നഷ്ടമായത് 13,000 കോടി രൂപയുടെ എതെറിയം, ക്രിപ്റ്റോ കറൻസിയുടെ ചരിത്രത്തിലെ വലിയ മോഷണം; സംശയം ഉത്തര കൊറിയൻ ഹാക്കിങ് ഗ്രൂപ്പിനെ....

Mail This Article
ദുബായ് ആസ്ഥാനമായുള്ള ക്രിപ്റ്റോ എക്സ്ചേഞ്ച് സ്ഥാപനമായ ബൈബിറ്റിൽനിന്നും ഹാക്കർമാർ തട്ടിയെടുത്തത് 1.5 ബില്യൺ ഡോളർ( ഏകദേശം 13,000 കോടി രൂപയുടെ) എതെറിയം കോയിനുകൾ . ക്രിപ്റ്റോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മോഷണം ആയിരിക്കാം ഇതെന്നാണ് റിപ്പോർട്ടുകൾ. ബിറ്റ്കോയിനുശേഷം മാർക്കറ്റിലുള്ള രണ്ടാമത്തെ മൂല്യമുള്ള ക്രിപ്റ്റോകറൻസിയാണ് എതെറിയം.
60 ദശലക്ഷം ഉപയോക്താക്കളാണ് ലോകമെമ്പാടും ഉള്ളതെന്നാണ് ബൈബിറ്റ് ക്രിപ്റ്റോ എക്സ്ചേഞ്ച് അവകാശപ്പെടുന്നത്. പരമാവധി സുരക്ഷിതമെന്ന് കരുതിയിരുന്ന ബൈബിറ്റിന്റെ ഓഫ്ലൈൻ സ്റ്റോറേജ് സിസ്റ്റമാണ്(കോൾഡ് വാലറ്റ്) ഹാക്കർമാർ ലക്ഷ്യം വച്ചതെന്നാണ് റിപ്പോർട്ടുകൾ. ബൈബിറ്റ് സിഇഒ ബെൻ ഷൗ ഉപയോക്താക്കളുടെ ഫണ്ടുകൾ സുരക്ഷിതമാണെന്നും കമ്പനി നഷ്ടം നികത്തുമെന്നും വ്യക്തമാക്കി.

ഉത്തരകൊറിയൻ ഹാക്കിങ് ഗ്രൂപ്പുകളായിരിക്കും ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ബൈബിറ്റിന്റെ സിസ്റ്റങ്ങളിലെ സാങ്കേതിക ദുർബലതയെ ഹാക്കർമാർ ചൂഷണം ചെയ്യുക മാത്രമല്ല ചെയ്തതെന്ന് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. പകരം സോഷ്യൽ എൻജിനിയറിങ്ങിന്റെയും നൂതന ടെക്നോളജിയുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തിയിരിക്കാമെന്നാണ് റിപ്പോർട്ടുകൾ.
കോൾഡ് വാലറ്റ് ഇടപാടുകൾക്കായുള്ള സൈനിങ് പ്രക്രിയയുടെ ഉപയോക്തൃ ഇന്റർഫേസിൽ (UI) ഹാക്കർമാർ കൃത്രിമം കാണിച്ചതായി കരുതപ്പെടുന്നു. ഫിഷിങ് പോലെയുള്ള ടൂളുകളും ഉപയോഗിച്ചതായി വിദഗ്ദർ പറയുന്നു. 2019ലും 41 ദശലക്ഷം വിലയുള്ള ബിറ്റ്കോയിൻ ഹാക്കർമാർ മോഷ്ടിച്ചിരുന്നു.
ആണവ, മിസൈൽ പദ്ധതികളുടെ ഫണ്ടിങ്ങിനായി മോഷണം
ലോകത്തെ പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചുകളിൽ നിന്ന് കോടിക്കണക്കിനു ഡോളറുകൾ മൂല്യം വരുന്ന സമ്പാദ്യം കൊള്ളയടിച്ച സംഭവങ്ങളിൽ കുപ്രസിദ്ധരാണ് ഉത്തരകൊറിയൻ ഹാക്കർമാർ. ഉത്തര കൊറിയയുടെ വിവാദമായ ആണവ, മിസൈൽ പദ്ധതികളുടെ ഫണ്ടിങ്ങിനായാണ് ഈ തുക ഉപയോഗിക്കുന്നതെന്നു യുഎൻ വിദഗ്ധർ ഇതെപ്പറ്റി പറഞ്ഞിട്ടുണ്ട്.
2020 മുതൽ 2021 വരെയുള്ള കാലയളവിൽ 5 കോടി ഡോളർ ഇത്തരത്തിൽ വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിൽ സ്ഥിതി ചെയ്യുന്ന ക്രിപ്റ്റോ എക്സ്ചേഞ്ചുകളിൽ നിന്നു ചോർത്തി. ഇതേ വർഷം തന്നെ 40 കോടിയോളം ഡോളർ മറ്റ് എക്സ്ചേഞ്ചുകളിൽ നിന്നു ചോർത്തിയതായും റിപ്പോർട്ടുകളുണ്ട്.
ഫിഷിങ്, മാൽവെയർ, സോഷ്യൽ എൻജിനീയറിങ് തുടങ്ങി പലവിധ മാർഗങ്ങളുപയോഗിച്ചാണ് ഉത്തര കൊറിയ സൈബർ ആക്രമണങ്ങൾ നടത്തുന്നത്. ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ വോലറ്റുകളിൽ നിന്ന് ഉത്തര കൊറിയയിലേക്കു മാറ്റുകയാണ് ഉത്തര കൊറിയൻ ഹാക്കർമാർ ചെയ്യുന്നത്. തുടർന്ന് പലവിധ പ്രവർത്തനങ്ങളിലൂടെ ഇതു പണമാക്കി മാറ്റും.