ങൾക്ക് മനസ്സിലാകുന്നത്.ആ വർഷം അടിപിന്റെ പ്രോഗ്രാം ഡയറക്ടറായ ലൂയി എലിസോണ്ടോ പെന്റഗണിൽ നിന്നു രാജിവച്ചു.ഇതെത്തുടർന്ന് യുഎസ് നാവികരും വ്യോമസേനാ ഉദ്യോഗസ്ഥരുമെടുത്ത ചില വിഡിയോകൾ പുറത്തിറക്കിയ ലൂയി എലിസോണ്ടോ ലോകമെങ്ങും തരംഗമുയർത്തി. അന്യഗ്രഹ പേടകങ്ങളെന്നു സംശയിക്കപ്പെടുന്ന ആകാശ വാഹനങ്ങൾ ആ വിഡിയോയിൽ ഉണ്ടായിരുന്നതാണു കാരണം.