‘എഐ ആളുകൾക്ക് പകരമാകില്ല, പക്ഷേ എഐ ഉപയോഗിക്കാത്തവർക്ക് പകരമായി എഐ ഉപയോഗിക്കുന്നവർ എത്തും’
Mail This Article
സ്റ്റാർട്ടപ്പുകള്‍ അവരുടെ വിജയത്തിന് എങ്ങനെയാണ് എഐയെ ഉപയോഗപ്പെടുത്തുന്നത് എന്ന വിഷയത്തിൽ നടന്ന ചർച്ചയിലും, ആശങ്ക എന്നതിനപ്പുറം ആശ്വാസം എന്ന നിലയിലേക്ക് എഐ മാറിയതെങ്ങനെയാണെന്നാണ് പാനലിസ്റ്റുകൾ വ്യക്തമാക്കിയത്. എഐ വന്നതോടെ കുറഞ്ഞ ചെലവിൽ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാനായെന്നാണ് യുവസംരംഭകർ പങ്കുവച്ച പൊതുവികാരം. എഐ മനുഷ്യർക്ക് പകരമാകില്ല, പക്ഷേ ഇനിയും എഐ ഉപയോഗിച്ചു തുടങ്ങിയിട്ടില്ലാത്തവർക്ക് പകരമായി എഐ തുടർച്ചയായി ഉപയോഗിക്കുന്നവർ വരാനുള്ള സാധ്യതയേറെയാണെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.മനോരമ ഓൺലൈൻ സംഘടിപ്പിച്ച ടെക്സ്പെക്‌ടേഷന്‍സ് ഡിജിറ്റൽ ഉച്ചകോടിയുടെ ആറാം പതിപ്പിൽ ‘എഐയുടെ ചിറകിലേറി കുതിക്കുന്ന സംരംഭങ്ങൾ’ എന്ന വിഷയത്തിലെ പാനൽ ചർച്ചയിലാണ് യുവസംരംഭകരുടെ അനുഭവങ്ങൾ പങ്കുവച്ചത്. ഐറാലൂം സഹസ്ഥാപകയും സിഇഒയുമായ ഹർഷ പുതുശ്ശേരി, കാർബൺ ആൻഡ് വേൽ സഹസ്ഥാപകൻ ആൽവിൻ ജോർജ്, അർബന്‍ ട്രാഷ് സ്ഥാപകനും സിഇഒയുമായ താജുദീൻ അബൂബക്കർ, ലിങ്കണ്‍ ഇന്റർനാഷനൽ മാനേജിങ് ഡയറക്ടർ സത്യ രാമനാഥൻ എന്നിവരാണ് പാനൽ ചർച്ചയിൽ പങ്കെടുത്തത്.
കൂടുതൽ വായിക്കാം- ‘എഐ ആളുകൾക്ക് പകരമാകില്ല, പക്ഷേ എഐ ഉപയോഗിക്കാത്തവർക്ക് പകരമായി എഐ ഉപയോഗിക്കുന്നവർ എത്തും’
∙ എഐ ലോകത്ത് വേറിട്ടൊരു ഉൽപന്നം നൽകാൻ ശ്രമിക്കുന്നു: ഹർഷ പുതുശ്ശേരി
എൻജിനീയർ ആയ ഞാൻ സംരംഭകയായത് ഇഷ്ടംകൊണ്ടാണ്. 2019ൽ ഐടി ജോലി രാജിവച്ച് ഈ മേഖലയിലേക്ക് വന്നു. ആർട്ടിസ്റ്റുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത് വ്യത്യസ്തമാണ്, അതോടൊപ്പം തന്നെ ബുദ്ധിമുട്ടും. എഐ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യയെ ഉപയോഗിച്ചാണ് മുന്നോട്ട് പോകുന്നത്. ഈ മേഖലയിൽ സമാനമായ നിരവധി ഉൽപന്നങ്ങളുണ്ട്, അതിൽ വേറിട്ടൊരു ഉൽപന്നം നൽകാൻ എഐയുടെ സാധ്യത ഉപയോഗിക്കുന്നുണ്ടെന്ന് ഐറാലൂം സഹസ്ഥാപകയും സിഇഒയുമായ ഹർഷ പുതുശ്ശേരി പറഞ്ഞു.
എഐയ്ക്ക് എന്തും പുനർനിർമിക്കാൻ സാധിക്കും. ഞാൻ വിപണിയിലെത്തിക്കാൻ ശ്രമിക്കുന്നത് ജിഐ ഉൽപന്നങ്ങളാണ്. ഭൂമിശാത്രപരമായ കാര്യങ്ങളെ കൊണ്ടുവരാൻ എഐയ്ക്ക് സാധിക്കില്ല. ഒറിജിനൽ ആയിരിക്കുക എന്നത് പ്രധാനമാണെന്നു കരുതുന്നു. ഒരു എഐയ്ക്കും അത് ചെയ്യാൻ സാധിക്കില്ല. എഐ കലയെ എങ്ങനെ ബാധിക്കുമെന്ന ചോദ്യത്തിന് ഹർഷ പുതുശ്ശേരി മറുപടി നൽകി.
