കടി കിട്ടിയ ആ ആപ്പിൾ, ആ ലോഗോയ്ക്ക് പിന്നിലുള്ള രഹസ്യം നമ്മളുദ്ദേശിച്ചതൊന്നും അല്ല

Mail This Article
3.558 ട്രില്യൻ ഡോളര്‍ ആസ്തിയുള്ള, ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായ ആപ്പിളിന്റെ ലോഗോ പെട്ടെന്നു തിരിച്ചറിയപ്പെടുന്നതാണ്, ലളിതവുമാണ്. എന്നാൽ അതിലൊരു നിഗൂഢതയുമുണ്ട്. അതിനാല്‍ തന്നെ ഈ വാണിജ്യ ചിഹ്നത്തെ ചുറ്റിപ്പറ്റി ധാരാളം കഥകളുമുണ്ട്. ഇത് രൂപകല്‍പ്പന ചെയ്തപ്പോള്‍ യഥാര്‍ത്ഥത്തില്‍ താന്‍ എന്താണ് പദ്ധതിയിട്ടതെന്ന് എന്ന് വ്യക്തമാക്കി, ആപ്പിളിന്റെ വിഖ്യാത ലോഗോ ഡിസൈന്‍ ചെയ്ത റോബ് ജാനോഫ് ഇപ്പോള്‍ രംഗത്തെത്തിയതോടെ അതിന്റെ ഉത്ഭവവും, അതിനെക്കുറിച്ച് പ്രചരിച്ചിരുന്ന കഥകളും വീണ്ടും ചര്‍ച്ചയാകുകയാണ്.
'ഒരു കടി കിട്ടിയ ആപ്പിള്‍' എന്ന തോന്നല്‍ നല്‍കുന്ന വാണിജ്യ ചിഹ്നം ഉപയോഗിക്കുക വഴി കമ്പനി എന്തെങ്കിലും അര്‍ഥമാക്കുന്നുണ്ടോ? ഇതെക്കുറിച്ച് ഒട്ടനവധി കഥകള്‍ പ്രചരിച്ചിരുന്നു. ഇതിലൊന്ന് വിഖ്യാത ശാസ്ത്രജ്ഞനായ ഐസക് ന്യൂട്ടന്റെ തലയില്‍ പതിച്ച ആ 'ആപ്പിള്‍' ആണ് അതെന്നായിരുന്നു. അതില്‍ ഒരുതരി സത്യമില്ലെന്ന് പറയാനും വയ്യെന്ന് ആദ്യ ആപ്പിള്‍ ലോഗോയെക്കുറിച്ച് അറിയാവുന്നവര്‍ പറയും.
മറ്റൊരു സങ്കല്‍പ്പം ബൈബിളിലെ ആദം കടിച്ച ആപ്പിളാണ് ഇതെന്നതായിരുന്നു. ഇത്തരത്തില്‍ പല കഥകളും പ്രചരിച്ചിരുന്നു. അധികമാര്‍ക്കും അറിയാത്ത ആദ്യ ലോഗോ അടക്കം, ആപ്പിള്‍ ഉപയോഗിച്ച വാണിജ്യ ചിഹ്നങ്ങളുടെ കഥയിതാ:
ആദ്യ ആപ്പിള്‍ ലോഗോ
ന്യൂട്ടന്റെ തലയില്‍ വീണ ആപ്പിള്‍ ആണ് ലോഗോ വഴി കമ്പനി ഉദ്ദേശിച്ചതെന്ന് കരുതാന്‍ ഒരു കാരണമുണ്ട്. കമ്പനി 1976ല്‍ ആദ്യമായി ഉപയോഗിച്ച ലോഗോ ഒരു രേഖാചിത്രം ആയിരുന്നു. ന്യൂട്ടനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഒരാള്‍ ഒരു മരത്തിനു കീഴില്‍ പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന ഒരു സ്‌കെച്. അദ്ദേഹത്തിന്റെ തലയിലേക്കു വീഴാന്‍ റെഡിയായി നില്‍ക്കുന്ന ആപ്പിളും വ്യക്തമായി കാണാം.
