ലഹരിയാകുന്ന ലൈക്കുകൾ, സോഷ്യൽ മീഡിയയിൽ കമന്റിട്ട് ആനന്ദിക്കുന്നതിലെ രഹസ്യം

Mail This Article
നേരംപോക്കിനായി വെറുതേ ചെയ്തു ചെയ്താണ് പല ശീലങ്ങളും ദുശീലങ്ങളായി മാറുന്നത്. പുതിയ കാലത്തിന്റെ പ്രധാന ശീലമായി സോഷ്യല്‍ മീഡിയ മാറിക്കഴിഞ്ഞു. അതു വെറും ശീലമല്ല ,നമ്മുടെ ജീവിതത്തെ മോശമായി സ്വാധീനിക്കുന്ന ദുശീലമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സോഷ്യല്‍മീഡിയ ഉപയോഗം നിര്‍ത്തിയാല്‍ എന്തൊക്കെ മാറ്റങ്ങളാണ് നമ്മുടെ മസ്തിഷ്കത്തിനുണ്ടാവുകയെന്നാണ് ഗവേഷകര്‍ പഠനത്തിലൂടെ തെളിയിച്ചിരിക്കുന്നത്.
ഫേസ്ബുക്കോ ഇന്‍സ്റ്റഗ്രാമോ ട്വിറ്ററോ യുട്യൂബോ സ്ഥിരമായി നോക്കാത്തവര്‍ കുറവായിരിക്കും. പലര്‍ക്കും ജോലിയുടെ ഭാഗമായി തന്നെ ഇത്തരം സോഷ്യല്‍മീഡിയ വെബ് സൈറ്റുകള്‍ നോക്കേണ്ടി വരാറുണ്ട്. നേരംപോക്കായി തുടങ്ങുകയും പിന്നീട് ഒഴിവാക്കാനാവാത്ത ദുശീലമായി പലര്‍ക്കും സോഷ്യല്‍മീഡിയ വെബ്സൈറ്റുകളിലെ അനന്തമായ ഈ അലച്ചില്‍ മാറിയിട്ടുണ്ട്.

ഓരോരുത്തരും കൂടുതല്‍ സമയം ചിലവഴിക്കുന്ന കണ്ടന്റ് വിരല്തുമ്പിലേക്കെത്തിക്കുന്ന ഇത്തരം സോഷ്യല്‍മീഡിയ വെബ് സൈറ്റുകള്‍ നമ്മുടെ ചിന്തകളിലും പ്രവൃത്തിയിലുമെല്ലാം സ്വാധീനം ചെലുത്തുന്നുമുണ്ട്. സോഷ്യല്‍മീഡിയയെ ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്തിയാല്‍ നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാവും?
ഡോപമീനെ സ്വാധീനിക്കും
നമ്മുടെ മസ്തിഷ്കത്തിലെ സന്തോഷത്തിന്റെ ഹോര്‍മോണായ ഡോപമിനെ നേരിട്ടു സ്വാധീനിക്കാന്‍ സോഷ്യല്‍മീഡിയക്കു സാധിക്കുമെന്നാണ് ദുശീലങ്ങളെക്കുറിച്ച് സവിശേഷ പഠനം നടത്തുന്ന അന ലെംകേ(Ana Lembke) പറയുന്നത്. സോഷ്യല്‍മീഡിയ മനുഷ്യരില്‍ ലഹരിയായി പടരുന്നതിനെതിരെ ഡോപ്പമിന്‍ നേഷന്‍: ഫൈന്‍ഡിങ് ബാലന്‍സ് ഇന്‍ ദ ഏജ് ഓഫ് ഇന്‍ഡള്‍ജന്‍സ് എന്ന പേരില്‍ ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം നമ്മുടെ ചിത്രങ്ങള്‍ക്കോ പോസ്റ്റിനോ ലഭിക്കുന്ന ലൈക്കുകള്‍ പോലും ഡോപമിന്‍ വര്‍ധിപ്പിക്കുന്നുവെന്നാണ് അന വിശദീകരിക്കുന്നത്.
സോഷ്യല്‍മീഡിയയില്‍ ഒരുപാടു സമയം ചിലവഴിക്കുമ്പോള്‍ നമ്മുടെ ഡോപമിന്‍ സംതുലന നില താറുമാറാവുകയാണ് ചെയ്യുന്നത്. സോഷ്യല്‍മീഡിയയില്‍ നിന്നും ഇടവേള എടുക്കുന്നതുവഴി ഡോപമിന്റെ സംതുലിതാവസ്ഥ വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് അന പറയുന്നത്. നാല് ആഴ്ച്ച സോഷ്യല്‍മീഡിയയില്‍ നിന്നും ഇടവേളയെടുത്തു നോക്കാനാണ് അന നിര്‍ദേശിക്കുന്നത്. എങ്കിലും ഏതാനും ദിവസങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിന്നും മാറി നില്ക്കുമ്പോഴേക്കും അത് നമ്മുടെ ശരീരത്തില്‍ ചെലുത്തിയിരുന്ന സ്വാധീനം തിരിച്ചറിയാനാവുകയും ചെയ്യും.
ആത്മവിശ്വാസം വർദ്ധിപ്പിച്ച പഠനം

