ഫെയ്സ്ബുക് പോസ്റ്റില്‍ തുടങ്ങി ഇ– കൊമേഴ്സ് പ്ലാറ്റ്ഫോമിലേക്ക്; സ്ത്രീ സംരംഭകർക്കു കൈത്താങ്ങാവുന്ന ഇംപ്രസയുടെ വിജയകഥ

Mail This Article
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇംപ്രസ (Impresa) എന്ന 'സോഷ്യല്‍ ബിസിനസ്' പ്ലാറ്റ്ഫോമിന്റെ സ്ഥാപകയാണ് അഞ്ജലി ചന്ദ്രന്‍. ഒരു സംരംഭകയായി ആയിരുന്നില്ല തുടക്കം. ബിറ്റ്സ് പിലാനിയിൽ നിന്ന് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം കഴിഞ്ഞ് ബെംഗളൂരു വിപ്രോയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുമ്പോഴും പ്രിയം കൈത്തറിത്തുണികളോടു തന്നെയായിരുന്നു. മകൾ ചാരു നൈനിക ജനിച്ചപ്പോൾ അഞ്ജലി സ്വന്തം നാടായ കോഴിക്കോട്ടേക്കു മാറി. അന്നു ബെംഗളൂരുവിൽ നിന്നു കൊണ്ടുവന്ന കുറെ കൈത്തറിത്തുണികൾ ഇംപ്രസ എന്ന ഒരു ഫെയ്സ്ബുക് പേജിൽ പ്രദർശിപ്പിച്ചു. നിരവധഇ ആവശ്യക്കാർ എത്തി.
ദിവസങ്ങൾ കൊണ്ട് തീർന്നപ്പോഴും ആവശ്യക്കാരുടെ അന്വേഷണങ്ങളെത്തി. വിവിധ സംസ്ഥാരുങ്ങളിലുള്ള അഞ്ജലിയുടെ സുഹൃത്തുക്കൾ അവരുടെ നാട്ടിലെ കൈത്തറിയുടെ മേന്മയെക്കുറിച്ചു വാചാലരായി. ആ സമൂഹത്തിന്റെ ദുരിതങ്ങളും പ്രയാസങ്ങളും അഞ്ജലിയുടെ മനസ്സു തൊട്ടു. അങ്ങനെ അഞ്ജലി നെയ്ത്തു ഗ്രാമങ്ങളിലേക്കിറങ്ങി.

ഇന്ത്യയിലെ കൈത്തറി ഗ്രാമങ്ങളിലെ ഉത്പന്നങ്ങൾ നേരിട്ടെത്തിക്കാനും ഹാന്‍ഡ്‌ലൂം നെയ്ത്തുകാര്‍, കൈത്തൊഴില്‍ക്കാര്‍ എന്നിവര്‍ക്ക് കൈത്താങ്ങ് ആകാനുമായി 2012ലാണ് അഞ്ജലി ഇംപ്രസ അവതരിപ്പിച്ചു. ഈ മേഖലയില്‍ ചൂഷണം നടത്തിയിരുന്ന മധ്യവര്‍ത്തികളുടെ ഇടപെടല്‍ സാധിക്കുന്നിടത്തോളം കുറയ്ക്കാനായിരുന്നു അഞ്ജലിയുടെ ശ്രമം
എന്നാൽ ഇപ്പോൾ ഇംപ്രസെയെന്നത് ഒരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ്. ഏതു സ്ത്രീകൾക്കും അവരുടെ ഉത്പന്നങ്ങൾ ലിസ്റ്റ് ചെയ്യാൻ കഴിയുകയും സംരംഭക രംഗത്തേക്കിറങ്ങാൻ സ്ത്രീകളെ കൈപിടിച്ചു നയിക്കുകയും ഡിജിറ്റൽ ലോകത്തെ സാധ്യതകൾ മനസിലാക്കി നൽകുകയും ചെയ്യുന്ന പ്ലാറ്റ്ഫോം.
ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയ ഇംപ്രസ, കേപ്ജെമിനി (Capgemini) 2017ല്‍ തിരഞ്ഞെടുത്ത ലോകത്തെ ഏറ്റവും മികച്ച സോഷ്യല്‍ നെറ്റ്‌വര്‍ക് സ്റ്റാര്‍ട്ട്അപ്പുകളുടെ പട്ടികയില്‍ ഇടംനേടിയിരുന്നു എന്നതു തന്നെ അഞ്ജലിയുടെ നേതൃപാടവം വിളിച്ചറിയിക്കുന്നു. നെയ്ത്തുകാരുടെ പരമ്പരാഗത രീതികള്‍ തെറ്റിക്കാതെ തന്നെ ആധൂനിക വിപണിക്ക് സ്വീകാര്യമായ രീതിയില്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ എത്തിച്ചു നല്‍കുക എന്ന ദൗത്യമായിരുന്നു ഇപ്രസയ്ക്ക് നിറവേറ്റാനുണ്ടായിരുന്നത്.
സോഷ്യല്‍ സംരംഭക എന്ന നിലിയില്‍ ഒരു സ്ത്രീയാല്‍ നയിക്കപ്പെടുന്ന, നെയ്ത്തു മേഖലയിലെ സ്ത്രീകള്‍ക്കായി സ്ഥാപിക്കപ്പെട്ട സ്റ്റാര്‍ട്ട്അപ്പിനെ നയിക്കുക എന്ന, കേരളത്തില്‍ അധികമാരും ഏറ്റെടുക്കാത്ത ദൗത്യമായിരുന്നു അഞ്ജലി നിറവേറ്റിയത്. സ്ത്രീകളുടെ വിഷമതകള്‍ അറിഞ്ഞ് അവ പരിഹരിക്കാനുള്ള ഒരു ശ്രമമായിരുന്നു ഇത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള 300ലേറെ ആര്‍ട്ടിസാന്മാർക്കണ് അഞ്ജലി തുടക്കമിട്ട സോഷ്യല്‍ ബിസിനസിന്റെ ഗുണം കിട്ടിയത്.
പരമ്പരാഗത വസ്ത്രങ്ങളും, തുണിയും നെയ്‌തെടുക്കുന്നതില്‍ ശ്രദ്ധിക്കുന്നവര്‍ക്കു വേണ്ടിയാണ് ഇംപ്രസ പ്രവര്‍ത്തിക്കുന്നത്. സാരികള്‍, മുണ്ടുകള്‍, കൈത്തറിയില്‍ നെയ്‌തെടുക്കുന്നു മറ്റിതര തുണിത്തരങ്ങള്‍ ഒക്കെ നെയ്‌തെടുക്കുന്നവര്‍ക്ക് ഇത് വലിയൊരു അനുഗ്രഹമായി. ഓണ്‍ലൈന്‍ വഴി ഇത്തരത്തിലുളള വസ്തുക്കള്‍ക്കുള്ള 50,000ലേറെ ഓര്‍ഡറുകള്‍ എത്തിച്ചുകൊടുക്കുക എന്ന നേട്ടവും ഇംപ്രസ കൈവരിച്ചിരുന്നു.
നെയ്ത്തുകാര്‍ക്ക് അവരര്‍ഹിക്കുന്ന തരത്തിലൊരു തുക നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടെയായിരുന്നു ഇംപ്രസയയുടെ പ്രവര്‍ത്തനം. ഫെയ്‌സ്ബുക്കില്‍ തുടങ്ങി, പിന്നീട് 2016ല്‍ സ്വന്തം വെബ്‌സൈറ്റിലേക്ക് മാറുകയായിരുന്നു ഇംപ്രസ.
