ADVERTISEMENT

ഐഫോണ്‍ നിര്‍മാതാവ് ആപ്പിളിനെതിരെ കേസുമായി ഉപയോക്താക്കള്‍ കോടതിയിലെത്തിയതായി റിപ്പോർട്ടുകൾ. ആപ്പിള്‍ വാച്ച് ബാന്‍ഡുകളില്‍ 'രാസവസ്തുക്കളുടെ' (forever chemicals) സാന്നിധ്യം വലിയ അളവില്‍, കണ്ടെത്തിയെന്നും അത് ക്യാന്‍സര്‍ വരുത്താന്‍ ഇടവരുത്തുമെന്നുമാണ് പരാതിക്കാര്‍ കോടതിയോട് പറഞ്ഞിരിക്കുന്നത്.

ബാന്‍ഡുകളില്‍ കണ്ടെത്തിയ പെര്‍ഫ്‌ളുവോആല്‍കില്‍ (Perfluoroalkyl) ആന്‍ഡ് പോളിഫ്‌ളുറോആകില്‍ (polyfluoroalkyl) സബ്‌സ്റ്റന്‍സസ് (പിഎഫ്എഎസ്) കെമിക്കലുകള്‍ നിര്‍മാണ മേഖലയില്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്നതാണെന്നാണ് യാഥാർഥ്യം. 

ഫോര്‍എവര്‍ കെമിക്കല്‍സ്

 തുണിത്തരങ്ങള്‍, നോണ്‍സ്റ്റിക് പാത്രങ്ങള്‍ എന്നിവ മുതല്‍ സൗന്ദര്യ വര്‍ദ്ധകവസ്തുക്കള്‍ വരെ നിര്‍മിച്ചെടുക്കാന്‍ പിഎഫ്എഎസ് കെമിക്കലുകള്‍ ഉപയോഗിക്കുന്നു. ഇവ ശരീരത്തില്‍ കടന്നാലോ, പ്രകൃതിയിലേക്ക് തിരിച്ചെത്തിയാലോ നശിപ്പിക്കപ്പെടുന്നില്ല എന്നതിനാലാണ് അവയെ നിത്യ രാസവസ്തുക്കള്‍ എന്ന വിവരണം ഉപയോഗിച്ച് വിശേഷിപ്പിക്കുന്നത്. ഇവ ജന്മവൈകല്യങ്ങള്‍, പ്രൊസ്റ്റേറ്റ്, കിഡ്‌നി, ടെസ്റ്റിക്യുലര്‍ ക്യാന്‍സറുകള്‍ മുതല്‍ വന്ധ്യത വരെയുള്ള പല രോഗാവസ്ഥകളിലേക്കു നയിച്ചേക്കാമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

Apple-Watch-Titanium-JPG

സ്പോർട്സ് ബാൻഡുകൾക്കെതിരെയും

കലിഫോര്‍ണിയ നോര്‍തെണ്‍ ഡിസ്ട്രിക്ട് കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞിരിക്കുന്നത് ആപ്പിള്‍ വാച്ചിനൊപ്പം ഷിപ് ചെയ്യുന്ന ദ് സ്‌പോര്‍ട് ബാന്‍ഡ്, ദ് ഓഷന്‍ ബാന്‍ഡ്, നൈക്കി ബ്രാന്‍ഡഡ് ആയ വാച്ചിനൊപ്പം ലഭിക്കുന്ന ദ് നൈക്കി സ്‌പോര്‍ട് ബാന്‍ഡ് എന്നിവ അടക്കം 22 വാച്ച് ബാന്‍ഡുകളിലാണ് പിഎഫ്എഎസ് കെമിക്കലുകള്‍ കണ്ടെത്തിയിരിക്കുന്നത്. 

അമേരിക്കയില്‍നിന്നു വാങ്ങിയ 22 വാച്ച് ബാന്‍ഡുകളില്‍ നടത്തിയ പഠനത്തിലെ കണ്ടെത്തലുകളാണ് ആപ്പിളിനെതിരെ കേസുകൊടുക്കാന്‍ ഉപയോക്താക്കളെ പ്രേരിപ്പിച്ചത്. ഇവയില്‍ 15 എണ്ണത്തില്‍ പിഎഫ്എഎസ് കെമിക്കലുകള്‍ കണ്ടെത്തിയത്രെ. ഇവയില്‍ ചിലത് ആപ്പിള്‍ തന്നെ നിര്‍മിച്ചവയും, ചിലത് ആപ്പിള്‍ വാച്ച് നൈക്കിക്ക് ഒപ്പം ലഭിക്കുന്നവയുമാണ്. 