∙ മാലിന്യ നിർമാർജനം വലിയൊരു വെല്ലുവിളി: താജുദീൻ അബൂബക്കർ
കൊച്ചി നഗരത്തിൽ ജീവിക്കുന്ന വ്യക്തിയെന്ന നിലയില്‍ മാലിന്യ നിർമാർജനം വലിയ പ്രശ്നമായിരുന്നു. അങ്ങനെയാണ് അതിന്റെ പരിഹാരമെന്ന രീതിയിൽ ചിന്തിച്ചു തുടങ്ങിയത്. വ്യവസായ സ്ഥാപനങ്ങളിലെ മാലിന്യശേഖരണമാണ് അർബൻ ട്രാഷ് ചെയ്യുന്നത്. വിപ്രോയിൽ അതിനുള്ളിൽ തന്നെയാണ് മാലിന്യം നിർമാർജനം ചെയ്യുന്നത്. ഈ മാലിന്യം വേറെ എന്തെങ്കിലും രീതിയിലേക്ക് മാറ്റാൻ അവർ അഗ്രഹിച്ചു. അങ്ങനെയാണ് കമ്പോസ്റ്റ് മാലിന്യമാക്കിയത്. സ്റ്റാർട്ടപ്പ് മിഷൻ മറ്റൊരു ആവശ്യമായിരുന്നു മുന്നോട്ടു വച്ചത്. അവിടെ നിന്നുള്ള മാലിന്യങ്ങൾ കൃത്യമായ സമയത്ത് ശേഖരിച്ച് മാലിന്യ സംസ്കരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് അർബന്‍ ട്രാഷ് സ്ഥാപകനും സിഇഒയുമായ താജുദീൻ അബൂബക്കർ പറഞ്ഞു.
സാനിറ്ററി മാലിന്യം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്, ഇതിന് എന്ത് ടെക്നോളജിയാണ് ഉപയോഗിക്കുന്നതെന്ന ചോദ്യത്തിന് സാനിറ്ററി മാലിന്യ നിർമാർജനം എന്നത് ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ഇതിനായി വലിയ ടെക്നോളജികൾ ഇല്ലെന്നു തന്നെ പറയാമെന്നാണ് താജുദ്ധീന്‍ പറഞ്ഞത്. ഉയർന്ന താപനിലയിൽ പ്രവർത്തിപ്പിക്കുന്ന ഒരു മെഷീൻ ഉണ്ട്. ഇതിലൂടെയാണ് പ്രധാനമായും ഇത്തരം മാലിന്യങ്ങൾ നിർമാർജനം ചെയ്യുന്നത്. ഒരു സാനിറ്ററിപാഡ് വാങ്ങുന്നതിലും വിലയാണ് അത് നിർമാർജനം ചെയ്യാൻ. ഒരു കിലോയ്ക്ക് 50 രൂപയാണ് ചെലവ് വരുന്നത്. ഈ മേഖലയിൽ പുതിയ കണ്ടുപിടിത്തങ്ങൾക്ക് ശ്രമിക്കുകയാണ്. സാനിറ്ററിപാഡുകൾക്ക് പകരം എന്ത് ഉപയോഗിക്കാമെന്നും പരിശോധിക്കുന്നു. പ്രതീക്ഷയോടെയാണ് കാണുന്നതെന്നും താജുദീൻ അബൂബക്കർ പറഞ്ഞു.
∙ വെല്ലുവിളികൾ ലഘൂകരിക്കാൻ എഐ: സത്യ രാമനാഥൻ
എല്ലാ പുതിയ സാങ്കേതികവിദ്യകളും പുതിയ ആളുകൾക്ക് സഹായമാകുന്നതായിരിക്കും. എഐയും അങ്ങനെ തന്നെയാണ്. ഏതൊരു മേഖലയിലേക്കും പുതിയതായി കടന്നു വരുന്നവരുടെ വെല്ലുവിളികൾ ലഘൂകരിക്കാൻ എഐ സഹായിക്കും. പുതിയ സംരംഭകർ ചെയ്യേണ്ടത് അതിന് നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുക എന്നതാണ്. പുതിയ കാര്യങ്ങൾ സാങ്കേതികതയുടെ സഹായത്തോടെ സ്ഥിരമായി പരീക്ഷിക്കുക എന്നും ലിങ്കണ്‍ ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ സത്യ രാമനാഥൻ പറഞ്ഞു. എഐ മനുഷ്യർക്ക് പകരമാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ ഇനിയും എഐ ഉപയോഗിച്ചു തുടങ്ങിയിട്ടില്ലാത്തവർക്ക് പകരമായി എഐ തുടർച്ചയായി ഉപയോഗിക്കുന്നവർ പകരക്കാരായി എത്താനാണ് സാധ്യത. കമ്പനിയുടെ ആവശ്യങ്ങൾക്കനുസരിച്ച് ഇഷ്ടാനുസൃതമാക്കിയ, സന്ദർഭ അവബോധമുള്ള എഐയിൽ ഞങ്ങൾ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും സത്യ രാമനാഥൻ പറഞ്ഞു.
