മസ്കിനെ അത്ര ഇഷ്ടപ്പെട്ടില്ലേ?, എങ്കിൽ 'പുറത്തേക്കെറിയും'; അസാധാരണ പിന്തുണയുമായി ട്രംപ്

Mail This Article
അമേരിക്ക പാപ്പരായേക്കാമെന്ന വാദം ഉന്നയിച്ചിരിക്കുകയാണ് ടെസ്ല മേധാവി ഇലോണ്‍ മസ്ക്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നടത്തിയ ആദ്യ മന്ത്രിസഭാ യോഗത്തില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് മസ്ക് തന്റെ വാദം വീണ്ടും ഉന്നയിച്ചത്.
ചെലവ ചുരുക്കലിന്റെ ഭാഗമായി രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന കൂട്ടപ്പിരിച്ചുവിടലിന്റെ 'ക്വട്ടേഷന്‍' ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ മസ്കിനാണ് ട്രംപ് നല്‍കിയിരിക്കുന്നത്. ഇതിനായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യന്‍സി (ഡോജ്) എന്നൊരു വകുപ്പു തന്നെ സ്ഥാപിച്ചിട്ടുമുണ്ട്.

താരം മസ്ക് തന്നെ
മീറ്റിങിലെ താരം, ട്രംപോ, ഏതെങ്കിലും ക്യാബിനറ്റ് അംഗമോ ആയിരുന്നില്ല മസ്ക് തന്നെയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു സൂപ്പര്‍ സ്റ്റാര്‍ എത്തുമ്പോഴുള്ള പ്രതികരണമായിരുന്നു മറ്റുള്ളവരില്‍ നിന്ന് അദ്ദേഹത്തിന് മീറ്റിങില്‍ ലഭിച്ചത്.
തന്റെ വകുപ്പായ ഡോജിനെക്കുറിച്ച് മീറ്റിങില്‍ സംസാരിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടപ്പോഴായിരുന്നു, ഇപ്പോള്‍ ചെയ്യുന്നില്ലെങ്കില്‍ അമേരിക്ക പാപ്പരാകും എന്ന് മസ്ക് പറഞ്ഞത്. ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതിന് മേല്‍നോട്ടം വഹിക്കുന്നതിന്റെ പേരില്‍ തനിക്ക് വിമര്‍ശനത്തിനു പുറമെ ധാരാളം വധഭീഷണിയും ലഭിക്കുന്നുണ്ടെന്നും മസ്ക് അവകാശപ്പെട്ടു.

അസാധാരണ പിന്തുണയുമായി ട്രംപും
ട്രംപ് ഭരണകൂടത്തിലെ പലര്‍ക്കും മസ്കിന്റെ നേതൃത്വത്തില്‍ നടക്കുന്ന പിരിച്ചുവിടലിനെക്കുറിച്ച് എതിരഭിപ്രായമുണ്ടെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെ, ക്യാബിനറ്റ് മീറ്റിങില്‍ പ്രസിഡന്റ് ചോദിച്ചത്: 'മസ്കിന്റെ പ്രവര്‍ത്തനത്തില്‍ ആരെങ്കിലും അസംതൃപ്തരാണോ? ആണെങ്കില്‍ അവരെ ഇവിടെനിന്ന് പുറത്തെറിയും.' എന്നാണത്രെ
ചിലര്‍ക്ക് അല്‍പ്പസ്വല്‍പ്പം യോജിപില്ലായ്മ ഒക്കെ ഉണ്ടാകാം. പക്ഷെ മിക്കവരും സന്തുഷ്ടര്‍ മാത്രമല്ല, വല്ലാതെ ത്രില്ലടിച്ചിരിക്കുകയുമാണെന്നുമൊക്കെ ട്രംപ് പറഞ്ഞു. മീറ്റിങിനു മുമ്പ് തന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത് സോഷ്യലില്‍ ട്രംപ് കുറിച്ചത്, 'എല്ലാ ക്യാബിനറ്റ് അംഗങ്ങളും മസ്കിന്റെ പ്രവര്‍ത്തനത്തില്‍ അത്യന്തം സന്തുഷ്ടരാണ്,' എന്നായിരുന്നു.