മസ്ക് 'മുതലാളി'യെയും വിമർശിക്കുന്ന എഐ, ചാറ്റ് ജിപിടിയിൽനിന്ന് എന്താണ് ഗ്രോകിന് വ്യത്യാസം; വിശദമായി അറിയാം

Mail This Article
ഇലോൺ മസ്കിന്റെ എക്സ്എഐയുടെ ചാറ്റ്ബോട്ടായ ‘ഗ്രോക് 3’ എഐ അവതരിപ്പിച്ചിരിക്കുന്നു. എഐ ബോട്ടുകളെപ്പറ്റി പൊതുവെയുള്ള പരാതി ചില പ്രത്യേക കാര്യങ്ങളിൽ അഭിപ്രായം പറയാൻ മടികാണിക്കുന്നു എന്നതാണ്. ഉദാഹരണമായി ചാറ്റ്ജിപിടിയും ജെമിനിയുമൊന്നും രാഷ്ട്രീയ കാര്യങ്ങളിലും രാജ്യങ്ങൾ തമ്മിലുള്ള വിവാദങ്ങളിലും എങ്ങും തൊടാത്ത മറുപടികളായിരിക്കും നൽകുക. ചിലപ്പോഴൊക്കെ മറുപടി പറയാൻ വിസമ്മതിക്കുകയും ചെയ്യും. അതേസമയം ഡീപ്സീക് ചൈനയെക്കുറിച്ച് മിണ്ടാനേ തയാറല്ല.
എന്നാൽ എല്ലാ ഉത്തരങ്ങളും ലഭിക്കുമെന്ന അവകാശവാദവുമായി എത്തുന്ന മസ്കിന്റെ സ്വന്തം ഗ്രോക് എഐയോട് മസ്ക് ഇടപെട്ട പ്രശ്നങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും ചോദിച്ചപ്പോൾ എല്ലാം തുറന്നുപറയാൻ തയാറായി. രമണൻ സ്വന്തം മുതലാളിയെക്കുറിച്ച് പഞ്ചാബി ഹൗസിൽ പറഞ്ഞതുപോലെ പറഞ്ഞില്ലെന്നു മാത്രം മസ്കിന് ആശ്വസിക്കാം.
മസ്കിനെക്കുറിച്ച് സ്വന്തം ഗ്രോക് എഐ പറഞ്ഞ ചില 'കാര്യങ്ങൾ' പരിശോധിക്കാം. ടെസ്ലയിലെയും സ്പെയേ്സ് എക്സിലെയും തൊഴിൽ സാഹചര്യങ്ങളെപ്പറ്റി വിമർശനം ഉയർന്നതിനെപ്പറ്റി തുറന്നു പറയാൻ ഗ്രോക് തയാറായി,
ഒപ്പം അഭയാർഥികളോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് നിയമന രീതികൾക്ക് കമ്പനി വിമർശനങ്ങളും നിയമനടപടികളും നേരിട്ടിട്ടുണ്ടെന്നും ഗ്രോക് പറയുന്നു. വിവിധ ഗൂഢാലോചന സിദ്ധാന്തങ്ങൾ മസ്‌ക് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടുണ്ടെന്നും ഗ്രോക് വിമർശിക്കുന്നു.
മസ്‌കിന്റെ ട്വീറ്റുകളും പൊതു പ്രസ്താവനകളും പലപ്പോഴും പ്രകോപനപരമായിരുന്നുവെന്നും, ഇത് പൊതുജനങ്ങളുടെ പ്രതിഷേധത്തിനും നിയമ നടപടികള്‍ക്കും കാരണമായതായും ഉദാഹരണ സഹിതം ഗ്രോക് പറയുന്നു.
