ADVERTISEMENT

അമ്പരപ്പിക്കുന്ന ശാസ്ത്ര പുരോഗതിക്ക് സാധ്യതയും ഏറെ ഗവേഷണങ്ങളും നടക്കുന്ന മേഖലകളാണ് റോബടിക്‌സും നിര്‍മിത ബുദ്ധിയും. ഭാവിയില്‍ കൂടുതല്‍ കൂടുതല്‍ മനുഷ്യ ജീവിതത്തില്‍ നിര്‍മിത ബുദ്ധിയും റോബടിക്‌സുമെല്ലാം സ്വാധീനം ചെലുത്തുമെന്ന കാര്യത്തിലും തര്‍ക്കമില്ല. യുദ്ധവും രക്ഷാപ്രവര്‍ത്തനവും അടക്കമുള്ള പ്രതിസന്ധികളില്‍ മനുഷ്യരേക്കാള്‍ ഡ്രോണുകളേയും റോബട്ടുകളെയുമെല്ലാം ഇപ്പോള്‍ തന്നെ ഉപയോഗിക്കുന്നുണ്ട്. മനുഷ്യരേക്കാള്‍ മെച്ചപ്പെട്ട കാഴ്ച്ചയുള്ള റോബട്ടുകള്‍ ഭാവിയില്‍ എത്തുമെന്ന സൂചനകളാണ് ഗവേഷകര്‍ നല്‍കുന്നത്.

മോശം കാലാവസ്ഥകളില്‍ മികച്ച കാഴ്ച്ചയുള്ള റോബട്ടുകളെ ഒരുക്കുകയെന്നത് എക്കാലത്തും ശാസ്ത്രലോകത്തിനു മുന്നിലെ വെല്ലുവിളിയായിരുന്നു. ഈ ലക്ഷ്യത്തിലേക്കായി പാനോ റഡാര്‍ എന്ന പുതിയ സംവിധാനം തന്നെ വികസിപ്പിച്ചെടുത്തിരിക്കുകയാണ് പെന്‍സില്‍വാനിയ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്റ് അപ്ലൈഡ് സയന്‍സ് സര്‍വകലാശാലയിലെ ഗവേഷകരുടെ സംഘം. സാധാരണ റേഡിയോ തരംഗങ്ങളെ ഉപയോഗിച്ച് ചുറ്റുമുള്ള പരിസ്ഥിതിയുടെ വിപുലമായ 3ഡി കാഴ്ച്ചയൊരുക്കുന്ന സംവിധാനമാണ് 'പനോറഡാര്‍'.

സഹായകമാകുക റേഡിയോ തരംഗങ്ങള്‍

മോശം കാലാവസ്ഥയിലും മികച്ച കാഴ്ച്ച എങ്ങനെ റോബട്ടുകള്‍ക്ക് നല്‍കാമെന്നത് റോബടിക്‌സിലെ പ്രധാന വെല്ലുവിളികളിലൊന്നായിരുന്നു. വെളിച്ചം അടിസ്ഥാനമാക്കിയിലുള്ള ക്യാമറകളും ലൈറ്റ് ഡിറ്റക്ഷന്‍ ആന്റ് റേഞ്ചിങ്(LiDAR) സംവിധാനങ്ങളുമെല്ലാം മഞ്ഞുള്ള സമയങ്ങളിലും പുകയുള്ളപ്പോഴും പരാജയമാണ്. അതേസമയം കൂടുതല്‍ തരംഗദൈര്‍ഘ്യമുള്ള റേഡിയോ തരംഗങ്ങള്‍ പുകയുടേയും മഞ്ഞിന്റേയും സാഹചര്യങ്ങളില്‍ കൂടുതല്‍ ഫലപ്രദമാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

robot-scan2 - 1
Image Credit: Canva

സമുദ്രതീരത്തെ വഴികാട്ടിയായ ലൈറ്റ് ഹൗസിന്റേതുപോലെയാണ് പാനോറഡാറിന്റെ പ്രവര്‍ത്തനം. ചുറ്റുപാടുകളെ വൃത്താകൃതിയില്‍ സ്‌കാന്‍ ചെയ്യുകയാണ് പാനോറഡാര്‍ ചെയ്യുന്നത്. പാനോറഡാറിന്റെ ഭാഗമായുള്ള ആന്റിനകള്‍ റേഡിയോ തരംഗങ്ങള്‍ ഈ സമയം പുറത്തുവിടും. ചുറ്റുമുള്ള പരിസ്ഥിതിയിലെ വസ്തുക്കളില്‍ തട്ടി റേഡിയോ തരംഗങ്ങള്‍ പ്രതിഫലിച്ചെത്തുന്നതും പാനോറഡാര്‍ പിടിച്ചെടുക്കും.

മനുഷ്യന് അസാധ്യമായ കാഴ്ചകളും കാണാനാകും

ഇന്റർനാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ മൊബൈല്‍ കംപ്യൂട്ടിങ് ആന്റ് നെറ്റ്‌വര്‍ക്കിങിലായിരുന്നു(MobiCom) ഗവേഷകര്‍ പാനോറഡാര്‍ അവതരിപ്പിച്ചത്. എഐ സാങ്കേതികവിദ്യയുടെ കൂടി സഹായത്തില്‍ പാനോറഡാര്‍ ഉപയോഗിച്ച് റോബട്ടുകള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവും. പ്രത്യേകിച്ച് പുകനിറഞ്ഞ കെട്ടിടങ്ങളിലും മൂടല്‍മഞ്ഞു നിറഞ്ഞ റോഡുകളിലുമെല്ലാം.

സാധാരണ സ്‌കാനിങ് സംവിധാനം എന്നതിനപ്പുറത്തേക്ക് പാനോറഡാറിനെ കൊണ്ടുപോവുന്നത് നിര്‍മിത ബുദ്ധിയാണ്. 360 ഡിഗ്രിയില്‍ ചുറ്റുമുള്ള പരിസ്ഥിതിയെ സ്‌കാന്‍ ചെയ്‌തെടുക്കാന്‍ പാനോറഡാറിന് സാധിക്കും. ലിഡാര്‍ സാങ്കേതികവിദ്യക്ക് സമാനമായ രീതിയില്‍ ഇമേജിങ് നടത്താന്‍ പാനോറഡാറിനാവും. പാനോറഡാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു തുടങ്ങിയാല്‍ റോബട്ടുകളുടെ കാര്യക്ഷമതയും സാധ്യതയും പിന്നെയും വര്‍ധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com