ബാങ്കിങ് മേഖലയിൽ ഉപഭോക്താക്കളെ സഹായിക്കാനും ബാങ്കിങ് ജോലികള്‍ എളുപ്പമാക്കാനും നിരവധി എഐ ടൂളുകൾ ഉപയോഗിക്കുന്നു. ബാങ്കിങ്ങിന്റെ മിക്ക പ്രവർത്തനങ്ങളിലും ഇന്ന് എഐയുടെ സാന്നിധ്യം പ്രകടമാണ്. ബാങ്കിങ് മേഖലയിൽ നേരിടുന്ന നിരവധി വെല്ലുവിളികൾ പരിഹരിക്കാൻ ഐഎ ഉപയോഗിക്കുന്നുണ്ടെന്നും സത്യ രാമനാഥൻ പറഞ്ഞു.
∙ പ്ലാസ്റ്റിക് നിർമാജന മേഖലയിലും എഐ സഹായം: ആൽവിൻ ജോർജ്
യൂറോപ്പിലൊന്നും പ്ലാസ്റ്റിക് വേസ്റ്റ് വഴിയിലൊന്നും കാണാൻ സാധിക്കില്ല. വേസ്റ്റ് കുറയ്ക്കാൻ ആണ് പ്ലാസ്റ്റിക് വേസ്റ്റിൽ നിന്ന് ഫർണിച്ചർ എന്ന ആശയം നടപ്പിലാക്കിയത്. വേസ്റ്റ് കുറച്ചാൽ, അല്ലെങ്കിൽ കൃത്യമായി സംസ്കരിച്ചാൽ മാത്രമേ പുരോഗമനം സാധ്യമാകൂ. പ്ലാസ്റ്റിക് നിർമാജന മേഖലയിൽ തീരുമാനങ്ങളെടുക്കാൻ എഐയ്ക്ക് സാധിക്കും. ഒരു ദിവസം കൊണ്ട് ഉണ്ടാക്കേണ്ട ബിസിനസ് പ്രപ്പോസൽ ഒരു മണിക്കൂറിൽ എഐ ഉപയോഗിച്ചുണ്ടാക്കാം. ചെലവ് കുറയ്ക്കാനും എഐ ഒരുപാട് സഹായിക്കുമെന്ന് കാർബൺ ആൻഡ് വേൽ സഹസ്ഥാപകൻ ആൽവിൻ ജോർജ് പറഞ്ഞു.
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് പ്ലാസ്റ്റിക് നിർമാജനമാണ്. ഈ മേഖലയെ സഹായിക്കാൻ എഐ ഉൾപ്പെടെയുള്ള നിരവധി സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ടണ്‍ കണക്കിന് പ്ലാസ്റ്റിക് വേസ്റ്റുകളാണ് ഇതിനകം ഞങ്ങൾ ശേഖരിച്ചത്. ഉതുപയോഗിച്ച് സ്റ്റൂള്‍, ബെഞ്ച് തുടങ്ങി ഉപകാരപ്രദമായ ഫര്‍ണിച്ചറുകൾ നിർമിക്കുന്നു. പരിസ്ഥിതി സൗഹൃദ സംരംഭമായ കാർബൺ ആൻഡ് വേൽ നിരവധി മേഖലകളിൽ എഐയുടെ സഹായം തേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പല കോര്‍പറേഷനുകളുമായി ചേര്‍ന്നും കമ്പനിയുടെ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നു. ഈ പദ്ധതി വഴി പാര്‍ക്കുകളിലും മറ്റും ഇടാനുള്ള ബെഞ്ചുകളും മറ്റും ഉണ്ടാക്കി നല്‍കുന്നുണ്ട്. ഈ ജോലികളെല്ലാം എളുപ്പമാക്കാൻ പുത്തൻ സാങ്കേതിക വിദ്യകളുടെ സഹായം ഉപയോഗിക്കുന്നു.