ജോ റോഗന്റെ പോഡ്‌കാസ്റ്റിൽ മസ്ക് കഞ്ചാവ് ഉപയോഗിച്ചത് ടെസ്‌ലയുടെ ഓഹരി വിലയിൽ ഗണ്യമായ ഇടിവിന് കാരണമായെന്നും, ഇതോടെ നേതൃത്വപരമായ കഴിവുകളെയും കമ്പനിയുടെ ഭാവിയെയും കുറിച്ച് ചോദ്യങ്ങൾ ഉയർന്നുവെന്നും ഒപ്പം. കുടുംബവുമായി ബന്ധപ്പെട്ടും നിരവധി വിവാദങ്ങളും ഉണ്ടായെന്നും ഗ്രോക് പറയുന്നു.
എന്താണ് ഗ്രോക്
∙ഇലോൺ മസ്‌ക് സ്ഥാപിച്ച എക്സ്എഐ( xAI) വികസിപ്പിച്ചെടുത്ത ഗ്രോക്, ഗ്രോക് എന്ന് പേരുള്ള ഒരു വലിയ ഭാഷാ മോഡലിനെ (LLM) അടിസ്ഥാനമാക്കിയുള്ള ഒരു എഐ ചാറ്റ്ബോട്ടാണ്.
∙വിവരങ്ങളറിയാൻ ഉപയോക്താക്കളെ സഹായിക്കുക, ബുദ്ധിയും നർമ്മവും ഉപയോഗിച്ച് ഉത്തരങ്ങൾ നൽകുക, എക്സ് പ്ലാറ്റ്‌ഫോമിലൂടെ (മുൻപ് ട്വിറ്റർ) തത്സമയ ഡാറ്റയിലേക്ക് ആക്‌സസ് നൽകുക എന്നിവയാണ് ലക്ഷ്യം.
∙ഹിച്ച്ഹൈക്കേഴ്‌സ് ഗൈഡ് ടു ദി ഗാലക്‌സിയുടെ മാതൃകയിൽ നിർമ്മിച്ച ഗ്രോക്, മറ്റ് എഐ സിസ്റ്റങ്ങൾ പലപ്പോഴും ഒഴിവാക്കുന്ന തരത്തിലുള്ള ഉത്തരം നൽകുന്നതിനും രൂപകൽപ്പന ചെയ്‌തിരിക്കുന്നുവെന്ന് കമ്പനി പറയുന്നു.
മോഡൽ സ്പെസിഫിക്കേഷനുകൾ:
ഗ്രോക്-1: 314 ബില്യൺ പാരാമീറ്റർ മിക്സ്ചർ-ഓഫ്-എക്സ്പേർട്ട്സ് (MoE) മോഡൽ, അപ്പാച്ചെ 2.0 ലൈസൻസിന് കീഴിൽ ഓപ്പൺ സോഴ്‌സിൽ പുറത്തിറക്കി. ഇത് ഏതെങ്കിലും പ്രത്യേക ടാസ്‌ക്കിനായി ഫൈൻ-ട്യൂൺ ചെയ്തിട്ടില്ല, പക്ഷേ ഒരു അടിസ്ഥാന മോഡലായി പ്രവർത്തിക്കുന്നു. MMLU സ്കോറുകളിൽ ഇത് LLaMA 2, മിക്സ്ട്രൽ എന്നിവയുൾപ്പെടെ നിരവധി ബെഞ്ച്മാർക്കുകളെ മറികടക്കുന്നു.
ഗ്രോക്-2: പ്രീമിയം ഉപയോക്താക്കൾക്കായി എക്സ് പ്ലാറ്റ്‌ഫോമിൽ ബീറ്റയിലായിരുന്നു ഈ മോഡൽ. ചാറ്റ്, കോഡിങ്, യുക്തിസഹമായ പ്രകടനം എന്നിവയോടെ ശ്രദ്ധേയമാണ്, ചില ബെഞ്ച്മാർക്കുകളിൽ ക്ലോഡ് 3.5 സോണറ്റ്, GPT-4-ടർബോ പോലുള്ള എതിരാളികളെക്കാൾ മുൻനിര പതിപ്പുകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഗ്രോക് 3: ഭൂമിയിലെ ഏറ്റവും സ്മാർട്ടായ എഐ’ എന്നാണു ഗ്രോക് 3ക്ക് മസ്ക് നൽകിയിരിക്കുന്ന വിശേഷണം.
