എഐ ഏജന്റ്സ്?, 'മനുഷ്യന് 'നിയന്ത്രിക്കാനാകാത്ത' നിർമിത ബുദ്ധി, സ്വന്തം നിലയിൽ തീരുമാനങ്ങൾ

Mail This Article
അധികം താമസിയാതെ, സ്വയംഭരണാധികാരമുള്ള 'എഐ ഏജന്റ്സ്'' മുഖ്യധാരയിലേക്ക് എത്തുന്നതോടെ പുതിയ നിര്‍മിത ബുദ്ധി (എഐ) വിപ്ലവത്തിന് തുടക്കമായേക്കാമെന്ന്, മൈക്രോസോഫ്റ്റ് കമ്പനി സ്ഥാപകനായ ബില്‍ ഗേറ്റ്സ്. എന്താണ് എഐ ഏജന്റ്സ്? എങ്ങനെയാണ് അത് ഇപ്പോഴത്തെ മോഡലുകളില്‍ നിന്ന് വ്യത്യസ്തമാകാനൊരുങ്ങുന്നതെന്ന് പരിശോധിക്കാം:
കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി വാര്‍ത്താ പേജുകളില്‍ നിറയുന്നത് എഐ എന്ന പ്രയോഗമാണ്. ഇപ്പോള്‍, ഇതിന്റെ ശേഷിയെക്കുറിച്ചുള്ള സത്യവും മിഥ്യയും മനസിലാക്കാനാകാതെ പലരും എഐ വാര്‍ത്തകള്‍ വായിക്കാതെ വിടാനും ആരംഭിച്ചുകഴിഞ്ഞു. എന്നല്‍, അടുത്തിടെ മാത്രം കേട്ടു തുടങ്ങിയ എഐ എജന്റ്സ് എന്ന പ്രയോഗം ശ്രദ്ധിക്കാതെ വിടരുതെന്നാണ് ഫാസ്റ്റ്കമ്പനിയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്.
പരിസ്ഥിതിയോട് നേരിട്ട് ഇടപെടാന്‍ കെല്‍പ്പുള്ളതായിരിക്കും ഓട്ടണോമസ് ഏജന്റുകള്‍ എന്നതാണ് ഇതിന്റെ സവിശേഷതയായി ഉയര്‍ത്തിക്കാട്ടുന്ന പ്രധാന കാര്യം. ഈ സംവിധാനത്തിന് നേരിട്ട് തീരുമാനങ്ങള്‍ എടുക്കാനും, പഠിക്കാനുമൊക്കെ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. ഇത് മനുഷ്യര്‍ക്ക് ഓട്ടേറെ പുതിയ അവസരങ്ങള്‍ കൊണ്ടുവരാനും അതുപോലെ തന്നെ ഭീതിജനകമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും ഇടവരുത്തിയേക്കും.
ജിപിറ്റിയിലെ 'പി'
ഇപ്പോള്‍ സുപരിചിതമായി തീര്‍ന്നിരിക്കുന്ന ചാറ്റ്ജിപിറ്റി അടക്കമുള്ള എഐ സേവനങ്ങളില്‍ 'ജനറേറ്റിവ് പ്രീ-ട്രെയ്ന്‍ഡ് ട്രാന്‍സ്ഫോമേഴ്സ് അഥവാ ജിപിറ്റി ആണ് ഉള്ളത്. ഇത്തരം ജനറേറ്റിവ് ടൂളുകള്‍ മനുഷ്യരുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ലാര്‍ജ് ലാംഗ്വെജ് മോഡലുകള്‍ പോലെ, ധാരാളം ഡേറ്റ ഉപയോഗിച്ച് നേരത്തെ പരിശീലിപ്പിച്ചെടുത്ത (പ്രീ-ട്രെയ്ന്‍ഡ്) സംവിധാനങ്ങള്‍ക്ക് അവയുടെ പരിമിതിക്ക് ഉള്ളില്‍ നിന്നുകൊണ്ട് നം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനോ, പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനോ സാധിക്കും.
