ADVERTISEMENT

ശാസ്ത്രത്തിനും മനുഷ്യ സമൂഹങ്ങള്‍ക്കും വമ്പന്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കെല്‍പ്പുള്ള ക്വാണ്ടം കംപ്യൂട്ടറുകളുടെ സൃഷ്ടി വേഗത്തിലാക്കാനുള്ള  ശ്രമം വിജയിക്കുകയാണെന്ന് ടെക്‌നോളജി ഭീമന്‍ മൈക്രസോഫ്റ്റ്. ആശ്രയിക്കാവുന്ന ക്വാണ്ടം കംപ്യൂട്ടറുകളുടെ സൃഷ്ടി എന്നത് അടുത്തിടെ വരെ  വിദൂര സ്വപ്‌നം മാത്രമായിരുന്നു എന്ന് കമ്പനി പറയുന്നു. എന്നാല്‍, ഇക്കാര്യത്തിൽ പുരോഗതി കൈവരിച്ചതായും മൈക്രോസോഫ്റ്റ്.

മൂന്ന് അവസ്ഥകളിലാണ് വസ്തുക്കള്‍ സ്ഥിതിചെയ്യുന്നതെന്ന് താഴ്ന്ന ക്ലാസുകളില്‍ തന്നെ നാം പഠിക്കുന്നു.ഖരം, ദ്രവം, വാതകം. തങ്ങള്‍ അവയ്ക്കു പുറമെ ഒരു അവസ്ഥ കൂടെ സൃഷ്ടിച്ചു എന്ന് അവകാശപ്പെട്ടിരിക്കുകയാണ് മൈക്രോസോഫ്റ്റ്. കരുത്തേറിയ ക്വാണ്ടം കംപ്യൂട്ടറുകള്‍ നിര്‍മ്മിച്ചെടുക്കുന്നതടക്കം പല കാര്യങ്ങള്‍ക്കും ഇത് വഴിയൊരുക്കുമെന്നാണ് അവകാശവാദം. പുതിയ തരം ബാറ്ററികള്‍, മരുന്നുകള്‍, നിര്‍മിത ബുദ്ധി തുടങ്ങി ഒട്ടേറെ കാര്യങ്ങളിലേക്ക് നൂതനത്വം എത്തിക്കുന്നത് ത്വരിതഗതിയിലാക്കാന്‍ ഈ കണ്ടെത്തലിനു കഴിയുമെന്നാണ് നിഗമനം. 

quantum-computer-jpeg

തങ്ങള്‍ ടോപൊളോജിക്കല്‍ ക്വിബിറ്റ് (topological qubit) എന്ന് അറിയപ്പെടുന്ന അവസ്ഥ സൃഷ്ടിച്ചു എന്നാണ് കമ്പനി അവകാശപ്പെട്ടിരിക്കുന്നത്. ഗണിതത്തിലെയും, ശാസ്ത്രത്തിലെയും, സാങ്കേതികവിദ്യയിലെയും പല പ്രഹേളികകളും ഇഴപിരിച്ചെടുക്കാന്‍ കെല്‍പ്പുള്ളതായിരിക്കും ഇതത്രെ. ഇതോടെ ടെക്‌നോളജി മേഖലയില്‍ കമ്പനി തങ്ങളുടെ മേല്‍ക്കോയ്മ  വര്‍ദ്ധിപ്പിച്ചിരിക്കുയാണ് എന്നും വിലയിരുത്തലുണ്ട്. നിര്‍മ്മിത ബുദ്ധിയുടെ കാര്യത്തില്‍ ഓപ്പണ്‍എഐയുടെ പിന്തുണയോടെ കമ്പനി വന്‍കുതിപ്പു നടത്തിയതിനു പിന്നാലെയാണ് പുതിയ നേട്ടവും. 

