ഐഫോണ്‍, ഒന്നങ്ങോട്ടു മാറി നിന്നേ! 'പടംപിടിക്കലിൽ' ഞെട്ടിക്കാന്‍ ഷഓമി

Mail This Article
പുതിയ ഫ്‌ളാഗ്ഷിപ് സ്മാര്‍ട്ട്‌ഫോണ്‍ ആയ ഷഓമി 15 അള്‍ട്രാ അവതരിപ്പിച്ച വേദിയില്‍ ഈ ചൈനീസ് കമ്പനി പരിചയപ്പെടുത്തിയ 'മോഡ്യുലര്‍ ഒപ്ടിക്കല്‍ സിസ്റ്റം,' ലോകത്തിന്റെ ശ്രദ്ധ പിടിച്ചുകഴിഞ്ഞു. ആപ്പിള്‍, സാംസങ് തുടങ്ങിയ ടെക് ഭീമന്മാരുടേത് അടക്കം, നിലവിലുള്ള ഒരു സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയ്ക്കും നല്‍കാന്‍ സാധിക്കാത്ത ഫോട്ടോ മികവ് കൊണ്ടുവരാനാണ് കമ്പനി ഉദ്ദേശിക്കുന്നതത്രെ.
ഒരു കൈ നോക്കാന്‍ റിയല്‍മിയും
ഷഓമിയുടെ പരീക്ഷണത്തിന്റെയത്ര മികവ് ലഭിച്ചേക്കില്ലെങ്കിലും, സമാനമായ ഒരു പരീക്ഷണവുമായി റിയല്‍മിയും ഇറങ്ങിത്തരിച്ചിട്ടുണ്ട്. ലൈക്കാ മൗണ്ട് ലെന്‍സുകള്‍ അറ്റാച് ചെയ്ത് പ്രവര്‍ത്തിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇത്തരം പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ഫോട്ടോഗ്രാഫി മേഖലയില്‍ അതൊരു പൊളിച്ചെഴുത്തു തന്നെ നടത്തിയേക്കും.
ഉടൻ വിപണിയിലെത്തിക്കാം, പക്ഷേ..
ഷഓമിയുടെ മോഡ്യുലര്‍ ഒപ്ടിക്കല്‍ സിസ്റ്റം ഇപ്പോള്‍ വേണമെങ്കില്‍ പോലും വില്‍പ്പനയ്‌ക്കെത്തിക്കാന്‍ പാകത്തിന് പക്വതയാര്‍ജിച്ചിരിക്കുന്നു എന്നാണ് ഹാന്‍ഡ്‌സ്-ഓണ്‍ റിവ്യു നടത്തിയവര്‍ പറയുന്നത്. എന്നാല്‍, ചില പ്രശ്‌നങ്ങള്‍ കൂടെ പരിഹരിക്കാനുണ്ടെന്നാണ് ഷഓമി കരുതുന്നത്.
അതിലൊന്ന് നിലവിലെ മൗണ്ട് ഫോണിന്റെ വാട്ടര്‍ റെസിസ്റ്റന്‍സ് തകര്‍ക്കുന്നുവെന്ന സംശയമാണ്. ഇതടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷമായിരിക്കും വിപണിയിലേക്കിറക്കുക. അതിനാല്‍ തന്നെ, ഈ മോഡ്യുലര്‍ ഒപ്ടിക്കല്‍ സിസ്റ്റം എന്ന് വില്‍പ്പനയ്ക്ക് എത്തിക്കുമെന്ന കാര്യത്തില്‍ സംശയങ്ങളുണ്ട്.
എന്താണ് ഷഓമിയുടെ മോഡ്യുലര്‍ ഒപ്ടിക്കല്‍ സിസ്റ്റം?
