പുതിയ ഐഫോണ്‍ വമ്പൻ വിലക്കുറവില്‍ വാങ്ങാന്‍ കാത്തിരിക്കുക; ഇപ്പോൾ എന്താണ് പ്രശ്നം?

Mail This Article
വില കുറഞ്ഞ പുതിയ ഐഫോണടക്കം ഏതാനും ആപ്പിള്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അല്‍പ്പകാലം കാത്തിരിക്കുന്നത് ഗുണംചെയ്‌തേക്കുമെന്ന് ഉപദേശം. എയര്‍ടാഗ്‌സ്, ഐപാഡ്, മാക് സ്റ്റുഡിയോ, ആപ്പിള്‍ ടിവി, ഹോംപോഡ് മിനി, വിഷന്‍ പ്രോ എന്നിവ വാങ്ങാന്‍ ആഗ്രഹിക്കുന്നവരും കാത്തിരിക്കുന്നതായിരിക്കും നല്ലതെന്നാണ് വിദഗ്ധാഭിപ്രായം. ഇവയുടെയെല്ലാം അപ്ഡേറ്റഡ് പതിപ്പുകൾ ഇറങ്ങിയേക്കാം എന്നതാണ് കാരണം. മുകളില്‍ പറഞ്ഞവയില്‍ ഏതാനും ഉപകരണങ്ങളുടെ കാര്യത്തില്‍ ഈ വാദം അല്‍പ്പം വിശദമായി പരിശോധിക്കാം:
ഐഫോണ്‍ എസ്ഇ 4
നിലവിലുള്ള ഐഫോണ്‍ മോഡലുകളില്‍ ഐഫോണ്‍ 16 സീരിസ്, ഐഫോണ്‍ 15 പ്രോ സീരിസ് എന്നിവ ഒഴികെയുള്ള ഒരു മോഡലും ആപ്പിള്‍ ഇന്റലിജന്‍സ് സ്വീകരിക്കാന്‍ കഴിയുന്ന ഹാര്‍ഡ്‌വെയര്‍ കെല്‍പ്പുള്ളതല്ല. ഐഫോണ്‍ 16 സീരിസാണ് അത്തരം ഒരു ഉദ്ദേശത്തോടുകൂടി അടിമുടി നിര്‍മിച്ചെടുത്തിരിക്കുന്നത് എന്ന് ആപ്പിള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

വില കൊണ്ട് ഐഫോണ്‍ 16 സീരിസിലെ ഫോണുകള്‍ വാങ്ങാന്‍ പറ്റാത്തവര്‍, മറ്റേതെങ്കിലും ഐഫോണ്‍ മോഡല്‍ സെക്കന്‍ഡ്ഹാന്‍ഡ് മാര്‍ക്കറ്റില്‍ നിന്നു പോലും വാങ്ങാതെ എസ്ഇ 4ന്റെ വരവിനായി കാത്തിരിക്കുന്നതായിരിക്കാം നല്ലതെന്നാണ് ഉപദേശം. പുതിയ ഐഫോണ്‍ എസ്ഇ 4ന്റെ തുടക്ക വേരിയന്റിന് പ്രതീക്ഷിക്കുന്ന വില ഏകദേശം 50,000 രൂപയാണ്.
ഗുണങ്ങള്‍
അടുത്ത പല വര്‍ഷത്തേക്ക് മുഴുവന്‍ ഫീച്ചര്‍ സപ്പോര്‍ട്ടുമായി പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയിലായിരിക്കും എസ്ഇ 4ന്റെ നിര്‍മാണം. ഐഫോണ്‍ 16 സീരിസില്‍ ഉള്ള എ18 പ്രൊസസറും, കുറഞ്ഞത് 8ജിബി എങ്കിലും റാമും, യുഎസ്ബി-സി പോര്‍ട്ടും, ഫെയ്‌സ്‌ഐഡിയും, ആപ്പിള്‍ ഇന്റലിജന്‍സ് സപ്പോര്‍ട്ടും, 6.1-ഇഞ്ച് വലിപ്പമുള്ള നൂതന ഡിസൈനും ഇതിന് ഉണ്ടായിരിക്കുമെന്നാണ് ഊഹാപോഹങ്ങള്‍ പറയുന്നത്.
എല്ലാ ഓപ്ഷനും ഉണ്ടാകുമോ?
ഇത്തരം ഒരു മോഡലിന് സ്വാഭാവികമായും ടോപ് മോഡലുകള്‍ക്കു തുല്യമായ സ്പെസിഫിക്കേഷനുകൾ ആപ്പിള്‍ കൊണ്ടുവരില്ല. അതിനാല്‍ തന്നെ പിന്നില്‍ ഒരു ക്യാമറയേ കണ്ടേക്കൂ എന്നു കരുതപ്പെടുന്നു. ഡിസ്‌പ്ലേയും നൂതന സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്നതാകണമെന്നില്ല. ഒന്നിലേറെ ക്യാമറകളും മറ്റുമാണ് ഉദ്ദേശമെങ്കില്‍ എസ്ഇ മോഡലിനായി കാത്തിരിക്കേണ്ടതില്ല.