ആപ്പിളിന് പറയാനുള്ളത്

പ്രശ്‌നം കണ്ടെത്തിയ തങ്ങള്‍ വിറ്റ മൂന്ന് ബാന്‍ഡുകളും ഫ്‌ളൂറോഎലാസ്‌റ്റൊമെറില്‍ (fluoroelastomer) നിന്ന് ഉണ്ടാക്കിയതാണ് എന്ന് ആപ്പിള്‍ പറയുന്നു. ഫ്‌ളൂറിന്‍ (fluorine) അടങ്ങുന്ന സിന്തറ്റിക് റബര്‍ ആണ് ഇത്. ഇക്കാര്യത്തെക്കുറിച്ച് ആരാഞ്ഞ ഡെയ്​ലിമെയിലിന് നല്‍കിയ മറുപടിയില്‍, തങ്ങള്‍ വിറ്റുവന്ന ബാന്‍ഡുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നും കമ്പനി അവകാശപ്പെട്ടു. 

Apple-Watch-2-JPG

 വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളെല്ലാം തങ്ങള്‍ തന്നെ കര്‍ശന പരിശോധനകളിലൂടെ കടത്തിവിടുന്നു. അതിനു പുറമെ സ്വതന്ത്ര ലാബുകളിലും പരിശോധിപ്പിക്കുന്നു. ഇങ്ങനെ വിശകലനം ചെയ്ത് സുരക്ഷിതമാണെന്ന് ഉറപ്പിച്ച വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച ഉല്‍പ്പന്നങ്ങളാണ് തങ്ങള്‍ വില്‍ക്കുന്നതെന്നും ആപ്പിൾ പറയുന്നു.

ഇതെല്ലാം ആപ്പിള്‍ ബാന്‍ഡുകളുടെ കാര്യത്തിലും ബാധകമാണെന്ന് ആപ്പിള്‍ അവകാശപ്പെട്ടു. എന്നാല്‍, ബാന്‍ഡുകളില്‍ ക്യാന്‍സര്‍ വരുത്തിയേക്കാവുന്ന രാസവസ്തുക്കള്‍ ഉണ്ടെന്ന് അറിയാമായിരുന്നിട്ടും, അവ ബോധപൂര്‍വ്വം മറച്ചുവച്ചു വിറ്റു എന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. 

ആരോഗ്യ പരിപാലനത്തിന് ഉത്തമം എന്നൊക്കെ പറഞ്ഞാണ് ആപ്പിള്‍ വാച്ച് വില്‍ക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇവയില്‍ പിഎഫ്എഎസ് രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നു എന്ന കാര്യം അവ വാങ്ങാനെത്തുമ്പോഴൊ മറ്റേതെങ്കിലും സന്ദര്‍ഭത്തിലോ ആപ്പിള്‍ പറഞ്ഞിട്ടില്ല, പരാതിക്കാര്‍ പറയുന്നു. അണിയുന്നവരുടെ സുരക്ഷയും പ്രകൃതിക്കു വരുത്തിയേക്കാവുന്ന പ്രശ്‌നങ്ങളും പരിഗണിച്ച് ഇവയുടെ വില്‍പ്പന ആപ്പിളിന് ഒഴിവാക്കാമായിരുന്നു. 

അതിനു പകരം ആരോഗ്യ പരിപാലനം, ശാരീരിക സൗഖ്യം തുടങ്ങിയ പ്രചാരണ പദങ്ങള്‍ ഉപയോഗിച്ച് ഇതു വിറ്റുവന്നത് വഞ്ചന ആയിരുന്നു എന്നും, ഇത് ഉപഭോക്തൃസംരക്ഷണ നിയമങ്ങള്‍ ഉപയോഗിച്ച് ശിക്ഷിക്കപ്പടേണ്ട കേസ് ആണെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. ഇത് കലിഫോര്‍ണിയയുടെ നിയമ പ്രകാരം കുറ്റകരമാണ്, അവര്‍ പറയുന്നു. ഈ കേസില്‍ ഒരു ക്ലാസ് സര്‍ട്ടിഫിക്കേഷന്‍ വേണമെന്നും വാദികള്‍ പറയുന്നു. 

അതിനു പുറമെ പിഎഫ്എഎസ് രാസവസ്തുക്കള്‍ ഉണ്ടെന്ന് കണ്ടെത്തിയ വാച്ച് ബാന്‍ഡുകളുടെ വില്‍പ്പന ഉടന്‍ നിറുത്തിവയ്ക്കണമെന്നും പരാതിക്കാര്‍ പറയുന്നു. നോത്രദാം (Notre Dame) യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനമാണ് ടെക്‌നോളജി ഭീമന്‍ ആപ്പിളിനെ വിവാദത്തിലേക്ക് വലിച്ചിഴച്ചിരിക്കുന്നത്.