മനുഷ്യര്‍ പരസ്പരം നടത്തുന്ന ഇടപെടലുകള്‍ പോലെ
ഈ നേട്ടം തന്നെ അത്ഭുതപ്പെടുത്തുന്നതും, ഏറെ പ്രയോജനകരവുമായ ഒരു സംവിധാനമായി മാറുകയായിരുന്നല്ലോ. മറ്റൊരു മനുഷ്യനോട് ഇടപെടുപടുമ്പോള് എന്ന രീതിയില്‍ ഉത്തരങ്ങള്‍ ലഭിക്കുന്ന ജിപിറ്റി കൊണ്ടുവന്ന രീതി, വിദ്യാര്‍ഥികള്‍ മുതല്‍ വിദഗ്ധര്‍ വരെയുള്ളവര്‍ക്ക് പുത്തന്‍ സാധ്യതകള്‍ തുറന്നു നില്‍കി. വാസ്തവത്തില്‍ ഈ സംവിധാനം ഒരു ശിശു, അര്‍ഥമറിയാതെ മുതിര്‍ന്നവര്‍ ഉപയോഗിക്കുന്ന ഒരു പദമൊ ശബ്ദമോ ആവര്‍ത്തിക്കുന്നതിനോട് സമമാണ് എന്നു പറയുന്നവരും ഉണ്ട്.
എന്നാല്‍, ഇത്തരം 'തത്തമ്മേ പൂച്ച പൂച്ചകള്‍ക്ക്' ഐസക് ന്യൂട്ടണ്‍ന്റെ പ്രിന്‍സിപിയ മാത്തമാറ്റിക്കയോ, ബിഥോവന്റെ സിംഫണിയോ സൃഷ്ടിക്കാനായേക്കില്ല. അതിനാല്‍ തന്നെ ഇപ്പോഴുള്ള ജനറേറ്റിവ് ടൂളുകള്‍ക്ക് സ്വതന്ത്രമോ, സര്‍ഗാത്മകത വേണ്ടതോ ആയ പ്രവൃത്തികളിലേര്‍പ്പെടാന്‍ സാധിക്കുമോ എന്ന കാര്യമൊക്കെ തര്‍ക്ക വിഷയമാണ്. എന്നാല്‍, ഇതാണ് അടുത്തഘട്ട എഐ തിരുത്താന്‍ ഒരുങ്ങുന്നത് എന്ന് റിപ്പോര്‍ട്ട് പറയുന്നു.
പുതിയ സമീപനം എഐക്ക് നേരിട്ടും, സ്വതന്ത്രമായും അതിന്റെ ചുറ്റുപാടുകളോട് ഇടപെടാനുള്ള അവസരമൊരുക്കാന്‍ പോകന്നു എന്നാണ് വാര്‍ത്ത. അതിന് ഡേറ്റ ഉപയോഗിക്കുന്ന കാര്യത്തില്‍ പരിധി കല്‍പ്പിക്കുന്നില്ല. അതിനാല്‍ തന്നെ, ഇടപെടലുകളില്‍ ഇപ്പോഴത്തെ യാന്ത്രികതയ്ക്ക് അപ്പുറത്തേക്കു പോയി, കൂടുതല്‍ ചലനാത്മകമെന്നോ, അല്ലെങ്കില്‍ ജീവസുറ്റതെന്നോ ഒക്കെ വിളിക്കാന്‍ സാധിക്കുന്ന രീതിയിലേക്ക് മാറിയേക്കും. ഇതാകട്ടെ മനുഷ്യര്‍ പരസ്പരം നടത്തുന്ന ഇടപെടലുകള്‍ പോലെ ആയി തീര്ന്നേക്കാമത്രെ.