10നും 19നും ഇടക്കു പ്രായമുള്ള 65 പെണ്‍കുട്ടികളില്‍ സോഷ്യല്‍മീഡിയയില്‍ നിന്നും മൂന്നു ദിവസത്തെ ഇടവേള എടുക്കുന്ന ഒരു പഠനം നടത്തിയിരുന്നു. ഈ കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിച്ചുവെന്നാണ് പഠനം കാണിച്ചത്. സോഷ്യല്‍മീഡിയയില്‍ നിന്നും മാറി നില്‍ക്കുന്നവരും ആദ്യ ദിവസങ്ങളില്‍ മറ്റെല്ലാ ദുശീലങ്ങളിലുമുള്ളതു പോലെ അധിക മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കാറുണ്ട്. എന്നാല്‍ ദിവസങ്ങള്‍ കഴിയും തോറും ഇത് കുറഞ്ഞു വരികയും ചെയ്യും.
ഈ പഠനത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ക്ക് സോഷ്യല്‍മീഡിയയില്‍ നിന്നും മാറി നിന്നപ്പോള്‍ മനുഷ്യരുമായുള്ള ബന്ധം കുറഞ്ഞതുപോലെയുള്ള തോന്നലും ഉണ്ടായെന്ന് സാറ വൂഡ്റഫ് പറയുന്നു. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ദ സോഷ്യല്‍ മീഡിയ ഡീട്ടോക്സ് എന്ന പഠനത്തിന്റെ സഹ രചയിതാവാണ് സാറ.
കുറച്ചാലും മതിയോ?
പഠനത്തിന്റെ ഭാഗമായി ഇവര്‍ 31 ചെറുപ്പക്കാര്‍ക്കിടയിലും പഠനം നടത്തിയിരുന്നു. രണ്ട് ആഴ്ച്ച സോഷ്യല്‍മീഡിയ ഉപയോഗം ദിവസം അര മണിക്കൂറായി പരിമിതപ്പെടുത്തിയായിരുന്നു പഠനം. നമ്മള് സോഷ്യല്‍മീഡിയയില്‍ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നതെന്നും അത് എത്രത്തോളം ഗുണമുണ്ടെന്നും പരിശോധിക്കേണ്ട സമയമായി എന്നാണ് സാറ ഓര്‍മിപ്പിക്കുന്നത്. സോഷ്യല്‍മീഡിയ ഉപയോഗം പരിമിതപ്പെടുത്തുക മാത്രമാണ് ഇതൊരു ദുശീലമായി ആരോഗ്യ പ്രശ്നങ്ങളിലേക്കും സ്വഭാവ വൈകല്യങ്ങളിലേക്കും നയിക്കുന്നതില്‍ നിന്നും രക്ഷ നേടാനുള്ള മാര്‍ഗമെന്നും സാറയുടെ പഠനവും പറയുന്നു.