ഫോണിന്റെ പിന്നില്‍ മിറര്‍ലെസ്, ഡിഎസ്എല്‍ആര്‍ സിസ്റ്റങ്ങളെപ്പോലെ മാറ്റിവയ്ക്കാവുന്ന ലെന്‍സുകള്‍ കൊണ്ടുവരികയാണ് ഷഓമി ചെയ്യുന്നത്. ഈ ലെന്‍സുകള്‍ക്കുള്ളില്‍ ഫോര്‍ തേഡ്‌സ് വലിപ്പമുള്ള സെന്‍സറുകളും ഉണ്ടായിരിക്കും. ഇത്തരം ലെന്‍സുകള്‍ ഷഓമിയുടെ ചില ഫോണുകളില്‍ കാന്തികമായി പിടിപ്പിക്കാന്‍ സാധിക്കും. ഇതിനായി ഇത്തരം ഫോണുകളുടെ പിന്നില്‍ ഒരു മാഗ്നറ്റിക് റിങ് ഉണ്ടായിരിക്കും.

ലെന്‍സില്‍ നിന്നുള്ള ഡേറ്റ (ഫോട്ടോകളും, വിഡിയോകളും) ഫോണിലേക്ക് അതിവേഗം പകര്‍ന്നെടുത്തുകൊണ്ടിരിക്കാന്‍ സാധിക്കുമത്രെ. കമ്പനി പറയുന്നത് സെക്കന്‍ഡില്‍ 10ജിബി വരെ ഡേറ്റ ട്രാന്‍സ്ഫര്‍ ചെയ്യാമെന്നാണ്. അതുവഴി, ഹൈ-റെസലൂഷന്‍ ചിത്രങ്ങള്‍ അടക്കം അതിവേഗം പ്രൊസസ് ചെയ്യാനാകും.
ചുരുക്കിപ്പറഞ്ഞാല്‍ ഫോണിന്റെ ക്യാമറ അല്ല ഫോട്ടോ എടുക്കുന്നത് മറിച്ച്, അറ്റാച്ച് ചെയ്യുന്ന ലെന്‍സ് ആയിരിക്കും ശരിക്കും ക്യാമറ. ഫോണ്‍ അതിന്റെ വ്യൂഫൈന്‍ഡറും, ക്യാമറാ ക്രമീകരണത്തിനുള്ള വേദിയുമായി മാറും. എടുക്കുന്ന ഫോട്ടോ ഫോണിലേക്ക് എത്തുമ്പോള്‍, ഏതു ഫോണിലുമെന്നപോലെ ക്ഷണത്തില്‍ ഷെയര്‍ ചെയ്യാം.
എടുക്കുന്ന ഫോട്ടോകള്‍ ഉന്നത നിലവാരമുള്ള അള്‍ട്രാ റോ ഫോര്‍മാറ്റില്‍ വരെ ലഭിക്കുമെന്നും അതിന് 16 സ്‌റ്റോപ് ഡൈനാമിക് റേഞ്ച് വരെ ലഭിക്കുമെന്നും ഷഓമി പറയുന്നു. ഇത്തരം അവകാശവാദങ്ങളൊക്കെ ചില ചൈനീസ് കമ്പനികള്‍ നടത്താറുള്ള ഗീര്‍വാണങ്ങളാണോ എന്നൊക്കെ കണ്ടു തന്നെ അറിയേണ്ടി വരും.
ഫോണുമായി അറ്റാച് ചെയ്യുന്ന മൊഡ്യുലര്‍ ലെന്‍സ്/ക്യാമറ ചാര്‍ജ് ചെയ്യേണ്ടതില്ല. അത് ഫോണില്‍ നിന്ന് ചാര്‍ജ് വലിച്ച് പ്രവര്‍ത്തിച്ചോളും. എടുക്കുന്ന ചിത്രങ്ങള്‍ നേരിട്ട് ഫോണിന്റെ ഗ്യാലറിയിലെത്തുകയും ചെയ്യും.
