ഇനി എഐ വിഡിയോകൾക്ക് കബളിപ്പിക്കാനാവില്ല; ‘ഡീപ്ഫേക്ക് ഡിറ്റക്ടർ’അവതരിപ്പിച്ച് മക്കഫി

Mail This Article
ന്യൂഡൽഹി ∙ നിർമിത ബുദ്ധി ഉപയോഗിച്ച് ഡീപ്ഫേക്ക് വിഡിയോകളും ഓഡിയോകളും കണ്ടെത്തുന്ന ‘ഡീപ്ഫേക്ക് ഡിറ്റക്ടർ’ സൈബർ സെക്യൂരിറ്റി കമ്പനിയായ മക്കഫി പുറത്തിറക്കി. എഐ ജനറേറ്റഡ് വിഡിയോ, ഡീപ്ഫേക്കുകൾ, ശബ്ദ സന്ദേശങ്ങൾ എന്നിവ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടാണ് പുതിയ സോഫ്റ്റ്‌വെയർ അവതരിപ്പിച്ചത്.
മുൻനിര ഇലക്ട്രോണിക് ഉപകരണ നിർമാതാക്കളുമായി സഹകരിച്ച് എഐ അധിഷ്ഠിത ഡീപ്ഫേക്ക് ഡിറ്റക്‌ഷൻ ടൂൾ ഇന്ത്യയിലും അടുത്തുതന്നെ അവതരിപ്പിക്കും.ഡീപ്ഫേക്ക് ഡിറ്റക്ടർ കോപൈലറ്റ്+ കംപ്യൂട്ടറുകളിലാവും ആദ്യം ലഭ്യമാകുക.
ഈ കംപ്യൂട്ടറുകളിൽ പ്ലേ ചെയ്യുന്ന വിഡിയോകളിലും ഓഡിയോകളിലും എഐ മാറ്റം വരുത്തിയ ഉള്ളടക്കം ഉണ്ടെങ്കിൽ ഉടൻ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് ലഭിക്കും. വിഡിയോ കോളുകളിലും ഫോൺവിളികളിലും അടക്കം ഈ പരിശോധന നടക്കും.
ഏതെങ്കിലും വെബ്സൈറ്റിലോ ആപ്പുകളിലോ വിഡിയോ/ഓഡിയോ ഉള്ളടക്കങ്ങൾ പ്രത്യേകമായി അപ്‌ലോഡ് ചെയ്ത് പരിശോധന നടത്തേണ്ടതില്ല. ഇന്റർനെറ്റ് സഹായമില്ലാതെ ഓഫ്‍ലൈനായാണ് ഡീപ്ഫേക്ക് ഡിറ്റക്ടർ ടൂൾ പ്രവർത്തിക്കുന്നത് എന്നതിനാൽ സുരക്ഷാ പ്രശ്നങ്ങളുണ്ടാവില്ലെന്നും കമ്പനി അവകാശപ്പെടുന്നു.