എന്നാല്‍, കരുത്തും, ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിപ്പിക്കാനുള്ള ശേഷിയുമാണ് വേണ്ടതെങ്കില്‍ എല്ലാ രീതിയിലും എസ്ഇ 4 വാങ്ങുന്നതായിരിക്കും ഉത്തമം എന്നാണ് വാദം. കഴിഞ്ഞ വര്‍ഷം പുറത്തിറക്കുമെന്ന് കരുതിയിരുന്നതാണ് ഈ മോഡല്‍. അതിനാല്‍ തന്നെ 2025 ആദ്യ പാദത്തില്‍ തന്നെയോ, പകുതിയിലോ എങ്കിലും ഇത് പുറത്തിറക്കിയേക്കുമത്രെ.
വിഷന്‍ പ്രോ
വിഷന്‍ പ്രോ മഹാശ്ചര്യം എന്ന് പലരും വിധിയെഴുതുന്നുണ്ടെങ്കിലും അതിന് 3500 ഡോളര്‍ എണ്ണിക്കൊടുക്കണം. ഇതു വാങ്ങി ഉപയോഗിച്ചവരില്‍ ചിലര്‍ക്ക് ശാരീരികാസ്വസ്ഥതകള്‍ വന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആപ്പിള്‍ ഈ ഉപകരണത്തിന്റെ നിര്‍മാണം നിറുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എങ്കിലും കമ്പനി അത് ഇപ്പോഴും വില്‍ക്കുന്നുണ്ട്.

പുതിയ അഭ്യൂഹങ്ങള്‍ പറയുന്നത് ഇതിന്റെ വില കുറഞ്ഞ ഒരു പതിപ്പ് ഇറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു എന്നാണ്. ഇത് വരും വര്‍ഷങ്ങളില്‍ എത്തിയേക്കും. വില പ്രതീക്ഷിക്കുന്നത് രണ്ടായിരം ഡോളറോളമാണ്. കൂടാതെ, വിഷന്‍ പ്രോ 2 എന്നൊരു ഉപകരണം നിര്‍മ്മിച്ചെടുക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ടെന്നും പറയുന്നു. അതാകട്ടെ, ആദ്യ മോഡലിനെക്കുറിച്ച് ഉന്നയിക്കപ്പെട്ട ആരോപണങ്ങളുടെ മുനയൊടിക്കുന്ന രീതിയിലും ആകാം. എം4 പ്രൊസസറായിരിക്കും അതിന്റെ കേന്ദ്രത്തില്‍.
എയര്‍ടാഗ്
എയര്‍ടാഗ് 2 അധികം താമസിയാതെ പുറത്തിറക്കിയേക്കും. ഇതിലാകട്ടെ പുതിയ അള്‍ട്രാ വൈഡ്ബാന്‍ഡ് പ്രൊസസറായിരിക്കും ഉണ്ടായിരിക്കുക എന്നു പറയുന്നു. ആദ്യ തലമുറയെ അപേക്ഷിച്ച് കൂടുതല്‍ കൃത്യതയും, റേഞ്ചും ഇതിന് ഉണ്ടാകും. എയര്‍ടാഗുകള്‍ ഉപയോഗിച്ച് ആളുകളെ പിന്തുടരുന്ന രീതിയും പുതിയ വേര്‍ഷനില്‍ കുറക്കാനായേക്കുമെന്നും പറയുന്നു.
ആപ്പിള്‍ വാച്ച്
ഇപ്പോള്‍ തന്നെ പല ശാരീരിക പ്രശ്‌നങ്ങളും തിരിച്ചറിയാന്‍ കെല്‍പ്പുള്ള ആപ്പിള്‍ വാച്ചിലേക്ക് ഇനി എത്താന്‍ പോകുന്ന ഫീച്ചറുകളിലൊന്ന് ഹൈപ്പര്‍ടെന്‍ഷന്‍ തിരിച്ചറിയലാണ്. അടുത്ത തലമുറ വാച്ചില്‍ അതു കണ്ടേക്കുമെന്നു കരുതുന്നു.

