മാർത്താണ്ഡവർമ മുതൽ ചിത്തിര തിരുനാൾ വരെ!; അമ്പരപ്പിച്ച എഐ വിഡിയോയുടെ സ്രഷ്ടാവ് ഇവിടെയുണ്ട്....

Mail This Article
നൂറ്റാണ്ടുകളായി ചിത്രങ്ങളിൽ നിശ്ചലരായിരിക്കുകയായിരുന്നു അനിഴംതിരുനാൾ മാർത്താണ്ഡ വർമ മുതൽ ചിത്തിരതിരുനാൾ ബാലരാമവർമ വരെയുള്ള തിരുവിതാംകൂർ ഭരണാധികാരികള്‍. എന്നാൽ എഐ സാങ്കേതിക വിദ്യയോടൊപ്പം സർഗാത്മകതയും ചേർന്നപ്പോൾ രാജാക്കന്മാർക്കും റാണിമാരും ചലിച്ചു!.ഒരു സിനിമ പോലെ ചരിത്ര കാലഘട്ടത്തിലേക്കു കൂട്ടിക്കൊണ്ടുപോകുകയും കാണുന്നവരിൽ വിസ്മയം നിറയ്ക്കുകയും ചെയ്യുന്ന 'നാടുവാഴികൾ' എന്ന വൈറലായ എഐ വിഡിയോയുടെ പിന്നിലുള്ളത് യുഹാബെന്ന തിരുവനന്തപുരം സ്വദേശിയായ ക്രിയേറ്റീവ് ഡിസൈനറാണ്.
മുൻപും നിരവധി എഐ പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയനായ തിരുവനന്തപുരം കുളത്തൂര്‍ സ്വദേശി യുഹാബ് ഇസ്മയില്‍, ഏറ്റവും പുതിയതായി ഒരുക്കിയ തിരുവിതാംകൂർ രാജാക്കന്മാരുടെ എഐ വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുകയും തിരുവിതാംകൂർ രാജകുടുംബത്തിലെ പിൻതലമുറക്കാരുടെയുൾപ്പെടെ പ്രശംസ ലഭിക്കുകയും ചെയ്തു.
അനിഴം തിരുനാൾ മാർത്താണ്ഡ വർമ, ധർമ്മ രാജ എന്നറിയപ്പെട്ടിരുന്ന കാർത്തിക തിരുനാൾ രാമവർമ്മ, ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ബായി. ഗൗരി പാർവതി ബായ്, സ്വാതി തിരുനാൾ രാമവർമ, ഉത്രം തിരുനാൾ മാർത്താണ്ഡ വർമ, ആയില്യം തിരുനാൾ രാമവർമ,വിശാഖം തിരുനാൾ രാമവർമ, ശ്രീമൂലം തിരുനാൾ രാമവർമ്മ, പൂരാടം തിരുനാൾ സേതുലക്ഷ്മി ബായി തുടങ്ങി വരകളിൽ മാത്രം തെളിഞ്ഞ തിരുവിതാംകൂർ ഭരണാധികാരികൾ ചലിക്കുന്നത് ഒരു രാജമൗലി സിനിമ പോലെയാണ് ഏവരും ആസ്വദിച്ചത്
ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിൽനിന്ന് ഒരു അദ്ഭുത ലോകം
ഇന്റർനെറ്റിൽ നിന്നും പ്രത്യേകിച്ച് വിക്കിപീഡിയയിൽ നിന്നു ലഭിച്ച ചിത്രങ്ങളാണ് വിഡിയോക്കായി ഉപയോഗിച്ചത്.ആറോളം പെയ്ഡ് ടൂളുകളുൾപ്പെടെ 16 ഓളം എ.ഐ ടൂളുകൾ ഉപയോഗിച്ച് രണ്ടാഴ്ച കൊണ്ടാണ് വിഡിയോ പൂർത്തിയാക്കിയത്. എഐയ്ക്കായി മുടക്കിയ പണം കണക്കുകൂട്ടിയാൽ ഒരു 'ഇമേജ് ടു വിഡിയോ' കൺവേർഷനായി 500 രൂപയോളം ചെലവുണ്ടായി. രണ്ടോ മൂന്നോ വിഡിയോകൾ ക്രിയേറ്റ് ചെയ്യുമ്പോഴാണ് സംതൃപ്തി നൽകുന്ന ഫലം ലഭിക്കുകയെന്നതിനാൽ നിലവിൽ എഐ വിഡിയോ മേക്കിങ് അൽപം പണച്ചിലവുള്ളതാണ്(ക്രെഡിറ്റ് പോലും നൽകാതെ വിഡിയോ ഉപയോഗിക്കുന്നവരോട് ചെറിയൊരു പരിഭവം ഈ കലാകാരൻ പറയുന്നുണ്ട്). എഐയിലൂടെ ക്രിയേറ്റ് ചെയ്തതിനുശേഷം എഡിറ്റിങ് ടൂളുകളിൽ അല്ലറ ചില്ലറ മാറ്റങ്ങൾ വരുത്തുമ്പോഴേക്കും മാത്രമാണ് പോസ്റ്റ് ചെയ്യാൻ തയാറാകുക.