ഈ ലോഗോ സ്പഷ്ടമായും, ഗുരുത്വാകര്‍ഷണം എന്ന ശക്തിയെ തിരിച്ചറിഞ്ഞ ന്യൂട്ടന് ഒരു ഒരു വന്ദനം തന്നെയായിരുന്നു. കാരണം അതിനൊപ്പം 'വിചിത്ര ചിന്തകളുടെ കടലില്‍ ഒറ്റയ്ക്ക് യാത്രചെയ്യുന്ന ന്യൂട്ടന്റെ മനസിനെ''ക്കുറിച്ച് ആംഗല കവി വില്ല്യം വേഡ്‌സ്‌വര്‍ത്തിന്റേതെന്ന് കരുതിവന്ന ഒരു കവിതാശകലവും ഉണ്ടായിരുന്നു:
(Newton… a mind forever voyaging through strange seas of thought… alone.)
ആദ്യ ലോഗോ സങ്കീര്‍ണ്ണമായിരുന്നു. അതിനാല്‍ തന്നെ അതിന് അധികം ആയുസും ഉണ്ടായിരുന്നില്ല. അതിനു പകരം ഇന്നു നമ്മള്‍ കാണുന്ന തരത്തിലുള്ള 'കടിച്ച' ആപ്പിള്‍ ലോഗോ തയാര്‍ ചെയ്തത് 1977ല്‍ ജാനോഫ് ആയിരുന്നു. ഈ ലോഗയോക്ക് മഴവില്ലിലെ നിറങ്ങളും, ഒന്നിനു താഴെ ഒന്നായി രേഖപ്പെടുത്തിയിരുന്നു.
ആപ്പിളിന് കളര്‍ മോണിട്ടറുകള്‍ ഉണ്ടായിരുന്നു. ആ കാലത്ത് സാങ്കേതികവിദ്യാപരമായി ഇതൊരു വമ്പന്‍ നേട്ടം കൂടെയായിരുന്നു. തങ്ങളുടെ എതിരാളികള്‍ക്ക് അതില്ല എന്നു കാണിക്കാന്‍ കൂടെയായിരുന്നു വര്‍ണ്ണങ്ങളോടു കൂടിയ ആപ്പിള്‍ ലോഗോ. ഇത് 1998 വരെ കമ്പനി ഉപയോഗിച്ചുവന്നു. ആപ്പിളിനെ സംബന്ധിച്ച് ഈ വര്‍ഷങ്ങള്‍ക്ക് മറ്റൊരു പ്രാധാന്യവുമുണ്ട്-കമ്പനിയുടെ സ്ഥാപകരില്‍ ഒരാളായിരുന്ന സ്റ്റീവ് ജോബ്‌സ് പുറത്താക്കപ്പെട്ട ശേഷം മേധാവിയായി തിരിച്ചെത്തിയത് 1997ല്‍ ആയിരുന്നു.
കമ്പനി തകര്‍ച്ചയുടെ വക്കിലായിരുന്നല്ലോ. തിരിച്ചെത്തിയ ജോബ്‌സ് മുമ്പ് തനിക്കൊപ്പമുണ്ടായിരുന്ന പ്രതിഭാധനരായ പലരും അപ്പോഴും ആപ്പിളില്‍ ഉണ്ട് എന്നു കണ്ട് അത്ഭുതപ്പെടുകയും, നിങ്ങളൊക്കെ എന്തുകൊണ്ട് കൊളളാവുന്ന കമ്പനികളിലേക്ക് നേരത്തെ കുടിയേറിയില്ല എന്ന് ആശ്ചര്യത്തോടെ ചോദിക്കുകയും ചെയ്തു.

പഴയ കപ്പിത്താന്‍ ജോബ്‌സിനൊപ്പം പുത്തന്‍ ഇനിങ്‌സ് ആംരഭിക്കാന്‍ തുടങ്ങിയ ആപ്പിള്‍ ജീവനക്കാര്‍ വീണ്ടും ലോഗോ പരിഷ്‌കരിക്കണമോ എന്ന് ചര്‍ച്ച ചെയ്തു. അവര്‍ക്ക് തീരുമാനമെടുക്കാന്‍ സാധിക്കാത്തതിനാല്‍ അതും ജോബ്‌സിന്റെ വിവേചനധികാരത്തിന് വിട്ടുകൊടുത്തു. അദ്ദേഹമാണ് മഴവില്‍ നിറങ്ങള്‍ ചോര്‍ത്തിക്കളഞ്ഞ് ആപ്പിളിന്റെ അതിലളിതമായ ഇപ്പോഴത്തെ ലോഗോയ്ക്ക് ഉയിരു നല്‍കിയത്.
മഴവില്‍ നിറങ്ങള്‍ക്ക് എന്തു സംഭവിച്ചു?
എന്നുവച്ച് മഴവില്‍ നിറങ്ങളെ ആപ്പിള്‍ അങ്ങനെ ഒഴിവാക്കുകയൊന്നും ചെയ്തില്ല. ഓഫിസിന്റെ കവാടത്തില്‍ തന്നെ അവ പുത്തിന്‍ ശോഭയോടെ, വർണ രാജികള്‍ ചൊരിഞ്ഞ് നില്‍ക്കുന്നു എന്ന് കമ്പനി ഉറപ്പാക്കി. ഐമാക് ശ്രേണികളെ പലപ്പോഴും ഈ വര്‍ണങ്ങൾ നല്‍കി അണിയിച്ചൊരുക്കി വിപണിയിലെത്തിക്കുന്ന രീതിയും ആപ്പിള്‍ പിന്തുടരുന്നു.
എന്താണ് കടി കിട്ടയ ആപ്പിള്‍ ലോഗോ ഡിസൈനിലേക്ക് നയിച്ചത്?
ആദം വിലക്കപ്പെട്ട കനി തിന്നത് അനുസ്മരിക്കാനോ, മറ്റെന്തെങ്കിലും ടെക്‌നോളജി പ്രതീകത്തെ അടയാളപ്പെടുത്താനോ അല്ല താന്‍ ആപ്പിള്‍ ലോഗോ വരച്ചത് എന്നാണ് ഇപ്പോള്‍ റോബ് ജാനോഫ് വെളിപ്പെടുത്തിയിരിക്കുന്നത്. ക്രിയേറ്റിവ് ബിറ്റ്‌സ് എന്ന ചാനലിനു നല്‍കിയ അഭിമുഖ സംഭാഷണത്തിലാണ് ഇക്കാര്യം പറയുന്നത്.

എന്നാല്‍, അതൊന്നുമല്ല യഥാര്‍ത്ഥ ഡിസൈന്‍ വരച്ചിടാനുണ്ടായ കാരണം. ആരെങ്കിലും ഒരു കഥയെടുത്തിടും, അതു കേള്‍ക്കുന്നപാടേ അതാണ് കാര്യമെന്നു പറഞ്ഞ് മറ്റുള്ളവര്‍ അത് ഏറ്റുപിടിക്കും. അതെല്ലാം അസംബന്ധങ്ങളാണ്, റോബ് പറഞ്ഞു.
ആപ്പിളിന്റെ ലോഗോ തയാറാക്കിയ 1977ല്‍ താന്‍ റെഗിസ് മക്‌കെന (Regis McKenna) എന്ന പരസ്യ ഏജന്‍സിക്കു വേണ്ടി പണിയെടുക്കുകയായിരുന്നു. ആദ്യ കാലത്ത് ആപ്പിളിന്റെ ബ്രാന്‍ഡിങ് പണിയെല്ലാം എടുത്തിരുന്നത് ഈ ഏജന്‍സിയായിരുന്നു. ആ കാലത്ത് ആപ്പിള്‍ ഒരു ചെറിയ കമ്പനിയായിരുന്നു, റോബ് പറയുന്നു.
അതിന്റെ നടത്തിപ്പുകാരായിരുന്ന ജോബ്‌സും, സ്റ്റിവ് വോസ്‌നിയാക്കും അവരുടെ കംപ്യൂട്ടിങ് കാഴ്ചപ്പാട് വെളിവാക്കുന്ന ഒരു ലോഗോ വരച്ചു കിട്ടാന്‍ താത്പര്യപ്പെട്ടു നടക്കുന്ന കാലമായിരുന്നു, റോബ് ഓര്‍ത്തെടുക്കുന്നു. ചിത്രീകരണം നൂതനവും, ഉപഭോക്തൃ സൗഹൃദവുമായിരിക്കണം എന്നതാണ് അവരുടെ ആവശ്യം.