ഉന്നത ശേഷിയുള്ള ക്വാണ്ടം കംപ്യൂട്ടര്‍ നിര്‍മ്മിച്ചെടുക്കുക എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ 1980കള്‍ മുതല്‍ ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നതാണ്. അണുവിനെക്കാള്‍ ചെറിയ തരികളുടെ വിചിത്രമായ പെരുമാറ്റത്തിന് പിന്നില്‍ എന്താണ് കാരണം എന്നറിയാന്‍ ആഗ്രഹിക്കാത്ത ഫിസിസിസ്റ്റുകള്‍ ഇല്ല. അതുപോലെ തന്നെ നന്നെ തണുത്തുറഞ്ഞ വസ്തുക്കള്‍ക്ക് വരുന്ന മാറ്റത്തിന്റെ കാരണവും കണ്ടെത്താന്‍ ശാസ്ത്രലോകം ഏറെക്കാലമായി ആകാംക്ഷപൂണ്ടിരിക്കുകയാണ്. അതിനെല്ലാം ഫലപ്രദമായേക്കാം ക്വാണ്ടം കംപ്യൂട്ടറുകള്‍ എന്നാണ് കരുതപ്പെടുന്നത്. 

ഡിസംബര്‍ 2024ല്‍ ഗൂഗിള്‍ പരീക്ഷണാര്‍ത്ഥം ഒരു ക്വാണ്ടം കംപ്യൂട്ടര്‍ പരിചയപ്പെടുത്തിയിരുന്നു. കരുത്തുറ്റ സാധാരണ കംപ്യൂട്ടറുകള്‍ ഉപയോഗിച്ചാല്‍ ഒരു സെപ്റ്റില്ല്യന്‍ (septillion 1നു ശേഷം 42 അക്കങ്ങള്‍ ഉള്ള സംഖ്യ) വര്‍ഷം എടുത്തേക്കാവുന്ന പ്രഹേളികയ്ക്ക് അത് അഞ്ചു മിനിറ്റിനുള്ളില്‍ ഉത്തരം കണ്ടെത്തിയെന്നാണ് ഗൂഗിള്‍ ഗവേഷകര്‍ അവകാശപ്പെട്ടത്. എന്നാല്‍, ഗൂഗിള്‍ വികസിപ്പിച്ചുവരുന്ന സാങ്കേതികവിദ്യയെ ചാടിക്കടന്നു പോകാന്‍ കെല്‍പ്പുളളതാണ് മൈക്രോസോഫ്റ്റ് ഇപ്പോള്‍ കണ്ടെത്തി എന്നു പറയുന്ന വസ്തുവെന്ന് ഗവേഷകര്‍ പറയുന്നു. 

ഇതിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് എഞ്ചിനിയര്‍മാര്‍ ഒരു പുതിയ തരം കംപ്യൂട്ടര്‍ ചിപ്പിനുള്ളില്‍ ഒന്നിലേറെ ടോപൊളോജിക്കല്‍ ക്യുബിറ്റ്‌സ് ഉള്‍പ്പെടുത്തി എന്നാണ് റിപ്പോര്‍ട്ട്. ക്ലാസിക്കല്‍ കംപ്യൂട്ടറുകള്‍ക്ക് ശക്തിപകരുന്ന സെമികണ്‍ഡക്ടറുകളുടെയും, ക്വാണ്ടം കംപ്യൂട്ടറുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന സൂപ്പര്‍കംപ്യൂട്ടറുകളുടെയും ശക്തി സമ്മേളിപ്പിച്ചാണ് മൈക്രസോഫ്റ്റ് പുതിയ സാങ്കേതികവിദ്യ പുറത്തെടുത്തിരിക്കുന്നത് എന്നു പറയുന്നു. 

ടോപോകണ്‍ഡക്ടര്‍ മജോറാന 1 (Majorana 1) എന്നു വിളിക്കുന്ന വസ്തു സൃഷ്ടിക്കാന്‍ സാധിച്ചത് ക്വാണ്ടം കംപ്യൂട്ടറുകള്‍ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിന്റെ വേഗത പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കും എന്ന് മൈക്രസോഫ്റ്റ് അവകാശപ്പെടുന്നു.  

Microsoft logo. Photo by Eva HAMBACH / AFP

മൈക്രോസോഫ്റ്റ് പരിചയപ്പെടുത്തയത്

മജോറാന 1: ലോകത്തെ ആദ്യത്തെ ക്വാണ്ടം പ്രൊസസിങ് യൂണിറ്റ് (ക്യൂപിയു). ഇതിന് ശക്തിപകരുന്നത് ഒരു ടോപോളോജിക്കല്‍ കോര്‍ ആണ്. ഒരു ചിപ്പില്‍ ഒരു ദശലക്ഷം ക്യുബിറ്റുകള്‍ ഉള്‍പ്പെടുത്തുന്നു.