ചിത്രങ്ങളിൽ കാണുന്നതിനേക്കാൾ സൗന്ദര്യമുള്ളവരെയാണ് എഐ നൽകിയതെന്ന് കമന്റുകൾ വരുന്നുണ്ടെന്നും വിഡിയോയ്ക്ക് ലഭിച്ച സ്വീകാര്യതയിൽ സന്തോഷമുണ്ടെന്നും യുഹാബ് പറയുന്നു. മുൻപ് ചെയ്ത രവിവര്‍മചിത്രങ്ങളുടെയും ശ്രീനാരായണ ഗുരുദേവന്റെ ജീവിത നിമിഷങ്ങളുടെയും വിഡിയോകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ലക്ഷങ്ങളാണ് കാണുകയും പങ്കുവെക്കുകയും ചെയ്തത്. ശ്രീനാരായണ ഗുരുവിന്റെ വിഡിയോയ്ക്കായി ധാരാളം പുസ്തകങ്ങൾ വായിക്കുകയും സിനിമകൾ കാണുകയും ചെയ്തതായി യുഹാബ് പറയുന്നു.
ശകുന്തള, ഹംസ ദമയന്തി, പാല്‍ക്കാരി, മഹാരാഷ്ട്രക്കാരി, അച്ഛന്‍ വരുന്നു , ജടായുവധം തുടങ്ങി 19 ചിത്രങ്ങളുള്‍പ്പെടുത്തിയാണ് രാജാ രവിവർമയുടെ 118ാമത് ചരമ ദിനത്തോടനുബന്ധിച്ച് ആദരവായി യുഹാബ് ഒരു റീൽ ചെയ്തത്. കിളിമാനൂർ കൊട്ടാരത്തിലെ അംഗങ്ങളുടെ ആദരമുൾപ്പെടെ ഈ റീലിന് യുഹാബിനെ തേടിയെത്തി. ദാരുണമായ ആ കാറപകടത്തില്‍ മോനിഷയുടെ ജീവന്‍ നഷ്ടപ്പെട്ട ഡിസംബര്‍ അഞ്ചിന് 'ഡിസംബറിന്‍ നഷ്ടം' എന്ന പേരില്‍ തയാറാക്കിയ റീലും വളരെയധികം ശ്രദ്ധനേടി. രാജകുമാരിയെപ്പോലെ മോനിഷ നിൽക്കുന്ന റീലിലെ ഒരു സ്ക്രീൻഷോട് മോനിഷയുടെ വീടിന്റെ സ്വീകരണ മുറിയിൽ കുടുംബാംഗങ്ങൾ ഫ്രെയിം ചെയ്ത് സൂക്ഷിക്കുകയും ചെയ്തു.
എഐയുടെ ഭാവി ഇങ്ങനെ...
2009 മുതല്‍ ആനിമേഷന്‍ ഡിസൈനറായി പ്രവര്‍ത്തിക്കുന്ന യുഹാബ് മുന്‍പ് ടെക്‌നോപാര്‍ക്കില്‍ ഡിസൈനറായി ജോലി ചെയ്തിരുന്നു.പിന്നീട് ദുബായില്‍ ഏഴരവര്‍ഷത്തോളം ക്രിയേറ്റീവ് ഡിസൈനറായിരുന്നു. യുഹാബ് ഇപ്പോള്‍ ഫ്രീലാന്‍സായാണ് ജോലിചെയ്യുന്നു. അതിനിടയിലാണ് ഇത്തരം പരീക്ഷണങ്ങള്‍ക്കായി സമയം കണ്ടെത്തുന്നത്. നിലവിൽ ഒരു സിനിമയിൽ പൂർണമായി എഐയിൽ തയാറാക്കിയ പാട്ടൊരുക്കാനുള്ള അവസരവും യുഹാബിനെ തേടിയെത്തിയിട്ടുണ്ട്. കേരളത്തിലെ ഒരു എഐ ക്രിയേറ്റീവ് കൂട്ടായ്മയുടെയും ഭാഗമാണ് യുഹാബ്. പൂർണമായ ഒരു എഐ സിനിമയുൾപ്പെടെ ഈ കൂട്ടായ്മയുടെ ഭാവി പരിപാടിയുടെ ഭാഗമാണ്. തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്ത് കുളത്തൂര്‍ സുബൈദാ മന്‌സിലില്‍ ഇസ്മയിലിന്റെയും സുബൈദയുടെയും മകനാണ്. ഭാര്യ: ഷമില്‍.