പ്രൈമറി ക്ലാസ് മുതൽ എഐ കോഴ്സുകളുമായി ചൈന;മേഖലയിൽ സമ്പൂർണ ആധിപത്യം ലക്ഷ്യം

Mail This Article
എഐ മേഖലയിൽ രാജ്യാന്തര തലത്തിൽ സമ്പൂർണ ആധിപത്യം സ്ഥാപിക്കാൻ ലക്ഷ്യമിട്ട് പ്രൈമറി, സെക്കൻഡറി തലങ്ങൾ മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് കോഴ്സുകള്‍ പഠിപ്പിക്കാൻ ചൈന. കുട്ടിക്കാലത്ത് എഐ വിദ്യാഭ്യാസം ആരംഭിക്കുന്നതിലൂടെ, ഭാവിയിൽ ഈ മേഖലയിൽ വൈദഗ്ധ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാനാണ് ചൈന ശ്രമിക്കുന്നത്.
ബെയ്ജിങ്ങിലെ സ്കൂളുകളിൽ സെപ്റ്റംബർ മുതൽ എട്ട് മണിക്കൂറോളം എഐ ക്ലാസുകള്‍ നൽകും. സ്കൂളുകൾക്ക് ഇവ ഒറ്റപ്പെട്ട കോഴ്സുകളായി നടത്താം അല്ലെങ്കിൽ നിലവിലുള്ള ഇൻഫർമേഷൻ ടെക്നോളജി, സയൻസ് പാഠ്യപദ്ധതിയുമായി സംയോജിപ്പിക്കാം.
2025ൽ ചൈനയിൽ എഐ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഒരു ധവളപത്രം(വൈറ്റ് പേപ്പർ) പുറത്തിറക്കുമെന്ന് ചൈനീസ് വിദ്യാഭ്യാസ മന്ത്രി അടുത്തിടെ പറഞ്ഞിരുന്നു. എഐ വിദ്യാഭ്യാസത്തിന്റെ ദിശാബോധവും നയങ്ങളും വിശദമാക്കുന്ന ഒരു സമഗ്ര രേഖയായിരിക്കും. ഇത് ചൈനയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ എഐയുടെ സമഗ്രമായ സംയോജനത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ പദ്ധതിയുടെ ഭാഗമായി, വിദ്യാർഥികളുടെ പ്രായത്തിനും അവരുടെ അവബോധ നിലവാരത്തിനും അനുസരിച്ച് എഐ പാഠ്യപദ്ധതി തയ്യാറാക്കും. ഉദാഹരണത്തിന്, പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്ക് എഐയെക്കുറിച്ചുള്ള അടിസ്ഥാന അവബോധവും അതിന്റെ ലളിതമായ പ്രയോഗങ്ങളും പരിചയപ്പെടുത്തുമ്പോൾ, സെക്കൻഡറി തലത്തിൽ എഐയുടെ സാങ്കേതിക വശങ്ങളും പ്രോജക്ട് അധിഷ്ഠിത പഠനവും ഉൾപ്പെടുത്തും