ഒരു ഹാര്‍ഡ്‌വെയര്‍-പ്രൊട്ടക്ടഡ് ടോപൊളോജിക്കല്‍ ക്യുബിറ്റ്: നെയ്ചര്‍ (https://aka.ms/MSQuantumNaturePaper) മാസികയില്‍ പ്രസിദ്ധീകരിച്ച പ്രബന്ധവും, സ്റ്റേഷന്‍ ക്യൂ (Station Q) മീറ്റിങില്‍ പുറത്തുവിട്ട ഡേറ്റയും തങ്ങള്‍ ഒരു പുതിയ വസ്തു സൃഷ്ടിച്ചത് എങ്ങനെയാണെന്ന് വിശദീകരിക്കുന്നു എന്ന് കമ്പനി പ്രസിദ്ധീകരിച്ച ബ്ലോഗില്‍ പറയുന്നു. പുതിയ തരം വസ്തു സൃഷ്ടിക്കുക വഴി മുമ്പു കണ്ടിട്ടില്ലാത്ത തരം ക്യുബിറ്റ് യാഥാര്‍ത്ഥ്യമാക്കി. ഇതാകട്ടെ ചെറുതും, വേദഗതയാര്‍ന്നതും ഡിജിറ്റല്‍ നിയന്ത്രണത്തിനു വഴങ്ങുന്നതുമാണ്. 

ആശ്രയിക്കാവുന്ന ക്വാണ്ടം കംപ്യൂട്ടേഷനുള്ള ഡിവൈസ് റോഡ്മാപ്-ഒറ്റ ക്യുബിറ്റ് ഉപകരണങ്ങളില്‍ നിന്ന് ശ്രേണികളായി പ്രവര്‍ത്തിപ്പിക്കാവുന്നവ സൃഷ്ടിക്കാനും ക്വാണ്ടം എറര്‍ കറക്ഷന്‍ നടത്താനുമുള്ള ശ്രമം.

ടോപൊളോജിക്കല്‍ ക്യുബിറ്റ്‌സ് കേന്ദ്രമായി ലോകത്തെ ആദ്യത്തെ ഫോള്‍ട്ട്-ടോളറന്റ് പ്രോട്ടോടൈപ് (fault-tolerant prototype) എഫ്ടിപി സൃഷ്ടിക്കുക. ഒരു സ്‌കെയ്‌ലബ്ള്‍ ക്വാണ്ടം കംപ്യൂട്ടര്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ (പതിറ്റാണ്ടുകള്‍ക്കുള്ളിലല്ല) നിര്‍മ്മിച്ചെടുക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും കമ്പനി പറയുന്നു. ഗവേഷണം ഡിഫന്‍സ് അഡ്‌വാന്‍സ്ഡ് റീസേര്‍ച് പ്രൊജക്ട്‌സ് ഏജന്‍സി (ഡര്‍പാ) അണ്‍ഡര്‍എക്‌സ്‌പ്ലോര്‍ഡ് സിസ്റ്റംസ് ഫോര്‍ യൂട്ടിലിറ്റി-സ്‌കെയില്‍ ക്വാണ്ടം കംപ്യൂട്ടിങ് (യുഎസ്2ക്യൂസി) പ്രൊഗ്രാമിന്റെ പരിധിയിലാണ് നടക്കുന്നതെന്നും മൈക്രോസോഫ്റ്റ് പറഞ്ഞു. 

ക്വാണ്ടം കംപ്യൂട്ടിങിലെ ഒരു അതിനിര്‍ണായക നിമിഷമാണ് ഇതെന്നാണ് കമ്പനി പറയുന്നത്. ശാസ്ത്ര ഗവേഷണങ്ങളുടെയും സാങ്കേതികവിദ്യാപരമായ മുന്നേറ്റത്തിന്റെയും ഗതി മാറ്റുന്ന തരത്തിലുള്ളതായിരിക്കും വരുന്ന മാറ്റങ്ങള്‍ എന്നാണ് കമ്പനി പറയുന്നത്.

English Summary:

Microsoft's breakthrough in quantum computing with the Majorana 1 chip, a topological qubit-based processor, promises to revolutionize technology and science. Learn about this revolutionary advancement and its implications.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com