പുതിയ സിസ്റ്റത്തില്‍ നിലവിലുള്ള ഏതൊരു സ്മാര്‍ട്ട്‌ഫോണിലും എടുക്കാന്‍ സാധിക്കുന്നതിനേക്കാള്‍ മികവുറ്റ ഫോട്ടോ എടുക്കാം എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. സെന്‍സ് അറ്റാച്ച് ചെയ്യാവുന്ന സ്മാര്‍ട്ട്‌ഫോണിന്റെ സ്‌ക്രീനില്‍ സ്പര്‍ശിച്ച് ലെന്‍സ് ഓട്ടോഫോക്കസ് ചെയ്യിക്കാമെന്നതും വലിയൊരു നേട്ടമാണ്. ഫോക്കസിങ് കൃത്യത വേണമെന്നുള്ളവര്‍ക്കായി ലെന്‍സിന് മാനുവല്‍ ഫോക്കസ് റിങും നല്‍കിയിരിക്കുന്നു.
മുന്‍ പരാജയങ്ങള്‍ മറക്കാന്‍ സാധിക്കുമോ?
ഇതാദ്യമായല്ല ഇത്തരം ഒരു പരീക്ഷണം നടത്തുന്നത്. സോണിയുടെ ക്യൂഎക്‌സ് സീരിസ് ഇതിനോട് സമാനമായ ഒരു പരീക്ഷണമായിരുന്നു. ഇത് 2013ല്‍ ആയിരുന്നു. സാംസങ്, സൈസ് കമ്പനികള്‍ ആന്‍ഡ്രോയിഡ് ഫോണും, കോംപാക്ട് ക്യമറയുമായി ഉപയോഗിക്കാവുന്ന ഉപകരണങ്ങളും പുറത്തിറക്കിയിരുന്നു. എന്നതാല്‍, ഇവയൊന്നും ഷഓമിയുടെ പരീക്ഷണത്തിന്റെ മികവില്ല.
ഇത്തരം ഒരു സിസ്റ്റത്തിന്റെ ഗുണം
സൗകര്യത്തേക്കാളേറെ എടുക്കുന്ന ഫോട്ടോയ്ക്ക് ഗുണം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും ഇത് ഇഷ്ടപ്പെടും. നന്നെ ചെറിയ സെന്‍സറുകള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ കംപ്യൂട്ടേഷണല്‍ ഫോട്ടോഗ്രാഫിയെ ആശ്രയിച്ചാണ് പിടിച്ചുനില്‍ക്കുന്നത്. ഫോര്‍ തേഡ്‌സ് സെന്‍സര്‍ ഉള്ള ക്യാമറാ സിസ്റ്റത്തിന് സ്മാര്‍ട്ട്‌ഫോണുകളെ ഇമേജ് ക്വാളിറ്റിയുടെ കാര്യത്തില്‍ നിഷ്പ്രഭമാക്കാന്‍ സാധിക്കും.
കാരണം, ഷഓമി ഉപയോഗിക്കുന്നത് ഒരു ഫോര്‍ തേഡ്‌സ് സെന്‍സറാണ്. ഇത്തരം പരീക്ഷണങ്ങളില്‍ ഇതുവരെ ഉപയോഗിച്ചിരിക്കുന്നതിലേക്കും വച്ച് വലുത്. കമ്പനി ഇതിനെ ലൈറ്റ് ഫ്യൂഷന്‍ എക്‌സ് സന്‍സര്‍ എന്നു വിളിക്കുന്നു. സെന്‍സറിന് ശരിക്കും 100എംപി ക്ലാരിറ്റി ലഭിക്കുമെന്ന് കമ്പനി പറയുന്നു.