മറ്റ് ഉപകരണങ്ങള്‍
വെറും ഐപാഡ്
ഐപാഡ് പ്രോ, മിനി, എയര്‍ തുടങ്ങിയ കൂട്ടിച്ചേര്‍ക്കലുകളില്ലാത്ത ഐപാഡ് ഇപ്പോള്‍ വാങ്ങാതിരിക്കുകയാണ് നല്ലത്. അതിന്റെ അടുത്ത പതിപ്പിലേക്കും ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള ഹാര്‍ഡ്‌വെയര്‍ കരുത്ത് പ്രവേശിപ്പിക്കപ്പെട്ടേക്കും.
മാക് സ്റ്റുഡിയോ
ആപ്പിളിന്റെ കരുത്തന്‍ കംപ്യൂട്ടറുകളിലൊന്നായ മാക് സ്റ്റുഡിയോയുടെ ഇപ്പോള്‍ വില്‍ക്കുന്ന മോഡല്‍ ഇറക്കിയിട്ട് വര്‍ഷം ഒന്നരയായി. അതാകട്ടെ എം2 പ്രൊസസറിലാണ് പ്രവര്‍ത്തിക്കുന്നത്. മാക് സ്റ്റുഡിയോയുടെ പുതിയ മോഡല്‍ താമസിയാതെ പുറത്തിറക്കുമെന്ന് കരുതപ്പെടുന്നു.
ആപ്പിള്‍ ടിവി
കമ്പനിയുടെ സ്ട്രീമിങ് ഉപകരണമായ ആപ്പിള്‍ ടിവി പുറത്തിറക്കിയിട്ട് 2 വര്‍ഷം കഴിഞ്ഞു. അതിനാല്‍ തന്നെ പുതിയ മോഡല്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ എത്തിയേക്കുമെന്നാണ് പ്രതീക്ഷ.
ഹോംപോഡ് മിനി
ഇപ്പോള്‍ വില്‍പ്പനയിലുള്ള ഹോംപോഡ് മിനി പുറത്തിറക്കയിരിക്കുന്നത് 2020 ഒക്ടോബറിലാണ്. ഇതും മുഴുവന്‍ പണവും കൊടുത്ത് ഇപ്പോള്‍ വാങ്ങുന്നതിനു പകരം അല്‍പ്പം കാത്തിരിക്കുന്നതായിരിക്കും.ആവശ്യക്കാര്‍ക്ക് ഇപ്പോള്‍ മടികൂടാതെ വാങ്ങാവുന്ന ആപ്പിള്‍ ഉപകരണങ്ങളുടെ ലിസ്റ്റ് ഇതാ:
2024 ഐമാക്
ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിപ്പിക്കാവുന്ന പുതിയ മോഡല്‍ ആവശ്യക്കാര്‍ക്ക് പരിഗണിക്കാം.
മാക് മിനി
എം4, എം4 പ്രോ പ്രൊസസറുകളുമായി വില്‍പ്പനയ്‌ക്കെത്തിയ മാക് മിനി വേണ്ടവര്‍ക്ക് പരിഗണിക്കാം.
ഐപാഡ് മിനി
ഐപാഡ് മിനി 2024 ആണ് പരിഗണിക്കാവുന്ന മറ്റൊരു ഉപകരണം.
ഐഫോണ്‍ 16 സീരിസ്
പ്രീമിയം ശ്രേണി ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഇത് പരിഗണിക്കാം.
മാക്ബുക്ക് എയര്‍ എം3
കനംകുറഞ്ഞ മാക്ബുക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാം.