യൂറോപ്യൻ വിമാനത്തിൽ ആദ്യമായി സ്റ്റാർലിങ്ക്! എയർബാൾട്ടിക്കിൽ അതിവേഗ ഇന്റർനെറ്റ്

Mail This Article
ഒരു യൂറോപ്യൻ വിമാനസർവീസിൽ ആദ്യമായി സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് വൈഫൈ സേവനം. ലാത്വിയൻ എയർലൈൻസായ എയർബാൾട്ടിക്കാണ് ഈ സേവനം ഏർപ്പെടുത്തിയത്. സാധാരണ വിമാന വൈഫൈ സേവനത്തെക്കാൾ ഉയർന്ന വേഗം കിട്ടുമെന്നതാണ് ഇതുകൊണ്ടുള്ള പ്രധാന സവിശേഷത. അൺലിമിറ്റഡായിട്ടാണ് വിമാനത്തിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നത്.
സാധാരണഗതിയിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്ന ഉപഗ്രഹങ്ങൾ ഭൂമിക്ക് 35,786 കിലോമീറ്റർ ഉയരത്തിലാണു സ്ഥിതി ചെയ്യുന്നത്. എന്നാൽ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഭൂമിയിൽനിന്ന് 550 കിലോമീറ്റർ ഉയരത്തിലായതിനാൽ വേഗം വളരെ കൂടുതൽ ആയിരിക്കും.
ഓൺലൈൻ ഗെയിമിങ് ഉൾപ്പെടെ അതിവേഗ ഇന്റർനെറ്റ് വേണ്ട സേവനങ്ങൾ എയർ ബാൾട്ടിക്കിൽ ലഭ്യമാകും. ഇൻഫ്‌ളൈറ്റ് വൈഫൈ എന്നാണു വിമാനത്തിനുള്ളിൽ നൽകുന്ന വൈഫൈയ്ക്കു പറയുന്ന പേര്. രാജ്യാന്തര തലത്തിൽ പല വിമാനസർവീസുകളിലും ഇത്തരം വൈഫൈ ലഭിക്കാറുണ്ട്.
എങ്ങനെയാണ് വിമാനത്തിനുള്ളിൽ വൈഫൈ ലഭിക്കുന്നത്?
ഭൗമോപരിതലത്തിൽ സ്ഥിതി ചെയ്യുന്ന സെല്ലുലർ ടവറുകൾ, അല്ലെങ്കിൽ ബഹിരാകാശ ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങൾ എന്നിവ വഴിയാണു വിമാനത്തിൽ വൈഫൈ ലഭിക്കുന്നത്.വിമാനത്തിന്‌റെ അടിഭാഗത്തു ഘടിപ്പിച്ചിട്ടുള്ള ഒരു ആന്‌റിനയിൽ നിന്നാണു ഭൗമോപരിതല സെല്ലുലർ ടവറുകളിൽ നിന്നും ഇന്‌റർനെറ്റ് സിഗ്നലുകൾ സ്വീകരിക്കുന്നത്. കൂടുതൽ സ്ഥിരതയും മികവുമുള്ള ഇന്‌റർനെറ്റ് ഇതുവഴി ലഭിക്കും. എന്നാൽ മരുഭൂമികൾ, കടലുകൾ പോലെയുള്ള വലിയ ജലാശയങ്ങൾ എന്നിവയ്ക്കു മുകളിലൂടെ പറക്കുമ്പോൾ ഈ ഇന്‌റർനെറ്റിന്‌റെ ശേഷി കുറയാം. സെല്ലുല്ലർ ടവറുകളുടെ എണ്ണം കുറവായത് ഇത്തരം ഇന്‌റർനെറ്റിനൊരു വെല്ലുവിളിയാണ്.
വിമാനത്തിന്‌റെ മുകൾഭാഗത്തു ഘടിപ്പിച്ച ആന്‌റിനയാണു ഉപഗ്രഹ ഇന്‌റർനെറ്റ് സിഗ്നലുകൾ പിടിച്ചെടുക്കുക. ഗ്രൗണ്ട് ടവറുകളിലെ ഇന്‌റർനെറ്റ് ദുർലഭമായ ഭൂമേഖലകളിൽ പോലും ഈ സേവനം ലഭ്യമാണെന്നുള്ളതാണ് ഇതിന്‌റെ പ്രധാന ആകർഷണം. എന്നാൽ ഭൂമിയിലെ ഇന്‌റർനെറ്റുമായി തട്ടിച്ചുനോക്കുമ്പോൾ ആകാശത്തു പറക്കുന്ന വിമാനത്തിലെ ഇന്‌റർനെറ്റിനു വേഗം കുറവാണ്.
പല രാജ്യാന്തര സർവീസുകളും ഒരു നിശ്ചിത അളവ് ഡേറ്റ ഉപയോക്താവിനു ഫ്രീയായി കൊടുത്തശേഷം പിന്നീടുള്ളതിന് ഫീസ് ഏർപ്പെടുത്താറുണ്ട്. ഇന്‌റർനെറ്റ് ലഭ്യമാകാനായി ആന്‌റിന സ്ഥാപിക്കാൻ എയർലൈനുകൾക്കു വലിയ ചെലവുണ്ട്.