ADVERTISEMENT

ഇനി മുതല്‍ പുതിയ സിം കാര്‍ഡ് എടുക്കേണ്ടവര്‍ വെറുതെ ഫോം പൂരിപ്പിച്ചു നല്‍കിയാല്‍ മാത്രം പോര. മറിച്ച് ആധാര്‍-കേന്ദ്രീകൃത ബയോമെട്രിക്ക് വേരിഫിക്കേഷനും നടത്തണം എന്നാണ് കേന്ദ്ര ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അല്ലാതെ എടുക്കുന്ന കണക്ഷനുകള്‍ ഉപയോഗിച്ച് തട്ടിപ്പുകള്‍ നടത്തുന്നു എന്ന നിഗമനമാണ് പുതിയ തീരുമാനത്തിനു പിന്നില്‍. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പിന്തുണ നേടിയ ഈ നീക്കം പുതിയ നിര്‍ദേശം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സിന് (ഡോട്ട്) കൈമാറി. പുതിയ മാനദണ്ഡം ഉടന്‍ പ്രാബല്യത്തില്‍ വരും. 

തട്ടിപ്പുകൾ കുറയ്ക്കാം

ടെലികോം മേഖലയില്‍ നടത്തിയ അവലോകനത്തിന്റെ ഫലമാണ് പുതിയ നിര്‍ദ്ദേശം. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്ന പല ഫോൺ നമ്പറുകളും വ്യാജ സിമ്മുകള്‍ ഉപയോഗിച്ചാണ് നടത്തുന്നതെന്ന് കണ്ടെത്തിയിരുന്നു. സിം കാര്‍ഡുകള്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് വേരിഫിക്കേഷനു കീഴില്‍ കൊണ്ടുവരിക വഴി തട്ടിപ്പുകള്‍ കുറയ്ക്കാനായേക്കുമെന്നാണ് പ്രതീക്ഷ.

Representative Image. Photo credit : Pheelings media/ Shutterstock.com
Representative Image. Photo credit : Pheelings media/ Shutterstock.com

ഇനി വ്യാജ ഡോക്യുമെന്റുകള്‍ വാങ്ങി സിം വില്‍ക്കുന്ന വില്‍പ്പനക്കാര്‍ക്കെതിരെയും കടുത്ത നിയമ നടപടികള്‍ ഉണ്ടാകും. ഇക്കാര്യത്തില്‍ അധികാരികളോട് സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ഗവണ്‍മെന്റ് ടെലികോം കമ്പനികളോടും ആവശ്യപ്പെട്ടു. സൈബര്‍ തട്ടിപ്പുകാരെ കണ്ടെത്താന്‍ നിര്‍മിത ബുദ്ധി (എഐ) ടൂളുകള്‍ പ്രയോജനപ്പെടുത്താനും തീരുമാനിച്ചു. ഇത്തരം നടപടികളെല്ലാം സൈബർ തട്ടിപ്പുകള്‍ക്ക് തടയിടാനായി ഒരുക്കുന്ന കൂടുതല്‍ വിശാലമായ ചട്ടക്കൂടിന്റെ ഭാഗമാണ്. ടെലകോം മേഖലയില്‍ ശുദ്ധികലശത്തിന് വഴിവയ്ക്കുന്ന കൂടുതല്‍ നീക്കങ്ങള്‍ വഴിയെ ഉണ്ടായേക്കും. 

മൊബൈല്‍ മേഖലയിലെ ഇടപാടുകള്‍ക്ക് കൂടുതല്‍ സുതാര്യത

ആധാര്‍-അധിഷ്ഠിത ബയോമെട്രിക് വേരിഫിക്കേഷന്‍ വരുമ്പോള്‍ ഓണ്‍ലൈന്‍ ഫ്രോഡുകള്‍ ഗണ്യമായി കുറയുമെന്നാണ് ഗവണ്‍മെന്റ് പ്രതീക്ഷിക്കുന്നത്. അതിനു പുറമെ സിം വില്‍പ്പനയെക്കുറിച്ച് കൂടുതല്‍ ആധികാരികമായ വിവരങ്ങളും ഗവണ്‍മെന്റിന്റെ പക്കല്‍ എത്തും. അതും മൊബൈല്‍ മേഖലയിലെ ഇടപാടുകള്‍ക്ക് കൂടുതല്‍ സുതാര്യത കൊണ്ടുവന്നേക്കും. 

രാജ്യത്തെ മൊബൈല്‍ നെറ്റ്‌വര്‍ക്കുകളില്‍ തമ്പടിച്ചിരിക്കുന്ന ക്രിമിനലുകള്‍ ഇതോടെ കൊഴിഞ്ഞു പോകാന്‍ ആരംഭിച്ചേക്കും. ഇനി സിം കാര്‍ഡ് വേണമെന്നുള്ളവര്‍ ബയോമെട്രിക് വേരിഫിക്കേഷന്‍ നടത്തിയിരിക്കണം. മറ്റൊരു ഡോക്യുമെന്റ് നല്‍കിയാലും സിം ലഭിക്കില്ല. ഇതിനു പുറമെ ഒരു കമ്യൂണിക്കേഷന്‍ പാര്‍ട്ണര്‍ പോര്‍ട്ടലും സ്ഥാപിക്കും. സൈബര്‍ തട്ടിപ്പിന് ഇടയായവര്‍ക്ക് പരാതികള്‍ ഇതുവഴി സമര്‍പ്പിക്കാം. മോഷ്ടിക്കപ്പെട്ട ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും ഇത് പ്രയോജനപ്പെടുത്താം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com