എഐ ഏജന്റുകളുടെ പ്രസക്തി
മനുഷ്യരുടെ ഇടനില ഇല്ലാതെ തീരുമാനങ്ങള്‍ എടുക്കാനുള്ള ശേഷിയായിരിക്കും അടുത്ത ഘട്ട എഐ ഏജന്റുകളില്‍ പ്രവേശിപ്പിക്കുക. ആവശ്യമായി വന്നാല്‍ അവയ്ക്ക് തങ്ങളുടെ ലക്ഷ്മണ രേഖയ്ക്കപ്പുറത്തേക്ക് കടന്ന് 'സ്വന്തം നിലയില്‍' അന്വേഷണങ്ങള്‍ നടത്താനും, കിട്ടുന്ന ഉത്തരങ്ങള്‍ വിശകലനം ചെയ്യനും അതിന് അനുസരിച്ച് നടപടികള്‍ സ്വീകരിക്കനും സാധിക്കുന്ന കാലമായിരിക്കാം വരുന്നത്.
ഇത് മനുഷ്യര്‍ തങ്ങളുടെ ചുറ്റുപാടുകളോട് ഇടപെടുന്ന രീതിയോട് ഏറ്റവും അടുത്തു നില്ക്കുന്ന ഒന്നാണത്രെ. തത്വത്തിലെങ്കിലും ഇതുവരെ കണ്ട പ്രീ-ട്രയ്ന്‍ഡ് മോഡലുകള്‍ക്ക് അപ്പുറത്തേക്ക് അതിന് കടക്കാന്‍ സാധിക്കും. ഇപ്പോള്‍ പ്രചാരത്തിലുള്ള, ഒരു ചെസ് പ്രൊഗ്രാമിനുള്ളില് പ്രവര്‍ത്തിക്കുന്ന എഐ സംവിധാനമാണെങ്കിലും, ചാറ്റ്ജിപിറ്റി പോലെയുള്ള ചാറ്റ്ബോട്ടുകളാണെങ്കിലും, മറ്റ് എല്‍എല്‍എമ്മുകള്‍ ആണെങ്കിലും അതിന് അനുവദിച്ചിരിക്കുന്ന ഒരു നിശ്ചിത ഡേറ്റയെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.
ഇത് ഗംഭീരമാണ്, പക്ഷേ അപകടകരവും
എഐ ഏജന്റുകള്‍ക്ക് ഈ പരിധി ലംഘിക്കാന്‍ സാധിക്കും. ഇത് ഗംഭീരമാണ് എന്നു തോന്നാമെങ്കിലും അതില്‍ അപകടവും പതിയിരുപ്പുണ്ട്. ഇത്തരം ഒരു സംവിധാനത്തിന് തെറ്റുപറ്റിയാലോ? എഐ ഏജന്റ് എന്ന സങ്കല്‍പ്പം ഒരു വന്ചുവടുവയ്പ് തന്നെയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതുവരെ മുഖ്യധാരയില്‍ എഐ എന്ന പേരില്‍ കസര്‍ത്തു നടത്തിവന്ന സംവിധാനത്തെ സ്ഥിതിവിവരശാസ്ത്രത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിപ്പിച്ച ഒരു സൂത്രം എന്നും വേണമെങ്കില്‍ നിര്‍വ്വചിക്കാം.
ഈ ഘട്ടത്തിനപ്പുറത്തേക്ക് കടന്ന്, എഐക്ക് നല്‍കിയിരിക്കുന്ന ഡേറ്റയ്ക്ക് അപ്പുറത്തേക്ക് പോയി, പുതിയ വിവരങ്ങളും വിശകലനം ചെയ്ത് നടപടി സ്വീകരിക്കാനായിരിക്കും എഐ ഏജന്റുകള്‍ക്ക് സാധിക്കുക. ഇത് മനുഷ്യരുടെ, സന്ദര്‍ഭോചിതമായ പെരുമാറ്റത്തോട് അടുത്തു നില്ക്കുന്ന ഒന്നായി തീര്ന്നേക്കാമത്രെ. ഇത് എഐയെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന 'യജമാനന്' റോളില്‍ നിന്ന് മനുഷ്യര്‍ മാറുന്ന അവസരവുമാകാം.