ചാലഞ്ചുകൾ
കോവിഡ് കാലത്തു നെയ്ത്തുകാരുടെ കഷ്ടപ്പാടുകൾ കണ്ടപ്പോൾ നടത്തിയ ചാലഞ്ച് ജനങ്ങൾ ഏറ്റെടുത്തിരുന്നു. 550 രൂപയ്ക്ക് രണ്ടര മീറ്റർ കൈത്തറിത്തുണി വീട്ടിലെത്തുന്ന ചാലഞ്ചായിരുന്നു അത്. ‘ആത്മാഭിമാനമുള്ള, ആരുടെ മുന്നിലും കൈനീട്ടാത്ത, എട്ടു വർഷമായി കൂടെയുള്ള കുറെ മനുഷ്യരുടെ ജീവിതത്തിൽ ഒരിത്തിരി വെളിച്ചം നൽകാൻ നിങ്ങളെന്റെ കൂടെ നിൽക്കുമോ?’ എന്ന് ഫെയ്സ്ബുക്കിൽ അഞ്ജലി ചോദിച്ചപ്പോൾ കൂടെ നിൽക്കാനെത്തിയത് ആയിരങ്ങളാണ്. അവർ താങ്ങായത് ആന്ധാപ്രദേശിലെ പോച്ചംപള്ളിയിലെ നെയ്ത്തുഗ്രാമങ്ങളിലുള്ള നൂറുകണക്കിനു പേർക്ക്.
പോച്ചംപള്ളി ഇക്കത്താണ് ചാലഞ്ചിൽ പങ്കെടുത്തവർക്ക് ഇന്ത്യ പോസ്റ്റ് വഴി ലഭിച്ചത്. ഷർട്ടോ കുർത്തയോ കുഷ്യൻ കവറോ ടേബിൾ സ്പ്രെഡോ എന്തായും ഉപയോഗിക്കാൻ പറ്റിയ രണ്ടര മീറ്റർ കൈത്തറിത്തുണി. നെയ്തു കൂട്ടിയ തുണികൾ വിറ്റഴിക്കാനാകാതെ കോവിഡ് കാലത്ത് ദുരിതത്തിലായ എത്രയോ നെയ്ത്തുകാർക്ക് ആശ്വാസമായി ചാലഞ്ച്. അവർക്കു വേണ്ടത് സഹായമല്ല, ജോലിയും അതു ചെയ്യാനുള്ള സാഹചര്യവുമാണെന്ന തിരിച്ചറിവിലായിരുന്നു ചാലഞ്ചിന്റെ തുടക്കം.
നാട്ടിൻപുറത്തെ തയ്യൽക്കാർക്കായും നടത്തി ഒരു ചാലഞ്ച്. കോവിഡ് കാലത്ത് സ്കൂളുകൾ പോലുമടച്ചതോടെ പ്രയാസത്തിലായ അവർക്കായും നാടു കൈ കോർത്തു. കൈത്തറിത്തുണി ഓരോരുത്തർക്കും വേണ്ട അളവിൽ വസ്ത്രമായി തയ്ച്ച് അയച്ചുകൊടുക്കുന്നതായിരുന്നു ചാലഞ്ച്. ഗ്രാമങ്ങളിലെ ഒട്ടേറെ ചെറുകിട തയ്യൽക്കാരുടെ ജീവിതത്തിൽ പ്രകാശം പരത്തി ഈ പദ്ധതി.
മട്ടാഞ്ചേരിയിലെ ഭിന്നശേഷിക്കായ കുഞ്ഞുങ്ങളുടെ അമ്മമാരെ സഹായിക്കാനായിരുന്നു ഹാപ്പിനെസ് ചാലഞ്ച്. അവർ നിർമിക്കുന്ന തുണി ബാഗുകൾ ചാലഞ്ചിലൂടെ വാങ്ങിയതു നൂറുകണക്കിനു പേരാണ്. വിജയത്തിലേക്കു ഏക മനസോടെ നീങ്ങുന്ന ഒരു കൂട്ടം സ്ത്രീ മനസുകൾക്ക് ജീവിതത്തിന്റെ ഇഴ തെറ്റാതെ നോക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ഇപ്പോൾ ഇംപ്രസ.