അമേരിക്കയിലെ 21 ശതമാനം മുതിര്‍ന്നവരും സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിക്കുന്നു എന്നും അവ ദിവസവും ശരാശരി 11 മണിക്കൂര്‍ വരെ അണിയപ്പെടുന്നു എന്നും പഠനം പറയുന്നു. ബാന്‍ഡുകളില്‍ പിഎഫ്എഎസ് രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത് അവ ത്വക്കിലെ വിയര്‍പ്പും, എണ്ണമയവും, ലോഷനുകളുമൊക്കെയായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ കേടുവരാതിരിക്കാനാണ് എന്നാണ് അനുമാനം. 

പൊതുവെ പിഎഫ്എഎസ് രാസവസ്തുക്കള്‍ ശരീരത്തിനുള്ളിലെത്തുന്നത് അവ വിഴുങ്ങുകയോ, ശ്വസിക്കുകയോ ചെയ്യുമ്പോഴാണ്. എന്നാല്‍, പുതിയ പഠന പ്രകാരം പിഎഫ്എഎസ് രാസവസ്തുക്കള്‍ അടങ്ങുന്ന സ്ട്രാപ്പുകളും മറ്റും സ്ഥിരമായി ത്വക്കിനോട് ഒട്ടി നില്‍ക്കുക വഴിയും അവ ആഗീരണം ചെയ്യപ്പെടുകയും ഉള്ളിലെത്തുകയും ചെയ്യാമെന്നാണ്. എന്നാല്‍, ഇത് സാധാരണമായി സംഭവിക്കാറുണ്ടോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് വേറെ ചില ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

പക്ഷെ, രണ്ട് പിഎഫ്എഎസ് രാസവസ്തുക്കള്‍ ത്വക് വഴി (dermal) എളുപ്പത്തില്‍ ഉള്ളിലെത്താമെന്ന് ഒരു യൂറോപ്യന്‍ റീസേര്‍ച് ഗ്രൂപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന്, പ്രബന്ധത്തിന്റെ മുഖ്യ രചയിതാവ് അലിസാ വിക്‌സ് ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, തങ്ങള്‍ നടത്തിയ പ്രാഥമിക പഠനം അറിയപ്പെടുന്ന 14,000 പിഎഫ്എഎസ് രാസവസ്തുക്കളില്‍ 20 എണ്ണം ഉണ്ടോ എന്നു മാത്രമെ കണ്ടെത്താന്‍ ശ്രമിച്ചിട്ടുളളു എന്നും അലിസ പറയുന്നു. എന്നാല്‍, പിഎഫ്എഎസ് രാസവസ്തുക്കള്‍ ത്വക് വഴി ഉള്ളിലെത്തുന്നത് എങ്ങനെയാണ് എന്ന് അറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും അലിസ പറയുന്നു. 

apple-watch

അതേസമയം, ഇപ്പോള്‍ ആപ്പിളിനെതിരെ സമര്‍പ്പിച്ചിരിക്കുന്ന ക്ലാസ്-ആക്ഷന്‍ കേസില്‍ ഒപ്പുവച്ചിരിക്കുന്നവരെല്ലാം പറയുന്നത്, സ്ഥിരമായി ആപ്പിള്‍ വാച്ച് അണിഞ്ഞതിനാല്‍ തങ്ങളുടെ ത്വക് പിഎഫ്എഎസ് രാസവസ്തുക്കള്‍ വലിച്ചെടുത്തു എന്നാണ്. കൂടാതെ, വിയര്‍പ്പ് ഉള്ള ഉള്ളപ്പോള്‍ കൂടുതല്‍ പിഎഫ്എഎസ് രാസവസ്തുക്കള്‍ ഉള്ളില്‍ ചെന്നേക്കാമെന്നും ആരോപിക്കപ്പെടുന്നു.

വാല്‍ക്കഷണം

ആപ്പിളിന്റെ വാച്ച് ബാന്‍ഡുകളെക്കുറിച്ചുള്ള ആരോപണം ശരിയാണെങ്കില്‍ വില കുറഞ്ഞ സ്മാര്‍ട്ട് വാച്ചുകളുടെ അവസ്ഥ എന്തായിരിക്കും എന്ന് പഠിക്കേണ്ടതല്ലേ?

English Summary:

Apple Watch bands are being sued for containing cancer-causing "forever chemicals." A class-action lawsuit alleges Apple knowingly concealed the presence of PFAS in its watch bands, raising serious health concerns.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com