സർവകലാശാല വൈസ് ചാൻസലറെ ഭയപ്പെടുത്തി തട്ടിയത് 14 ലക്ഷം; 'ഇഡിയെന്ന' വ്യാജേന ഡിജിറ്റൽ അറസ്റ്റ്; ആരും തട്ടിപ്പിൽ വീഴാം

Mail This Article
'ഡിജിറ്റൽ അറസ്റ്റ്' - തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഈ വാക്ക് നാം നിരന്തരം കേൾക്കുന്നതെങ്കിലും ഇപ്പോഴും നിരവധി ആളുകൾക്കു ഈ വഞ്ചനയിൽ കുടുങ്ങി പണം നഷ്ടപ്പെടുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്റർനെറ്റുമായും സമൂഹമാധ്യമങ്ങളുമായി ബന്ധമില്ലാത്തവരാകാം ഇത്തരത്തിൽ കുടുങ്ങുന്നതെന്നു കരുതരുത്, അടുത്തിടെ ഡിജിറ്റൽ അറസ്റ്റിന് നിർബന്ധിതനായി ബന്ദിയായി കിടക്കുകയും 14 ലക്ഷം രൂപ നഷ്ടപ്പെടുകയും ചെയ്തത് ഒരു സർവകലാശാല വൈസ് ചാൻസലർക്കാണ്.
ബെർഹാംപൂർ സർവകലാശാല വൈസ് ചാൻസലറായ ഗീതാഞ്ജലി ഡാഷിന് ഫെബ്രുവരി 12ന് ഇഡി ഉദ്യോഗസ്ഥയാണെന്ന് അവകാശപ്പെടുന്ന ഒരാളിൽ നിന്ന് ഫോണ്‍ കോൾ ലഭിച്ചു. ബാങ്ക് അക്കൗണ്ടിൽ കോടിക്കണക്കിന് രൂപ ഗീതാഞ്ജലി നിക്ഷേപിച്ചതായും ഇഡി കേസിൽ അവർ ഉൾപ്പെട്ടിട്ടുണ്ടെന്നും പറയുകയും ഡിജിറ്റൽ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
വിളിച്ചയാൾ കുടുംബാംഗങ്ങളുടെ ഉള്‍പ്പെടെയുള്ള വിവരങ്ങൾ പറഞ്ഞതോടെയാണ് ഗീതാഞ്ജലി തട്ടിപ്പിൽ വീണത്. ഓഡിറ്റിനായ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ ഇഡി ഉദ്യോഗസ്ഥയുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു.
വിശ്വാസം നേടുന്നതിനായി, അവർ അവളുടെ അക്കൗണ്ടിലേക്ക് 80,000 രൂപ തിരികെ നൽകുകയും ചെയ്തു. വിളിച്ചയാൾ പിന്നീട് ബന്ധപ്പെടാത്തതോടെയാണ്, വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കുകയും പരാതി നൽകുകയും ചെയ്തത്.
തടയാം തട്ടിപ്പു സംഘത്തെ
∙വെർച്വൽ അറസ്റ്റ് എന്നൊന്ന് ഇന്ത്യയിലില്ല
∙നേരിട്ട് ഓഫിസിലേക്കു വരാമെന്നോ ഔദ്യോഗികഫോണിലേക്കു തിരിച്ചുവിളിക്കാമെന്നോ മറുപടി നൽകിയാൽ അവർ സമ്മതിക്കുന്നില്ലെങ്കിൽ അതു തട്ടിപ്പാണെന്ന് മനസ്സിലാക്കുക.
∙വിഡിയോ കോളിൽ പൊലീസ് യൂണിഫോമിൽ വന്നാണു കാര്യങ്ങൾ പറയുന്നതെങ്കിലും കണ്ണടച്ചു വിശ്വസിക്കരുത്
∙തട്ടിപ്പിനിരയായാൽ ഉടൻ പൊലീസിൽ അറിയിക്കുക
∙ സൈബർ ഹെൽപ് ലൈൻ നമ്പർ– 1930