ഗ്രാമത്തിൽ ഒരുദിവസം 'പ്രത്യക്ഷപ്പെട്ടത്' വമ്പന്‍ സൂപ്പർ മാർക്കറ്റ്, ടാങ്കറുകളുടെയും കാറുകളുടെയും നിര; ഗൂഗിള്‍ മാപ് ചതിച്ചതിങ്ങനെ

Mail This Article
അടുത്തുള്ള സൂപ്പര്‍ മാർക്കറ്റോ, റസ്റ്ററന്റുകളുമൊക്കെ ഗൂഗിൾ മാപ്പിലൂടെ തിരക്കിപ്പോകുന്നവരാണ് നാമെല്ലാവരും. മാപ്പിൽ അന്വേഷിച്ചു ചെല്ലുമ്പോൾ അങ്ങനെയൊരു സ്ഥലമേ ഇല്ലെന്നു മനസിലായാലോ?. ഇത്തരമൊരു സംഭവമാണ് വെയിൽസിലെ ഡെൻബിഗ്‌ഷെയറിലെ ചെറിയ ഗ്രാമത്തിലുണ്ടായത്.
ഏകദേശം അഞ്ഞൂറുപേരുള്ള ഒരു ഗ്രാമത്തിൽ ഒരു സുപ്രഭാതത്തിൽ പ്രത്യക്ഷപ്പെട്ടത് ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശൃംഖലയായ അൽദിയുടെ സ്റ്റോർ. ഈ ഗ്രാമത്തിലെ ഒരു ഇടുങ്ങിയ ഒരു റോഡിന് സമീപമാണ് ആരോ ഗൂഗിൾ മാപ്പിൽ അൽദി സൂപ്പർ മാർക്കറ്റ് ലിസ്റ്റ് ചെയ്തത്. എന്തായാലും ഈ തമാശ ഗ്രാമത്തെ ആകെ കുഴപ്പത്തിലാക്കി.ഷോപ്പിങിനെത്തിയവരുടെ കാറുകളും മിൽക് ടാങ്കറുമൊക്കെ വഴിയാകെ ബ്ലോക്കാക്കി.
കബളിപ്പിക്കപ്പെടാനും സാധ്യത
നാവിഗേഷൻ, സ്ഥലങ്ങൾ കണ്ടെത്തൽ, പുതിയ പ്രദേശങ്ങൾ പര്യവേക്ഷണം എന്നിങ്ങനെ നിരവധി കാര്യങ്ങൾക്കുള്ള ടൂളാണ് ഗൂഗിൾ മാപ്സ്. കൃത്യവും കാലികവുമായ വിവരങ്ങൾ നൽകുന്നതിന് വിവിധ ഉറവിടങ്ങളിൽ നിന്നുള്ള ഡാറ്റയെ ഇത് ആശ്രയിക്കുന്നു. തെറ്റായ വിവരങ്ങൾ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനങ്ങളും ഉണ്ടെങ്കിലും ഇത്തരം തെറ്റായ വിവരങ്ങൾ കടന്നുകൂടാനും ആളുകൾ കബളിപ്പിക്കപ്പെടാനും സാധ്യതയുണ്ടെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗത്തിനുള്ള സാധ്യതയും ഇത് അടിവരയിടുന്നു.

ഇതൊന്നും ഗൂഗിൾ ശരിയാണോയെന്ന് പരിശോധിക്കില്ലേ?അടിസ്ഥാന പിശകുകൾ, പൊരുത്തക്കേടുകൾ, സ്പാം എന്നിവ പരിശോധിക്കുന്ന ഓട്ടോമേറ്റഡ് സിസ്റ്റങ്ങളാൽ ആദ്യഘട്ടത്തിൽ ഗൂഗിൾ ഒരു അവലോകനം നടത്തും. പിന്നീട് അത് മറ്റു ലോക്കൽ ഗൈഡുമാർക്ക് ശരിയാണോയെന്ന് പരിശോധിക്കാൻ നൽകും. അവർ ഫ്ലാഗ് ചെയ്തില്ലെങ്കില്‍ അത് മാപ്പിൽ പ്രത്യക്ഷപ്പെടും. അവലോകന പ്രക്രിയയ്ക്ക് കുറച്ച് സമയമെടുക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്, അതിനാൽ നിങ്ങളുടെ എഡിറ്റ് ഉടനടി പ്രത്യക്ഷപ്പെടില്ല. അതിനാൽ ചില തെറ്റുകൾ ഗൂഗിള്‍ മാപ്പിൽ അതേപോലെ തുടർന്നേക്കാം.
മാപ്പ് മേക്കറും ലോക്കൽ ഗൈഡ്സ് പ്രോഗ്രാമും
പ്രാദേശിക ബിസിനസുകൾ, സ്ഥലങ്ങൾ, എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന ഗൂഗിളിന്റെ കമ്മ്യൂണിറ്റി-പ്രേരിതമായ സംരംഭമാണ് ഗൂഗിൾ ലോക്കൽ ഗൈഡ്സ് പ്രോഗ്രാം. അവലോകനങ്ങൾ എഴുതി, ചിത്രങ്ങളും വിഡിയോകളും ചേർത്ത്, ബിസിനസ് ലിസ്റ്റിങുകളിൽ കണ്ടെത്തിയ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തും, ഗൂഗിൾ മാപ്‌സിലെ വിവിധ സ്ഥലങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കൊണ്ടും അവർ അവരുടെ അറിവും ഉപഭോക്തൃ അനുഭവങ്ങളും പങ്കിടുന്നു.