‘ഇന്ത്യൻ വാഹന മേഖലയിൽ ഇനി എഐ തരംഗം; ഉപഭോക്താക്കളുടെ ഡേറ്റ ബിസിനസിൽ പ്രായോഗികമായി ഉപയോഗിക്കാനാകും’
Mail This Article
വിദ്യാഭ്യാസം, ആരോഗ്യം, ഇലക്ട്രിക് വാഹനങ്ങൾ, ഗതാഗതം തുടങ്ങി പഴയതും പുതിയതുമായ പല മേഖലകളിലും എഐ കൃത്യമായി ഉപയോഗപ്പെടുത്താനാകും എന്ന വിഷയമാണ് ‘ദൈനം ദിന ജീവിതത്തിലെ നിർമിതബുദ്ധിയുടെ സാധ്യതകൾ’ എന്ന പാനൽ ചർച്ചയിൽ വിശകലനത്തിനു വിധേയമായത്. ഉപഭോക്താക്കളുടെ ഡേറ്റയുടെ വലിയ ശേഖരം ഉള്ള കമ്പനികൾക്ക് ഇവ കൂടുതൽ സുക്ഷ്മമായും കൃത്യമായും മനസ്സിലാക്കി ബിസിനസിൽ പ്രായോഗികമായി ഉപയോഗിക്കാനാകും. അത് ഉപഭോക്താക്കൾക്കു വേണ്ടിത്തന്നെ ഉപയോഗപ്പെടുത്താനും സാധിക്കുമെന്ന നിഗമനത്തിലേക്കും ചർച്ചയെത്തി. സുബ്രത് പാനി (വൺ അസിസ്റ്റ് സഹസ്ഥാപകൻ), റിഷാഭ് നാഗ് (ഹ്യുമൻലി സഹസ്ഥാപകൻ), സാബു ജോണി (ഇവിഎം ഗ്രൂപ് മാനേജിങ് ഡയറക്ടർ), ഡോ. ഗിരീഷ് എസ്. പതി (ജെയിൻ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ), ജിജിമോൻ ചന്ദ്രൻ (ആക്സിയ ടെക്നോളജീസ് സ്ഥാപകൻ, സിഇഒ) എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
∙ ഇലക്ട്രിക് വാഹന മേഖലയിൽ 2025 പകുതിക്കു ശേഷം വലിയ മാറ്റങ്ങൾ വരും: സാബു ജോണി
ഇന്ത്യൻ വാഹന മേഖലയിൽ വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. നേരത്തേ അതിന് ഏറെ സമയം എടുത്തിരുന്നുവെങ്കിൽ എഐയുടെ വരവോടെ അതിവേഗത്തിലാണ് മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ അതിവേഗം കാര്യങ്ങൾ മാറി. അടുത്ത രണ്ട് വർഷത്തിനുള്ളിൽ കാര്യങ്ങൾ പൂർണമായി മാറും. നിങ്ങളുടെ വിരൽത്തുമ്പിൽ ഒരു വാഹനത്തിന്റെ മാറ്റങ്ങൾ മുഴുവൻ വരുത്താൻ സാധിക്കുന്ന കാലമാണ് ഇപ്പോൾ. വാഹനങ്ങൾ നമ്മുടെ സഹയാത്രികരായി മാറുന്ന കാലമാണിതെന്നും ഇവിഎം ഗ്രൂപ് മാനേജിങ് ഡയറക്ടറായ സാബു ജോണി.
ഇലക്ട്രിക് വാഹന മേഖലയിൽ 2025 പകുതിക്കു ശേഷം വലിയ മാറ്റങ്ങൾ വരും. മാരുതി തുടങ്ങിയ വലിയ വാഹന നിർമാതാക്കൾ ഈ മേഖലയിലേക്ക് വരുന്നതോടെ കാര്യങ്ങൾ മാറും. പിന്നെ എല്ലായിടത്തും ചാർജിങ് സ്റ്റേഷനുകളും മറ്റും വരും. യുപിഐ ഉൾപ്പെടെയുള്ള പണമിടപാടുകൾ വലിയ തോതിൽ സ്വീകരിക്കപ്പെട്ടതു പോലെ ഇലക്ട്രിക് വാഹനങ്ങൾ സ്വീകരിക്കപ്പെടുന്നില്ലല്ലോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എഐ ചാറ്റ്ബോട്ട് ഭാവിയിൽ വലിയ പങ്കുവഹിക്കുമെന്ന് സാബു ജോണി. ഇപ്പോൾ തന്നെ മാർക്കറ്റിങ്ങിലും മറ്റും ഉപയോഗിക്കുന്നുണ്ട്. ഭാവിയിൽ കോളുകൾ എടുക്കുകയും മറുപടി പറയുകയും ഉൽപന്നങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകുകയും െചയ്യുമെന്നും അദ്ദേഹം പറഞ്ഞു.
∙ എഐ വരും മുൻപേ നിര്‍മിത ബുദ്ധിയുടെ സാധ്യതകൾ ആക്സിയ ടെക്നോളജീസ് ഉപയോഗപ്പെടുത്തി: ജിജിമോൻ ചന്ദ്രൻ
ഓട്ടോമൊബൈൽ സോഫ്റ്റ്‍വെയർ മേഖലയിലാണ് ആക്സിയ ടെക്നോളജീസ് പ്രവർത്തിക്കുന്നത്. ഇതിൽതന്നെ പ്രധാനമായും എന്റർടെയ്ൻമെന്റ് മേഖലയാണ് കാര്യമായി ശ്രദ്ധിക്കുന്നത്. എഐ വരുന്നതിനു മുൻപ് തന്നെ നിര്‍മിത ബുദ്ധിയുടെ സാധ്യതകൾ ഞങ്ങൾ ഉപയോഗിച്ചു തുടങ്ങിയിരുന്നു. ഡേറ്റ ഉപയോഗിച്ച് സെൻസറുകൾ പ്രവർത്തിക്കുന്നതും വാഹനം ഓടുമ്പോൾ തന്നെ മുന്നോട്ട് എന്തൊക്കെയാണ് സംഭവിക്കാൻ സാധ്യതയുള്ളതെന്ന് കണക്കുകൂട്ടൽ നടത്തുകയുമൊക്കെ ചെയ്തിരുന്നു. എഐ പൂർണമായി വികസിച്ചതോടെ ഓട്ടോണമസ് സോഫ്റ്റ്‍വെയറുകളിലാണ് ഞങ്ങൾ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതെന്ന് ആക്സിയ സ്ഥാപകനും സിഇഒയുമായ ജിജിമോൻ ചന്ദ്രൻ പറഞ്ഞു.
∙ ചാറ്റ് ബോട്ട് ഉപയോഗത്തിലൂടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാം: സുബ്രത് പാനി
ധാരാളം ഡേറ്റ വരുന്ന സ്ഥാപനമാണ് വൺ അസിസ്റ്റ്. എഐയുടെ സഹായത്തോടെ ഡേറ്റയെ മാനേജ് ചെയ്യുന്നത് എളുപ്പത്തിലാക്കാൻ സാധിക്കുന്നു. ചാറ്റ്ബോട്ട് ഉൾപ്പെടെയുള്ളവയുടെ ഉപയോഗം കൊണ്ട് ജീവനക്കാരുടെ എണ്ണം ലാഭിക്കാനും സാധിക്കുന്നുവെന്ന് വൺ അസിസ്റ്റ് സഹസ്ഥാപകൻ സുബ്രത് പാനി. ഇൻഷുറൻസ് ഉൾപ്പെടെയുള്ള മേഖലകളിൽ എഐ വലിയ രീതിയിൽ ഉപയോഗിക്കുന്നു. ഉപഭോക്താക്കളുടെ ഡേറ്റയുടെ വലിയ ശേഖരമുള്ള കമ്പനികൾക്ക് ഇവ കൂടുതൽ സുക്ഷ്മമായും കൃത്യമായും മനസ്സിലാക്കി ബിസിനസിൽ പ്രായോഗികമായി ഉപയോഗിക്കുന്നു. നിലവിൽ ഡേറ്റയുമായി ബന്ധപ്പെട്ട മേഖലകളിൽ എഐ വലിയ പ്രധാന്യം വഹിക്കുന്നു. വരുന്ന 4–5 വർഷത്തിനുള്ളിൽ ഇതിന്റെ പ്രാധാന്യം ഇനിയും വർധിക്കുമെന്ന് സുബ്രത് പാനി വ്യക്തമാക്കി.
∙ അധ്യയന മേഖലയിൽ എഐ വലിയ മാറ്റങ്ങളുണ്ടാക്കി : ഡോ. ഗീരീഷ് എസ് പതി
അധ്യയന മേഖലയിൽ എഐ വലിയ മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. അധ്യാപകരുടെ ജോലി ഇന്ന് പഠിപ്പിക്കലല്ല, മറിച്ച് ഫെസിലിറ്റേറ്റർ എന്ന രീതിയിൽ മാറിയിരിക്കുന്നു. അത് ശരിയായ രീതിയിലാണോ സംഭവിക്കുന്നത് എന്ന ശ്രദ്ധിച്ചാൽ മതി. ഇന്ന് അധ്യാപകര്‍ക്ക് ഒന്നും പഠിപ്പിക്കാനില്ല. വിദ്യാർഥികൾക്ക് എല്ലാ വിവരങ്ങളും ലഭ്യമാണ്. അത് ഗ്രഹിക്കാനുള്ള അവരുടെ ശേഷി വർധിപ്പിക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ. അടുത്തതായി വിദ്യാർഥികളെ ആ വിഷയത്തിൽ ഗവേഷണത്തിന് തയാറെടുപ്പിക്കലാണ്. അതിനും ഒട്ടേറെ കാര്യങ്ങൾ എഐ ഇന്ന് നൽകുന്നുണ്ടെന്നും ജെയ്ൻ സർവകലാശാല അസോസിയേറ്റ് പ്രഫസർ ഡോ. ഗീരീഷ് എസ് പതി പറഞ്ഞു.
∙ ടെക് ലോകത്ത് ചാറ്റ്ജിപിടി കൊണ്ടുവന്നത് വലിയ മാറ്റം: റിഷാഭ് നാഗ്
ചാറ്റ്ജിപിടി വന്നപ്പോൾ എല്ലാം മാറി. 20 ദിവസത്തിനുള്ളിൽ ഞാൻ ഉൾപ്പെടെയുള്ളവർ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. വമ്പൻ കമ്പനികൾ അവരുടെ കയ്യിലുള്ള ഡേറ്റയെ കൃത്യമായി ഉപയോഗിക്കാൻ തുടങ്ങി. ഒരു വർഷത്തിനുള്ളിൽ എല്ലാവരും ഏതെങ്കിലും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ എഐ ഉപയോഗിക്കുന്നുണ്ടെന്നും ഹ്യുമൻലി സഹസ്ഥാപകൻ റിഷാഭ് നാഗ്. ഇരുചക്രവാഹനങ്ങളും മുച്ചക്ര വാഹനങ്ങളുമാണ് ഇലക്ട്രിക് മേഖലയിൽ വലിയ കുതിച്ചു ചാട്ടം നടത്തുന്നത്. പല റോഡുകളിലും പച്ച നിറത്തിലുള്ള ബോർഡുകളുമായി വരുന്ന വാഹനങ്ങളുടെ എണ്ണം വർധിച്ചുവെന്നും റിഷാഭ് നാഗ് പറഞ്ഞു. ആയിരം ഫോൺ കോളാണ് ദിവസവും വരുന്നത്. ഇതെല്ലാം അറ്റന്റ് ചെയ്യാൻ എത്രപേരെ ജോലിക്ക് വയ്ക്കേണ്ടിവരും? ഇതിനാൽ അവിടെ ചാറ്റ്ബോട്ടിനെ നിയോഗിച്ചു. ബിസിനസ് കൃത്യമായി നടക്കുന്നു. ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് കൃത്യമായി ഉത്തരവും ലഭിക്കുന്നു. ലോകം മാറുകയാണ്. കണ്ണുതുറന്നത് നമ്മളും അതിനൊപ്പം മാറണമെന്നും റിഷാഭ് നാഗ് പറഞ്ഞു.
'ട്രാന്‍സ്‌ഫോമിങ് ഫ്യൂച്ചര്‍; എഐ ഫോര്‍ എവരിഡേ ലൈഫ്' എന്ന വിഷയത്തിലാണ് കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സംഗമം ടെക്‌സ്‌പെക്‌റ്റേഷൻസിന്റെ ആറാം പതിപ്പ് കൊച്ചിയിലെ ലെ മറീഡിയൻ ഹോട്ടലിൽ അരങ്ങേറിയത്. ജെയ്ന്‍ യൂണിവേഴ്‌സിറ്റി കൊച്ചിയും ഗൂഗിള്‍ ഇന്ത്യയുമായിരുന്നു മനോരമ ഓണ്‍ലൈന്‍ അവതരിപ്പിച്ച ടെക്‌സ്‌പെക്റ്റേഷന്‍സിന്റെ പ്രായോജകര്‍.