'എഐയുടെ വരവോടെ സാങ്കേതികത കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെട്ടു'
Mail This Article
ഇന്റർനെറ്റിനെ കൂടുതല്‍ വിശ്വാസയോഗ്യമാക്കാൻ ആർടിഫ്യൽ ഇന്റലിജൻസിനു സാധിച്ചെന്ന അഭിപ്രായമാണ് ഓപൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒഎൻഡിസി) സൗത്ത് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് നിതിൻ നായർ പങ്കുവച്ചത്. വൈകാതെതന്നെ ഒഎൻഡിസി തയാറാക്കിയ ചാറ്റ് ബോട്ട് ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്ന വിവരവും ‘ഇ–കൊമേഴ്സിലെ എഐ വിപ്ലവം’ എന്ന വിഷയത്തിലെ ലീഡ് ടോക്കിൽ നിതിൻ നായർ പങ്കുവച്ചു.
കൂടുതൽ വായിക്കാം- എഐ ഇന്റർനെറ്റിനെ കൂടുതല്‍ വിശ്വാസയോഗ്യമാക്കി, സാങ്കേതികത കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെട്ടു: നിതിൻ നായർ
‘ഇ–കൊമേഴ്സിലെ എഐ വിപ്ലവം’ എന്ന വിഷയത്തിൽ മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷനിലെ ലീഡ് ടോക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐക്കൊപ്പം ഒഎൻഡിസിയും വളരുകയാണ്. വൈകാതെതന്നെ ഒഎൻഡിസി തയാറാക്കിയ ചാറ്റ് ബോട്ട് ഉപയോക്താക്കൾക്ക് ലഭ്യമാക്കും.
ഒഎൻഡിസി 2023 ജനുവരിയില്‍ ആരംഭിക്കുമ്പോൾ ആയിരത്തോളം ഇടപാടുകളാണു നടന്നത്. 2024 ഡിസംബറിൽ അത് 1.5 കോടിയിലേക്ക് ഉയർന്നു. എണ്ണൂറോളം വിൽപനക്കാരായിരുന്നു ഒഎൻഡിസി നെറ്റ്‌വർക്കിൽ 2023ൽ ഉണ്ടായിരുന്നത്. ഇന്ന് അത് ഏഴു ലക്ഷത്തിലേറെയായിരിക്കുന്നു. രാജ്യത്തിന്റെ വളർച്ചയിൽ ഒഎൻഡിസിക്ക് നിർണായക പങ്കുവഹിക്കാനുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയതായും നിതിൻ നായർ ചൂണ്ടിക്കാട്ടി.
തുടക്കത്തിൽ ഗ്രോസറി, ഫൂഡ് ആൻഡ് ബവ്റിജസ് മേഖലകളിൽ മാത്രമായിരുന്നു ഒഎൻഡിസി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇന്ന് മിക്ക മേഖലകളിലും ഒഎൻഡിസി സാന്നിധ്യം അറിയിച്ചിരിക്കുന്നു. എഐയും അതോടൊപ്പം ചേരുന്നുണ്ട്. എഐയുടെ വരവോടെ സാങ്കേതികത കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെട്ടു. ചെറുകിട കമ്പനികൾക്കും സംരംഭങ്ങൾക്കും വരെ മികച്ച സാങ്കേതികത ലഭ്യമാക്കാനും അതുവഴി ഒഎൻഡിസിയുമായി ചേർന്നു പ്രവർത്തിക്കാനും എഐ സഹായിച്ചു.
ഇന്റർനെറ്റിനെ കൂടുതല്‍ വിശ്വാസയോഗ്യമാക്കാൻ എഐക്കു സാധിച്ചു. തെറ്റായ കാര്യങ്ങൾ പടരുന്നത് വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചു. അതുവഴി അവയെ തടയാനും. കസ്റ്റമർ കെയർ കൂടുതൽ മികച്ചതാക്കാനും എഐ വഹിച്ച പങ്ക് ചെറുതല്ല. ഒരു സംഭരണശാലയിൽ എന്തെല്ലാം കാര്യങ്ങൾ കൂടുതലായി സൂക്ഷിക്കണം, എന്തെല്ലാം ഒഴിവാക്കണം എന്നെല്ലാം വിപണിയിലെ ആവശ്യകത അനുസരിച്ചു നിർണയിക്കാനും എഐക്കു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ട്രാന്‍സ്‌ഫോമിങ് ഫ്യൂച്ചര്‍; എഐ ഫോര്‍ എവരിഡേ ലൈഫ്' എന്ന വിഷയത്തിലാണ് കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സംഗമം ടെക്‌സ്‌പെക്‌റ്റേഷൻസിന്റെ ആറാം പതിപ്പ് കൊച്ചിയിലെ ലെ മറീഡിയൻ ഹോട്ടലിൽ അരങ്ങേറിയത്. ജെയ്ന്‍ യൂണിവേഴ്‌സിറ്റി കൊച്ചിയും ഗൂഗിള്‍ ഇന്ത്യയുമായിരുന്നു മനോരമ ഓണ്‍ലൈന്‍ അവതരിപ്പിച്ച ടെക്‌സ്‌പെക്റ്റേഷന്‍സിന്റെ പ്രായോജകര്‍.