റെസ്യൂമെ വേണ്ട, കോളജ് പ്രശ്നമില്ല, ശമ്പളം 40 ലക്ഷം...അമ്പരപ്പിച്ച ജോബ് പോസ്റ്റ്; ഞെട്ടിയത് കമ്പനിയുടമ

Mail This Article
സമൂഹമാധ്യമമായ എക്സിനെ എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാനാവുന്ന ഒരുപ്ലാറ്റ്ഫോമായി മാറ്റണമെന്നായിരുന്നു മസ്കിന്റെ ലക്ഷ്യം. ഈ ആഗ്രഹം സാധിച്ചതായി വ്യക്തമാക്കുന്നതാണ് ഒരു എഐ കമ്പനി ഉടമ സോഫ്റ്റ്വെയർ എൻജിനീയറെ തേടി എക്സിൽ ഇട്ട പോസ്റ്റ്.
സ്മോളസ്റ്റ് എഐയുടെ സ്ഥാപകനായ സുദർശൻ കാമത്താണ്, തന്റെ കമ്പനി 'ഒരു ഫുൾ-സ്റ്റാക്ക് എൻജിനീയറെ നിയമിക്കാൻ നോക്കുന്നതായും പ്രതിവർഷം 40 ലക്ഷം രൂപ (എൽപിഎ) പാക്കേജ് വാഗ്ദാനം ചെയ്യുമെന്നും' എക്‌സിൽ പ്രഖ്യാപിച്ചത്.
പോസ്റ്റ് വൈറലായതിനുശേഷം ഇപ്പോഴിതാ വന്ന ഉദ്യോഗാർഥികളിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടായി മാറിയെന്നാണ് കമ്പനിയുടമസ്ഥൻ പറയുന്നത്. ഇൻബോക്‌സ് ഇമെയിലുകളാൽ നിറഞ്ഞുവെന്നും ആപ്ലിക്കേഷനുകൾ ഫിൽട്ടർ ചെയ്യാൻ നിലവിൽ എഐ ഉപയോഗിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും സുദർശൻ കാമത്ത് പറയുന്നു
ശമ്പള ഘടനയിൽ 15-25 എൽപിഎ അടിസ്ഥാന ശമ്പളവും 10-15 എൽപിഎ മൂല്യമുള്ള ഇഎസ്ഒപികളും (എംപ്ലോയീ സ്റ്റോക്ക് ഓണർഷിപ്പ് പ്ലാൻ) ഉൾപ്പെടുന്നു. 0-2 വർഷത്തെ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് കോളേജ് പോലെയുള്ളതൊന്നും തസ്തികയിലേക്ക് അപേക്ഷിക്കാമെന്നും പരമ്പരാഗത റെസ്യൂമെയ്ക്ക് പകരം, അപേക്ഷകർ 100 വാക്കുകളുള്ള സ്വയം പരിചയപ്പെടുത്തലും അവരുടെ മികച്ച സൃഷ്ടികളിലേക്കുള്ള ലിങ്കുകളും ഒരു ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നത്.
ഒരു വൈറൽ പബ്ലിസിറ്റിയും, അതോടൊപ്പം ഒഴിവുകൾ നികത്തലും ഒക്കെയാണ് സുദർശൻ കാമത്ത് ഉദ്ദേശിച്ചിരുന്നതെങ്കിൽ ഇതെല്ലാം ഒരു പോസ്റ്റിലൂടെ സാധ്യമായിരിക്കുന്നു. ജോബ് പോസ്റ്റിങ് വെബ്സൈറ്റിലിടുന്നതിനേക്കാൾ ആളുകളിലേക്കെത്തിയെല്ലോയെന്നാണ് എക്സിലെ വൈറൽ പോസ്റ്റിന്റെ താഴെ വരുന്ന കമന്റുകള്‍.