സിംഗളായവർക്കായി കൂട്ടാകാന്‍ ഒരു എഐ റോബട്, വില ഒന്നരക്കോടി രൂപ; 'അരിയ'യെ പരിചയപ്പെടാം!

Mail This Article
ഏകാന്തത അനുഭവിക്കുന്നവര്‍ക്കായി എഐ ബുദ്ധിയുള്ള ഒരു ചങ്ങാതി. കണ്‍സ്യൂമര്‍ ഇലക്ട്രോണ്ക്‌സ് ഷോ (സിഇഎസ്) 2025ലാണ് അരിയ എന്നു പേരിട്ടിരിക്കുന്ന എഐ റോബട്ടിനെ പ്രദര്‍ശിപ്പിച്ചത്. ഏറ്റവും യഥാര്‍ഥ്യമെന്നു തോന്നിപ്പിക്കുന്ന ഹ്യൂമൻ റോബട് എന്ന വിവരണവും ഉണ്ട്, റിയല്‍ബോട്ടിക്‌സ് (Realbotix) എന്ന കമ്പനി പുറത്തിറക്കിയ ഈ റോബട്ടിന് വില 175,000 ഡോളറാണ്( ഏകദേശം 1.5 കോടി രൂപ).
ബ്ലാക് സ്യൂട്ട് അണിഞ്ഞാണ് അരിയ പ്രദര്‍ശന വേദിയില്‍ നിന്നത്. മനുഷ്യനെപ്പോലെയാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും, കൃത്യം മാനുഷികമായ ചലനങ്ങൾ ഇത്തരം ഉപകരണങ്ങള്‍ ആര്‍ജ്ജിക്കാന്‍ പല വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കുമെന്ന തോന്നലാണ് ചില കാഴ്ചക്കാരിലുണര്‍ത്തിയത്. സംസാരത്തില്‍ ശ്രദ്ധാലുവെന്ന തോന്നലുണ്ടാക്കിയെങ്കിലും ചിലപ്പോള്‍ ഒരു 'മിസിങ്' ഉണ്ടായിരുന്നു.
അരിയയുടെ കഴുത്തിനു മുകളിലേക്കു മാത്രം 17 മോട്ടറുകള്‍ പ്രവര്‍ത്തിക്കുന്നു. ഇവയാണ് മുഖഭാവങ്ങള്‍ നിയന്ത്രിക്കുന്നത്. പക്ഷേ നിലവിലെ ടെക്നോളജിയിൽ നിര്‍മിച്ചെടുക്കാവുന്ന യാഥാർഥ്യത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന നിര്‍മിതിയാണ് അരിയയ്ക്ക് എന്ന് പറയപ്പെടുന്നു. തത്സമയ സംഭാഷണത്തിന് പ്രയോജനപ്പെടുത്തുന്നത് ജനറേറ്റിവ് എഐ ആണ്.

ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും, പ്രതികരിക്കാനും, കൈ ചലിപ്പിക്കാനും, മുറിയില്‍ സഞ്ചരിക്കാനും സാധിക്കും. അരിയയുമായി പല പത്രപ്രവര്‍ത്തകരും സംസാരിച്ചു. ഉത്തരങ്ങള്‍ വളരെ നീണ്ടുപോയിയെന്നാണ് ചിലർക്ക് തോന്നിയത്.
മറ്റു റോബട്ടുകളെക്കുറിച്ച് എന്താണ് അഭിപ്രായം?
ഈ ചോദ്യത്തിന് അരിയ നല്‍കിയ മറുപടി, തനിക്ക് ഒപ്റ്റിമസ് എന്ന പേരില്‍ അറിയപ്പെടുന്ന ടെസ്‌ല ബോട്ടിനെ കാണാനാണ് താൽപര്യമെന്നായിരുന്നു. ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കിന്റെ കീഴിലാണ് ഒപ്റ്റിമസിന്റെ നിര്‍മാണം പുരോഗമിക്കുന്നത്.
സന്തോഷവും ദേഷ്യവും അടക്കം അരിയയ്ക്ക് ഇപ്പോള്‍ കുറഞ്ഞത് 10 മുഖഭാവങ്ങള്‍ ആണ് ഉള്ളത്. ഇത്തരം റോബട്ടുകള്‍ക്ക് സ്പര്‍ശവും, താപവും തിരിച്ചറിയാനുള്ള സെന്‍സറുകളും ചേര്‍ക്കാനുള്ള ശ്രമവും നടക്കുന്നു.

