ഉത്സവത്തിനിടെ എഐ റോബട് 'ഇടഞ്ഞു', പിടിച്ചുമാറ്റിയതിനാൽ സംഘർഷം ഒഴിവായി, അമ്പരപ്പിക്കുന്ന വിഡിയോ

Mail This Article
ഉത്സവത്തിനിടെ അക്രമാസക്തനായ എഐ റോബട് ആളുകളെ ആക്രമിക്കുന്ന വിഡിയോയിൽ അമ്പരന്ന് ലോകം. വടക്കുകിഴക്കൻ ചൈനയിലെ ടിയാൻജിനിൽ നടന്ന സ്പ്രിങ് ഫെസ്റ്റിവൽ ഗാലയിലാണ്(റോബടിക് പരേഡുൾപ്പെടെ അരങ്ങേറുന്നത് കാണാം) സംഭവം ഉണ്ടായത്.
എഐ നിയന്ത്രിത റോബടുകളിലൊന്ന് പെട്ടെന്ന് ആളുകളുടെ നേരേ അക്രമാസക്തനായെന്ന പോലെ കുതിച്ചെത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്നവരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. നിയന്ത്രണം നഷ്ടമായിത്തുടങ്ങയെന്നും റോബട് അപോകലിപ്സ് ആരംഭിച്ചു കഴിഞ്ഞുവെന്നുമൊക്കെയാണ് പലരും വിഡിയോയുടെ കമന്റായി നൽകുന്നത്
ഫെസ്റ്റിവലിനിടെ ഇടഞ്ഞ റോബട്ടിന് സുരക്ഷാ ഉദ്യോഗസ്ഥൻ ഇടപെട്ട് പിടിച്ചു മാറ്റിയതിനാൽ സ്ഥിതിഗതികൾ നിയന്ത്രണത്തിലായി. സംഭവത്തിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. യൂണിട്രീ റോബട്ടിക്സ് നിർമ്മിച്ച ഒരു "ഹ്യൂമനോയിഡ് ഏജന്റ് എഐ അവതാർ" ആണ് ഈ വിഡിയോയിലുള്ളതെന്ന് റിപ്പോർട്ടുകളുണ്ട്.
ചെറിയൊരു റോബടിക് തകരാർ മാത്രം എന്നാണ് പരിപാടിയുടെ സംഘാടകർ ഇതിനെ വിശേഷിപ്പിക്കുന്നത്, കൂടാതെ പരിപാടിക്ക് മുമ്പ് ഈ റോബട്ടുകളെല്ലാം സുരക്ഷാ പരിശോധനകളിൽ വിജയിച്ചിരുന്നുവെന്നും അവർ പറയുന്നു. പക്ഷേ ഇതുപോലുള്ള അപ്രതീക്ഷിതമായ തകരാർ പൊതു ഇടങ്ങളിൽ എഐ പവേർഡ് റോബട്ടുകളുണ്ടാക്കാവുന്ന അപകടസാധ്യതകളെക്കുറിച്ചുള്ള ആശങ്കകൾ ഈ വിഡിയോ ഉയർത്തുന്നുണ്ട്.