ഇലോൺ മസ്കിനും ചൈനീസ് ഡ്യൂപ്ലിക്കേറ്റ്! ടിക്ടോക്കിൽ പത്ത് ലക്ഷത്തോളം ആരാധകർ

Mail This Article
സമൂഹമാധ്യമങ്ങളിൽ വീണ്ടും ഇലോൺ മസ്കിന്റെ അപരന്റെ ചിത്രങ്ങളും വിഡിയോകളും പ്രചരിച്ചു. യീ ലോങ് മായെന്നു വിളിക്കപ്പെടുന്നയാളാണ് ഈ അപരൻ. ടിക് ടോക്കിൽ പത്തുലക്ഷത്തോളം ആരാധകരും ഇൻസ്റ്റഗ്രാമിൽ 4 ലക്ഷത്തോളം ആളുകളും ഈ അപരനെ പിന്തുടരുന്നുണ്ട്. മസ്കിന്റെ സ്റ്റൈലും രൂപഭാവങ്ങളുമൊക്കെ അനുകരിക്കാനും യീ ലോങ് മാ മിടുക്കനാണ്.
ഇലോൺ മസ്‌കുമായി വലിയ സാമ്യവും മുഖഭാവവുമുള്ള ഈ ചൈനീസ് വംശജൻ 2000–21 കാലയളവിലേ പ്രശസ്തനാണ്. ചൈനയുടെ ടിക് ടോക്കിനു സമാനമായ സാമൂഹികമാധ്യമമായ ഡൂയിനിലാണ് ഇയാളുടെ വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. വിലകൂടിയ ഒരു കാറിനു സമീപം ഇയാൾ പുഞ്ചിരിച്ചുകൊണ്ടു നിൽക്കുന്നതായിരുന്നു വിഡിയോ.
ഡീപ് ഫേക്ക് സൃഷ്ടിയാണോ?
ഡൂയിൻ കൂടാതെ ഫേസ്ബുക്കിലും ട്വിറ്ററിലും ചിത്രം തരംഗം സൃഷ്ടിച്ചു. സാക്ഷാൽ മസ്‌ക് തന്നെ ചിത്രം കണ്ട് അമ്പരന്നു പോയി. ചിലപ്പോൾ എനിക്കു ചൈനീസ് പാരമ്പര്യമുണ്ടാകുമെന്ന് മസ്‌ക് തമാശയായി ട്വീറ്റ് ചെയ്യുകയും ചെയ്തു. ചൈനയുടെ കിഴക്കൻ പ്രവിശ്യയായ സൂസോയിൽ നിന്നുള്ളയാളാണ് ഈ ഡൂപ്ലിക്കേറ്റ് മസ്‌കെന്നാണ് ആദ്യം പ്രചരിച്ച വാർത്ത. ഇലോൺ മസ്‌കിന്‌റെ മുഖ, ശരീര ഭാവങ്ങൾ ഉപയോഗിച്ചുള്ള ഒരു വ്യാജ ഡീപ് ഫേക്ക് സൃഷ്ടിയാണോ ഈ അപരനെന്നൊരു പ്രധാന സംശയം അന്നുമുതലുണ്ട്.
ആർട്ടിഫിഷ്യൽ ഇന്‌റലിജൻസ് ഉപയോഗിച്ചുള്ള ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് വിഡിയോകളിൽ യഥാർഥമെന്നു തോന്നിക്കുന്ന മാറ്റങ്ങൾ വരുത്താം. ഇക്കാര്യം സ്ഥിരീകരിക്കാനായി ഒട്ടേറെ സാങ്കേതികവിദഗ്ധർ വിഡിയോ പലവട്ടം പരിശോധിച്ചിരുന്നു. എന്നാൽ വ്യക്തമായ ഉത്തരത്തിലേക്ക് ആരും എത്തിച്ചേർന്നില്ല.
ചൈനീസ് അപരനൊരു നിഗൂഢതയാണ്
ഡ്യൂപ്ലിക്കേറ്റ് മസ്കിന്റെ വിഡിയോ ചൂടപ്പം പോലെയാണു ഷെയർ ചെയ്യപ്പെട്ടിട്ടുള്ളത്. 5 വർഷങ്ങൾക്കു ശേഷം ഇന്നും ഈ ചൈനീസ് അപരനൊരു നിഗൂഢതയാണ്.2011ൽ ഫേസ്ബുക് സ്ഥാപകൻ മാർക് സൂക്കർബർഗിനോടു സാമ്യമുള്ള ഒരു അപരനും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇസ്രയേലിൽ നിന്നുള്ള റോടെം ഗസ് എന്ന ടെക് സംരംഭകനായിരുന്നു ഈ അപരൻ. റോടെം ഒരു പടികൂടി കടന്നു തന്‌റെ പേര് വരെ മാർക് സൂക്കർബർഗ് എന്നാക്കി മാറ്റി.
ഒരാളെപ്പോലെ ഏഴുപേരുണ്ടാകുമെന്നാണു പഴഞ്ചൊല്ല്. ഇതിൽ എത്രത്തോളം സത്യമുണ്ടെന്നറിയില്ലെങ്കിലും ലോകത്തെ പല പ്രശസ്ത വ്യക്തികൾക്കും കാർബൺ പകർപ്പെന്നു പറയാവുന്ന തരത്തിൽ അപരൻമാരുണ്ടെന്നുള്ളത് വസ്തുതയാണ്. ഡോണൾഡ് ട്രംപ്, കിം ജോങ് ഉൻ തുടങ്ങി ഒട്ടേറെപ്പേർ ഇക്കൂട്ടത്തിൽ പെടും.