മൈക്രോ ഫോര്‍തേഡ്‌സ് ക്യാമറാ നിര്‍മ്മാതാക്കള്‍ ഇതുവരെ പരമാവധി 25.2എംപി റെസലൂഷന്‍ വരെ ഉള്ള സെന്‍സറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഷഓമി 100എംപി സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ ഇത്രയധികം പിക്‌സല്‍ ഡെന്‍സിറ്റിയുള്ള സെന്‍സര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുക എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
ഒപ്പം പ്രദര്‍ശിപ്പിച്ച 35എംഎം ഫോക്കല്‍ ലെങ്ത് ഉള്ള ലെന്‍സിന് എഫ്1.4 അപര്‍ചര്‍ ആണ് ഉള്ളത്. വെളിച്ചക്കുറവില്‍ മികവുറ്റ ഫോട്ടോ എടുക്കാമെന്നതു കൂടാതെ, മികച്ച ബോ-കെയും കിട്ടും.
ഈ സിസ്റ്റം ആര്‍ക്ക്?
സ്മാര്‍ട്ട്‌ഫോണിന്റെ ഫോട്ടോ ക്വാളിറ്റി പോരന്നും എന്നാല്‍ ഒരു ക്യാമറ വേണ്ടെന്നും ഉള്ളവര്‍ക്കായിരിക്കും ഇത് ഗുണം ചെയ്യുക. എന്നാല്‍, അധികമായി ഒരു ലെന്‍സ് കൊണ്ടുനടക്കാനും താത്പര്യമില്ലെന്നുള്ളവര്‍ക്ക് ഇത് ഒരു ഗുണവും ചെയ്യില്ല. ഫുള്‍ ഫ്രെയിം സെന്‍സറുകള്‍ പിടിച്ചെടുക്കുന്നതിനേക്കാള്‍ കുറവ് വിശദാംശങ്ങള്‍ മാത്രമെ ഫോര്‍ തേഡ്‌സ് സെന്‍സറില്‍ നിന്നു ലഭിക്കൂ എന്നതിനാല്‍ അത്തരം ക്യാമറ ഉപയോഗിക്കുന്നവര്‍ ഇതില്‍ ആകൃഷ്ടരായേക്കില്ല.
എന്നാല്‍, ഭാരക്കുറവ് ഉളളതിനാല്‍ യാത്രാവേളകളിലും മറ്റും ഒപ്പം കൂട്ടി, മികച്ച ഫോട്ടോ എടുക്കാന്‍ കൊള്ളാവുന്ന ഒന്നായിരിക്കാം ഇത്. മറ്റൊരു പ്രശ്‌നം, ഇത് ഷഓമിയുടെ ഫോണുകള്‍ക്ക് ഒപ്പം മാത്രമായിരിക്കും പ്രവര്‍ത്തിക്കുക എന്നതായിരിക്കും. ഷഓമിയുടെ പ്രീമിയം ഫോണും, ലെന്‍സ് അറ്റാച്‌മെന്റുകളും ഒക്കെ വാങ്ങണമെങ്കില്‍ ഫുള്‍ ഫ്രെയിം ക്യാമറയുടെ വില തന്നെ നല്‍കേണ്ടി വന്നേക്കും. അതും ഈ സിസ്റ്റത്തിന്റെ വില്‍പ്പന സാധ്യത കുറച്ചേക്കും.
റിയല്‍മിയും
ലെന്‍സ് മൗണ്ട് സങ്കല്‍പ്പം റിയല്‍മിയും മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് 2025ല്‍ അവതരിപ്പിച്ചു. ഫോണിന്റെ പിന്‍ക്യാമറാ സിസ്റ്റത്തിനു മുകളില്‍ ലൈക്കാ മൗണ്ട് ലെന്‍സുകള്‍ അറ്റാച്ച് ചെയ്യാവുന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒരു ടൈപ് 1 സെന്‍സറായിരിക്കും സിസ്റ്റത്തിനായി പ്രയോജനപ്പെടുത്തുക. ഇത് ഫോര്‍ തേഡ്‌സ് സെന്‍സറിനെക്കാള്‍ ചെറുതാണ്.