അരിയയ്ക്ക് നിലവിൽ മനുഷ്യരെ പോലെ നടക്കാനാവില്ല. ഇതുവരെ ആ ഫീച്ചര്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടില്ലെന്ന് കമ്പനി പറയുന്നു. എന്നാല്‍ റൂംബാ റോബട്ടിനെ പോലെ മുറിയില്‍ സഞ്ചരിക്കാനും സാധിക്കും. നടക്കാനുള്ള ശേഷി നല്‍കാന്‍ ശ്രമിക്കുന്നത് റോബട്ടുകളെ കൂടുതല്‍ മനുഷ്യ സാദൃശ്യമാക്കിയ ശേഷമായിരിക്കുമെന്നും പറയുന്നു.

ഇനിയിപ്പോള്‍ 1.5 കോടി രൂപ മുടക്കാന്‍ തീരുമാനിച്ചയാള്‍ക്ക് അരിയയ്ക്ക് എന്തെങ്കിലും കുറവുണ്ടെന്നു തോന്നിയാല്‍, അതിനെ വീണ്ടും റിഡിസൈൻ ചെയ്ത് എടുക്കാനും സാധിക്കും. ഇതിന് 40,000-50,000 ഡോളര്‍ മാത്രം നല്‍കിയാല്‍ മതിയാകും. (ഏതാനും വര്‍ഷം മുമ്പ് തന്റെ ഒപ്റ്റിമസിന് ഏകദേശം 5 ലക്ഷം രൂപ മതിയെന്നായിരുന്നു മസ്‌ക് പറഞ്ഞിരുന്നത്. ഇത് അദ്ദേഹം ഏകദേശം 30 ലക്ഷം രൂപയായി 2024ല്‍ ഉയര്‍ത്തിയിരുന്നു.)
മെലഡി
സിഇഎസില്‍ റിയല്‍ബോട്ടിക്‌സ് കമ്പനി പരിചയപ്പെടുത്തിയ മറ്റൊരു ഹ്യൂമനോയിഡ് റോബട് ആണ് മെലഡി. അരിയയുടേതിന് സമാനമാണ് മെലഡിയുടെ ഇടപെടലുകളും. പക്ഷേ ഇരിക്കുന്നിടത്തു നിന്ന് മെലഡിക്ക് എഴുന്നേല്‍ക്കാന്‍ സാധിക്കില്ല. മെലഡിക്ക് വില 150,000 ഡോളര്‍ നല്‍കിയാല്‍ മതി. മെലഡിക്ക് 'ഗുമ്മു' പോരെന്നു തോന്നുന്നുണ്ടെങ്കില്‍ അതിനെയും റീമോഡല്‍ ചെയ്‌തെടുക്കാം.
ഇവയ്ക്കു പുറമെ തല മാത്രമുള്ള ഉടലില്ലാത്ത ഒരു റോബട്ടും ഉണ്ട്. അതിന് 10,000 ഡോളറാണ് വിലയിട്ടിരിക്കുന്നത്. അതിനും മറ്റുള്ളവയെ പോലെ ക്യാമറാ കണ്ണുകള്‍ ഉണ്ട്. ഒരു മുറിയില്‍ നില്‍ക്കുന്നവരെ കാണാനും ട്രാക്കു ചെയ്യാനും അതിനും സാധിക്കും. ഈ റോബട്ട് ഒറ്റ ഫുള്‍ ചാര്‍ജില്‍ 8 മണിക്കൂര്‍ പ്രവര്‍ത്തിക്കും. ആരിയ ഏകദേശം 4-6 മണിക്കൂര്‍ വരെയും ഒറ്റ ചാര്‍ജില്‍ പ്രവര്‍ത്തിക്കും.
വാങ്ങിക്കൊണ്ടുവരുന്ന സമയത്ത് ഇവയുടെ പ്രവര്‍ത്തനം അത്ര സുഗമമായി തോന്നിയില്ലെങ്കിലും വിഷമം വേണ്ട. ഇവയില്‍ എഐ എൻജിൻ ഉണ്ട്. അവ കാലക്രമത്തില്‍ മികവാര്‍ജിക്കും. ഒരോ ഇടപെടലില്‍ നിന്നും പുതിയ കാര്യങ്ങള്‍ പഠിക്കുമെന്നാണ് അവകാശവാദം. ലാസ് വേഗസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിയല്‍ബോട്ടിക്‌സ് ഇതിനോടകം 10 അരിയ റോബട്ടുകളെ വിറ്റു എന്നും പറയുന്നു.
എന്തിനാണ് ഇത്തരം റോബട്സ്?
പലര്‍ക്കും സൗഹാര്‍ദ്ദം സ്ഥാപിക്കാന്‍ ആരുമില്ലെന്ന തോന്നലുണ്ട്. ഇനി അങ്ങനെ കൂട്ടുകാരെ കണ്ടെത്തിയാല്‍ പോലും അത് സ്ഥിരമായി നിലനിര്‍ത്താന്‍ സാധിക്കുന്നില്ലെന്ന് 2023ല്‍ അമേരിക്കയില്‍ ഐക്യരാഷ്ട്ര സംഘടന നടത്തിയ പഠനം പറയുന്നു. ഇതിന് നേതൃത്വം നല്‍കിയത് ഡോ.വിവേക് മൂര്‍ത്തി ആയിരുന്നു.

