മസ്‌കിന്റെ കമ്പനിയിലെ ആ'പതിനാലുകാരൻ പയ്യൻ'; ഇനി പിഞ്ചുകുഞ്ഞല്ല ലിങ്ക്ഡ്ഇനിൽ തിരികെ വരാം

Mail This Article
പതിനാലാം വയസ്സിൽ ഇലോൺ മസ്‌കിന്റെ സ്‌പെയ്സ് എക്‌സിൽ സോഫ്റ്റ്‌വെയർ എന്‍ജിനീയറായി ചേർന്ന ബാല പ്രതിഭ കൈരാൻ ക്വാസിയെ ഓർമയുണ്ടോ? സ്പെയ്സ് എക്സ് പോലെയുള്ള കമ്പനിയിൽ നിർണായക സ്ഥാനത്താണെങ്കിലും പ്രൊഫഷണലുകളുടെ സമൂഹമാധ്യമമായ ലിങ്ക്ഡ്ഇനിൽ കൈരന് പ്രവേശനമില്ലായിരുന്നു. കാരണം പ്രായം!.
സാന്താ ക്ലാര സർവകലാശാലയുടെ 172 വർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരിയായ കൈരാൻ ക്വാസി വെറും 14 വയസ്സുള്ളപ്പോൾ ഇലോൺ മസ്‌കിന്റെ സ്‌പെയ്സ് എക്‌സിൽ ചേർന്നു. പക്ഷേ കൈരാൻ ക്വാസിയെ ലിങ്ക്ഡ് ഇൻ വിലക്കിയിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ പ്ലാറ്റ്‌ഫോം അദ്ദേഹത്തിന്റെ അക്കൗണ്ട് ഇല്ലാതാക്കിയത്.
'ഇപ്പോൾ എനിക്ക് 16 വയസ്സായി, ലിങ്ക്ഡ്ഇൻ വീണ്ടും പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശനം അനുവദിച്ചതായി ക്വാസി ഇൻസ്റ്റാഗ്രാമിലെ ഒരു പോസ്റ്റിലൂടെ പങ്കുവച്ചു. 2023 മുതൽ സ്‌പെയ്സ് എക്‌സിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്ന ക്വാസി, സ്റ്റാർലിങ്ക് പ്രോജക്റ്റിന്റെ ഭാഗമാണ്. ബീം പ്ലാനിംഗിൽ, ഡാറ്റാ അധിഷ്ഠിത രൂപകൽപ്പനയാണ് ക്വാസി ചെയ്യുന്നത്. ലോ-ലേറ്റൻസി, ഉയർന്ന പ്രകടനമുള്ള കംപ്യൂടിങ്, തത്സമയ പ്രോഗ്രാമിങ് എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ധാരണ ഇതിന് ആവശ്യമാണ്.
ക്വാസിയുടെ നേട്ടങ്ങള്‍
തീരെ ചെറുപ്പത്തിൽ തന്നെ ക്വാസിയുടെ ശാസ്ത്ര സാങ്കേതിക വിദ്യകളോടുള്ള താൽപര്യം തുടങ്ങി. ഒൻപത് വയസ്സുള്ളപ്പോൾ, പ്രാദേശിക സ്കൂളിലെ പഠനം പോരെന്നു മനസ്സിലാക്കി, കലിഫോർണിയയിലെ ലാസ് പോസിറ്റാസ് കമ്യുണിറ്റി കോളേജിൽ പഠനം പുനരാരംഭിച്ചു.
എഐ റിസേര്‍ച്ച് ഫെലോ പ്രോഗ്രാമിൽ ഇന്റേൺഷിപ്പുമായി 2019ൽ, ക്വാസി സാന്താ ക്ലാര സർവകലാശാലയിൽ ചേർന്നു, അവിടെ അദ്ദേഹം കോളേജ് വിദ്യാർത്ഥികൾക്കു ക്ലാസുകൾ എടുക്കാൻ തുടങ്ങി.
2022-ൽ, ക്വാസി സാന്താ ക്ലാര സർവകലാശാലയിൽ മുഴുവൻ സമയവും ചേർന്നു പഠനം ആരംഭിച്ചു. രണ്ടുവർഷത്തിനുശേഷം, 14-ാം വയസ്സിൽ കമ്പ്യൂട്ടർ സയൻസിലും എൻജീനീയറിങ്ങിലും ബിരുദം നേടി. പിന്നീട് സ്പെയ്സ് എക്സിലേക്കുള്ള യാത്ര തുടങ്ങി.