ലോഗോ എങ്ങനെയായിരിക്കണം എന്ന കാര്യത്തില്‍ ഇരുവരും കാര്യമായി ഒരു നിര്‍ദ്ദേശവും വച്ചിരുന്നില്ല. ലോഗോ 'ക്യൂട്ട്' ആയിരിക്കരുത് എന്നു മാത്രം ജോബ്‌സ് ആവശ്യപ്പെട്ടിരുന്നു എന്നും റോബ് പറയുന്നു. തന്റെ സര്‍ഗ്ഗാത്മക സ്വാതന്ത്ര്യത്തില്‍ ഊന്നി നിന്ന്, സുതാര്യമല്ലാത്ത ഒരു ആപ്പിളിന്റെ ഒരു സ്കെച് വരച്ചു. ഭാവിയിലെ കംപ്യൂട്ടിങിനെക്കുറിച്ചുളള ഒരു കാഴ്ച്ചപ്പാട് അതില്‍ അടങ്ങിയിരുന്നു എന്നും അദ്ദേഹം അവകാശപ്പെടുന്നു.
എന്തുകൊണ്ട് ആപ്പിളിന്റെ ഒരു ഭാഗം കടിച്ചെടുത്തതു പോലെ തോന്നിക്കുന്നു?
ഇത് പ്രായോഗികത മാത്രം കണക്കിലെടുത്തു വരുത്തിയ മാറ്റമാണ് എന്ന് റോബ് പറയുന്നു. ലോഗോ ഒറ്റ നോട്ടത്തില്‍, സംശയത്തിനിട നല്‍കാത്ത രീതിയല്‍ ഒരു ആപ്പിള്‍ ആണെന്നു തോന്നണം. അല്ലെങ്കില്‍ അത് ഒരു ചെറി, പീച്ച് തുടങ്ങി വൃത്താകൃതി തോന്നിക്കുന്ന ഏതെങ്കിലും പഴമാണോ എന്ന സന്ദേഹം വരാം. അത് ഒഴിവാക്കാനാണ് ഒരു ഭാഗം നീക്കം ചെയ്ത രീതിയില്‍ ആപ്പിള്‍ ചിത്രീകരിച്ചത് എന്നാണ് റോബ് പറയുന്നത്.
ആലങ്കാരികമായിട്ട് നോക്കിയാല്‍, ഒരു ഉപയോക്താവിന് ഒരു കടിയില്‍ ഈ കംപ്യൂട്ടറില്‍ നിന്ന് കിട്ടാവുന്ന എല്ലാ അറിവിനെയും ഇത് പ്രതിനിധാനം ചെയ്യുന്നു, എന്നും അദ്ദേഹം പറയുന്നു.

എന്തുകൊണ്ടാണ് ആപ്പിള്‍ ലോഗോ ഇങ്ങനെയിരിക്കുന്നത് എന്നതിനെക്കുറിച്ച് നേരത്തെ നിലനിന്നിരുന്ന ഒരു തിയറിയാണ് ബൈറ്റ്-ബൈറ്റ് (byte-bite). അതിന്റെ ശക്തിയില്ലെങ്കിലും ഇപ്പോള്‍ വളരെ വ്യക്തമാണ് ആപ്പിള്‍ ലോഗോയ്ക്ക് പിന്നിലുള്ള ആശയം. ഓരോ ആപ്പിള്‍ ഉല്‍പ്പന്നവും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന ഈ ലോഗോ, ലോകത്ത് തന്നെ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയപ്പെടുന്ന ഒന്നായി തീര്‍ന്നതിന്റെ കഥ ഇങ്ങനെയാണ്.
ബൈറ്റ്-ബൈറ്റ് തിയറി മനസില്‍വച്ചല്ല താന്‍ ലോഗോ രൂപല്‍പ്പന ചെയ്തതെന്ന് റോബ് പറയുന്നു. എന്നാല്‍, ഇക്കാര്യം താന്‍ ജോലിയെടുത്തിരുന്ന കമ്പനിയിലെ ക്രിയേറ്റിവ് ഡയറക്ടര്‍ അന്നേ ചൂണ്ടിക്കാണിച്ചിരുന്നു എന്നും റോബ് പറയുന്നു. പക്ഷെ, അതു മനസിലാക്കാനുള്ള കംപ്യൂട്ടര്‍ വിജ്ഞാനമൊന്നും തനിക്ക് അന്ന് ഇല്ലായിരുന്നു എന്നും റോബ് മടിയില്ലാതെ തുറന്നു സമ്മതിക്കുന്നു. അങ്ങനെയാണെങ്കില്‍ സംഗതി കൊള്ളമല്ലോ എന്ന താന്‍ ഓര്‍ത്തതായും അദ്ദേഹം പറയുന്നു.