ആഗോള തലത്തില്‍ തന്നെ മുതിര്‍ന്ന ആളുകളില്‍ ഒറ്റപ്പെടലും, ഉത്കണ്ഠയും, വിഷാദവും, ആത്മഹത്യ പ്രവണതയും കൂടുന്നതായി കണ്ടെത്തിയിരുന്നു. ഇവരില്‍ ധാരാളം പണമുള്ളവരും ഉണ്ട്. അത്തരക്കാര്‍ക്ക് സ്ഥിരമായി സൗഹാര്‍ദ്ദം സ്ഥാപിക്കാന്‍ സഹായിക്കുന്നതെന്ന നിലയിലാണ് അരിയയും മെലഡിയുമൊക്കെ എത്തുന്നത്.
മറ്റ് ഉപയോഗങ്ങള്‍
ഹോട്ടലുകള്‍, ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളില്‍ റിസെപ്ഷനസ്റ്റുകളാക്കാം. കസിനോകളിലെ കിയ്സോക്കുകളില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുകളായും സ്ഥാപിക്കാം. ചടങ്ങുകള്‍ നടക്കുന്നിടത്തു വച്ചാല്‍ അതിഥികള്‍ക്കും മറ്റും വേണ്ട വിവരങ്ങള്‍ നല്‍കാനും സാധിക്കുമെന്നും പറയുന്നു. എന്നാല്‍, അതിനൊക്കെ ഒരു ചെറിയ കംപ്യൂട്ടറും, വെബ്ക്യാമും എന്തെങ്കിലും എഐ പ്രോഗ്രാമും ഒക്കെ പോരേ എന്നൊന്നും ചോദിക്കരുത്. കാശുള്ളവര്‍ക്ക് അതു ചിലവിടാനും വേണ്ടേ മാര്‍ഗങ്ങള്‍?