പാഴ്സലിൽ ലഹരിമരുന്നെന്ന ഭീഷണിയിൽ ഡിജിറ്റൽ അറസ്റ്റ്; 40 ലക്ഷം വായ്പ ഉൾപ്പെടെ ഒന്നര കോടി നൽകി യുവതി

Mail This Article
ഇരകളെ ഭയത്തിന്റെ മുൾമുനയിലാക്കി പണം തട്ടുന്ന ഡിജിറ്റൽ അറസ്റ്റ് സംഭവങ്ങൾ തുടർക്കഥയാകുന്നു. ബെംഗളൂരു സ്വദേശിയായ ഇരുപത്തിയെട്ടുകാരിയായ ടെക്കിക്കാണ് അടുത്തിടെ തട്ടിപ്പുകാരുടെ ഡിജിറ്റൽ അറസ്റ്റിനു ഇരയാകുകയും 1.2 കോടിയിലധികം രൂപ നഷ്ടപ്പെടുകയും ചെയ്തത്.തട്ടിപ്പുകാര്‍ക്കു നൽകാനായി 40 ലക്ഷം രൂപ വായ്പയെടുക്കാനും നിർബന്ധിതയായെന്നും നൽകിയ പരാതിയിൽ പറയുന്നു.
'DHL' കൊറിയറിൽ നിന്ന് ഡിസംബർ 11ന് +971 71518333 എന്ന നമ്പറിൽനിന്ന് ഒരു ഐവിആർ കോൾ ലഭിച്ചത്രെ. കൊറിയറിൽനിന്നുള്ള എക്സിക്യുട്ടീവാണെന്ന അവകാശപ്പെട്ട ഒരാൾ യുവതിയോട് സംസാരിക്കുകയും അയച്ച പാഴ്സലിൽ 6 വ്യാജ പാസ്പോർട്ടുകളും എടിഎം കാർഡുകളും എംഡിഎംഎയും ഉണ്ടെന്ന് പറഞ്ഞു. താൻ പാഴ്സലൊന്നും ബുക്ക് ചെയ്തിട്ടില്ലെന്ന് യുവതി പറഞ്ഞു. മുംബൈയിലേക്ക് നേരിട്ടു വരാൻ ആവശ്യപ്പെട്ടു. ഉടൻ വരാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ, 'മുംബൈ ക്രൈം സെല്ലിലേക്കു' ഡിജിറ്റൽ അറസ്റ്റിലായി കണക്ട് ചെയ്യുകയായിരുന്നു.
മുംബൈ ക്രൈം ടീമിലെ പൊലീസ് ഓഫീസറായ സുനിൽ ദത്ത് ദുബെ എന്ന് കോൾ വിളിച്ചവരിൽ ഒരാൾ പരിചയപ്പെടുത്തി മറ്റൊരാൾ പശ്ചാത്തല പരിശോധനയ്ക്കായി രേഖകളും ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലെ നാല് ബാങ്കുകളിലായി നാല് അക്കൗണ്ടുകൾ തുറന്ന് 10.9 മില്യൺ ഡോളറിന്റെ ഇടപാടുകൾ നടന്നതായി പൊലീസ് ഉദ്യോഗസ്ഥരെന്നു അവകാശപ്പെട്ടവർ പറഞ്ഞു.
എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് (ഇഡി) കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കേസ് നമ്പറും അറസ്റ്റ് ചെയ്യാനുള്ള ഉത്തരവും ഓൺലൈനിൽ പങ്കുവെച്ചതായും തട്ടിപ്പുകാരി പറഞ്ഞു.ആരോടും സംസാരിക്കരുതെന്ന് അവർ മുന്നറിയിപ്പ് നൽകുകയും അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി പരിഭ്രാന്തയായി, ഡിജിറ്റൽ അറസ്റ്റിൽ തുടരാനും വെർച്വൽ അന്വേഷണം നേരിടാനും സമ്മതിച്ചു.
ഫണ്ടിന്റെ അന്വേഷണത്തിനായി അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എല്ലാ നിക്ഷേപങ്ങളും ആസ്തികളും പണമാക്കി മാറ്റാനും അതിന്റെ 95 ശതമാനം ആർറ്റിജിഎസ് വഴി അയയ്ക്കാനും ആവശ്യപ്പെട്ടു. സ്ഥിരനിക്ഷേപങ്ങളും പ്രൊവിഡന്റ് ഫണ്ടും മറ്റ് നിക്ഷേപങ്ങളും പണമാക്കി മാറ്റുകയും ബാങ്ക് അക്കൗണ്ടിലേക്ക് ഡിസംബർ 21 ന് 75.6 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു. 'സുപ്രീം കോടതി' നൽകിയെന്ന വ്യാജേന സാമ്പത്തിക ഇടപാട് സർട്ടിഫിക്കറ്റ് അവർ അവൾക്ക് അയച്ചു.
പണമാക്കി മാറ്റാൻ കഴിയാത്ത സ്വത്തുക്കൾക്കായി 55.9 ലക്ഷം രൂപ ജാമ്യം നൽകാൻ ആവശ്യപ്പെട്ടു. കൂടുതൽ ഫണ്ട് നൽകാൻ കഴിയില്ലെന്നറിയിച്ചതോടെ വായ്പയെടുക്കാൻ ആവശ്യപ്പെട്ടു. 55 ലക്ഷം രൂപ വായ്പ നൽകാൻ ബാങ്കുകൾ വിസമ്മതിച്ചു. 45 ലക്ഷം രൂപ നൽകാമെന്ന് തട്ടിപ്പുകാരെ അറിയിച്ചു. ഡിസംബർ 30ന് 30 ലക്ഷം രൂപയും ജനുവരി 3ന് 15 ലക്ഷം രൂപയും അവർ കൈമാറി. പ്രോസസിങിന് 3 ദിവസമെടുക്കുമെന്നും അതിനുശേഷം അന്വേഷണം അവസാനിപ്പിക്കുമെന്നും തട്ടിപ്പുകാർ അവളോട് പറഞ്ഞു.
പണം തിരികെ ലഭിക്കാതായപ്പോൾ, താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കിയതോടെ ജനുവരി 8ന് പൊലീസിനെ സമീപിക്കുകയായിരുന്നുകേസെടുത്തിട്ടുണ്ടെന്നും തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലെ പണം മരവിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു