തുത്തൻ ഖാമൻ നിധി പോലെ ' ക്രിപ്റ്റോ സമ്പാദ്യം'; ശതകോടീശ്വരന്മാരുടെ ദുരൂഹ മരണങ്ങൾ

Mail This Article
പല ക്രിപ്റ്റോ ശതകോടീശ്വരൻമാരും ദുരൂഹസാഹചര്യങ്ങളിലാണ് മരണപ്പെട്ടതെന്നത് വിചിത്രമായ ഒരു യാദൃശ്ചികതയാണ്. ഫെർനാണ്ടോ പെരെസ് അൽഗാബ,നിക്കോളായ് മുഷീഗിയാൻ, ജാവിയർ ബയോസ്ക,ഡോ.ജോൺ ഫോർസിത്ത് തുടങ്ങി ഏഴോളം ആളുകൾ, ഇവരെയെല്ലാം ഒന്നിപ്പിക്കുന്നത് ക്രിപ്റ്റോ പണത്തിലുപരി, ദുരൂഹ മരണമാണ്. ചിലർ കൊല്ലപ്പെട്ടു, ചിലർ അപ്രതീക്ഷിത രോഗത്തിനോ ആത്മഹത്യക്കോ ഇരയായി, ചിലർ പൊടുന്നനെ അപ്രത്യക്ഷരായി. ഈ മരണങ്ങൾ യാദൃശ്ചികമാണോ അതോ ആരെങ്കിലും ആസൂത്രണം ചെയ്തതാണോ എന്ന ചോദ്യം പലപ്പോഴും ഉയർന്നു വരാറുണ്ട്. ചില സംഭവങ്ങൾ പരിശോധിക്കാം.
ഫെർനാണ്ടോ പെരെസ് അൽഗാബ
പതിനാലാം വയസിൽ ബിസിനസ് രംഗത്തേക്കിറങ്ങിയ ഫെർനാണ്ടോ പെരെസ് അൽഗാബയുടെ ശതകോടികളുടെ സമ്പാദ്യത്തിലേക്കുള്ള വളർച്ച ക്രിപ്റ്റോയിലൂടെ ആയിരുന്നു. പക്ഷേ 2023 ജൂലൈ 23 ന് അർജന്റീനയിലെ ഒരു അരുവിക്കരയിൽ ഒരു സ്യൂട്ട്‌കേസിൽ പായ്ക്ക് ചെയ്ത നിലയിൽ അൽഗാബയുടെ മൃതദേഹം രണ്ട് കുട്ടികൾ കണ്ടെത്തി.

നിക്കോളായ് മുഷീഗിയാൻ
ക്രിപ്‌റ്റോകറൻസി മേഖലകളിൽ അറിയപ്പെടുന്ന നിക്കോളായ് മുഷീഗിയാന്റെ മൃതദേഹം 2022 ഒക്ടോബറിൽ പ്യൂർട്ടോ റിക്കോയുടെ തീരത്ത് നിന്നാണ് കണ്ടെത്തിയത്. ഓൺലൈനിൽ തുറന്ന അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിരുന്നു നിക്കോളായി പലപ്പോഴും സാമ്പത്തിക മേഖലയിലെ സ്വാധീനമുള്ള സ്ഥാപനങ്ങൾക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരുന്നു.
മിർസിയ പോപെസ്കു
ഏറ്റവും കുപ്രസിദ്ധമായ മരണമാണ് മിർസിയ പോപെസ്കുവിന്റേത്. കോസ്റ്ററിക്കയിലെ പുന്ററേനാസ് തീരത്താണ്, ബിറ്റ്‌കോയിൻ സംരംഭകനും ശതകോടീശ്വരനുമായ മിർസിയ പോപെസ്‌കു മുങ്ങിമരിച്ചത്. 2021ൽ ആയിരുന്നു ഇത്. ഏകദേശം ഒരു ബില്യൻ യുഎസ് ഡോളർ മൂല്യമുള്ള ബിറ്റ്‌കോയിൻ നിക്ഷേപം പോപെസ്‌കുവിന്റെ കൈയിലുണ്ടായിരുന്നു. ഈ വലിയ തുക എങ്ങോട്ടുപോയെന്ന കാര്യത്തിൽ ഇന്നും ദുരൂഹത ബാക്കി.
പോപെസ്‌കുവിന്റെ ജന്മദേശം എവിടെയാണെന്ന് ആർക്കുമറിയില്ല. പോളണ്ടിൽ നിന്നാണെന്നു ചിലർ പറയുമ്പോൾ, റുമേനിയയിൽ നിന്നാണെന്നാണു മറ്റു ചിലർ പറയുന്നത്. ഏതായാലും റുമേനിയൻ പൗരത്വം സ്വീകരിച്ച പോപെസ്‌ക്യു അവിടെത്തന്നെയായിരുന്നു കഴിഞ്ഞിരുന്നത്.

2012 ൽ എംപെക്‌സ് എന്ന ബിറ്റ്‌കോയിൻ എക്‌സ്‌ചേഞ്ച് പോപെസ്‌കു സ്ഥാപിച്ചു. എന്നാൽ ബിറ്റ്‌കോയിൻ കൊണ്ടു ചൂതാട്ടം നടത്തുന്ന ഒരു കമ്പനിയെ തന്റെ എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തതോടെ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മിഷൻ പോപെസ്‌ക്യുവിനെ നോട്ടമിട്ടു തുടങ്ങി.
സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നു അതു കൊണ്ട് ബിറ്റ്‌കോയിനെയും- ബിറ്റ്‌കോയിനെക്കുറിച്ചുള്ളപോപെസ്‌ക്യുവിന്‌റെ ഏറ്റവും പ്രശസ്തമായ വാചകം ഇതായിരുന്നു. എന്നാൽ പൊതുരംഗത്ത് അദ്ദേഹം ഒരു വിവാദവ്യക്തിത്വമായി നിലനിന്നു. ബിറ്റ്‌കോയിനെക്കുറിച്ചുള്ള മോശം കാര്യങ്ങളുടെയെല്ലാം ആകെത്തുകയെന്നും ബിറ്റ്‌കോയിൻ ടോക്‌സിസിറ്റിയുടെ പിതാവെന്നുമൊക്കെയായിരുന്നു അദ്ദേഹത്തെ നിരീക്ഷകർ വിലയിരുത്തിയിരുന്നത്.പോപെസ്‌ക്യുവിന്‌റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള വിവരങ്ങളും അധികം പുറത്തറിഞ്ഞിട്ടില്ല.

മാസത്തിൽ ശരാശരി 100 ബ്ലോഗ് പോസ്റ്റുകൾ
2012ൽ ബിറ്റ്‌കോയിനെക്കുറിച്ച് എഴുതി തുടങ്ങിയ പോപെസ്‌കുവിന്റെ ബ്ലോഗിൽ പിന്നീട് വർണവംശീയതയും സ്ത്രീവിരുദ്ധതയും ഫാസിസ്റ്റ് ചിന്തകളുമൊക്കെ നിറഞ്ഞുനിന്നു.കടുത്ത വിമർശനം ഇതിനെതിരെ ഉയർന്നെങ്കിലും തന്റെ ശൈലിയോ ബ്ലോഗിലെ ഉള്ളടക്കമോ മാറ്റാൻ പോപെസ്‌കു തയാറായിരുന്നില്ല. മാസത്തിൽ ശരാശരി 100 ബ്ലോഗ് പോസ്റ്റുകൾ വരെ പോപെസ്‌കു ചെയ്യുമായിരുന്നു.
ദുരൂഹവ്യക്തിത്വങ്ങൾ ഏറെ
ഏറ്റവും പ്രധാനി ബിറ്റ്‌കോയിൻ ഉപജ്ഞാതാവും അജ്ഞാതനുമായ സതാഷി നകാമോട്ടോ തന്നെ. ഇതു കഴിഞ്ഞാൽ ദുരൂഹ വ്യക്തിത്വമായ പോപെസ്‌കു ബിറ്റ്‌കോയിനെക്കാളൊക്കെ ഉപരി തന്റെ വിവാദ ബ്ലോഗുകളിലൂടെയാണു പ്രശസ്തി നേടിയത്.
ക്രിപ്‌റ്റോയുടെ സങ്കീർണ്ണമായ ലോകവും, അതിലെ സാമ്പത്തിക താൽപ്പര്യങ്ങളും ഇത്തരം സിദ്ധാന്തങ്ങൾക്ക് ആക്കം കൂട്ടുന്നു. ചില ആളുകൾ ഈ മരണങ്ങളെല്ലാം യാദൃശ്ചികമാണെന്ന് വാദിക്കുമ്പോൾ, മറ്റുചിലർ ഇതിന് പിന്നിൽ ചില ഗൂഢശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു.
ഏതായാലും, ഈ ദുരൂഹ മരണങ്ങൾ ക്രിപ്‌റ്റോ ലോകത്തെക്കുറിച്ചുള്ള പല ചോദ്യങ്ങളും ഉയർത്തുന്നു. സുതാര്യത, സുരക്ഷ, നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്തേണ്ടത് അത്യാവശ്യമാണ്.