ചാറ്റ്ജിപിറ്റിയെയും ഡീപ്സീക്കിനെയും മറികടക്കും ചൈനയുടെ മാനുസ്!'ആദ്യത്തെ ജനറല്‍ എഐ എജന്റ്'

Mail This Article
'ലോകത്തെ ആദ്യത്തെ ശരിയായ ജനറല്‍ എഐ ഏജന്റ്' എന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ പുതിയ പ്ലാറ്റ്‌ഫോം മാനുസ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് എത്തി ടെക് ലോകത്തെ അത്ഭുതപ്പെടുത്തിയ ഡീപ്‌സീക്കിനും, വര്‍ഷങ്ങളായി ഏറ്റവും ആശ്രയിക്കാവുന്ന എഐ പ്ലാറ്റ്‌ഫോമുകളിലൊന്നായി പേരെടുത്ത ചാറ്റ്ജിപിറ്റിക്കും അപ്പുറത്തായിരിക്കാം ഇതിന്റെ പ്രകടനം.
ജനറല്‍ എഐ അസിസ്റ്റന്റ്‌സ് (ജിഎഐഎ) ബെഞ്ച്മാര്‍ക്ക് പ്രകാരം ഓപ്പണ്‍എഐയുടെ ഏറ്റവും ശക്തിയുറ്റ മോഡലായ ഡീപ്‌റീസേര്‍ച്ചിനെക്കാളും മികച്ച പ്രകടനം നടത്താന്‍ കെല്‍പ്പുള്ളതാണ് യ ഏജന്റ് എന്ന് മാനുസിനു പിന്നിലുള്ളവര്‍ അവകാശപ്പെട്ടു. 'ചിന്തിക്കുന്ന' കാര്യത്തിലും പ്ലാനിങ്ങിലും, ടാസ്‌കുകള്‍ സ്വതന്ത്രമായി എക്‌സിക്യൂട്ട് ചെയ്യുന്നതിലും, മുഴുവന്‍ ഫലങ്ങളും നല്‍കുന്ന കാര്യത്തിലും മാനുസ് മികവു പുലര്‍ത്തുന്നു എന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ഒരു രാജ്യത്തേക്ക് (മാനുസിന്റെ വെബ്‌സൈറ്റില്‍ ജപ്പാന്‍ ആണ് ഉദഹരണമായി നല്‍കിയിരിക്കുന്നത്) സഞ്ചാരം നടത്താനായി ഒരു യാത്രാകാര്യക്രമം തയാറാക്കാനോ, സ്‌കൂള്‍ അധ്യാപകര്‍ക്ക് പാഠ്യഭാഗങ്ങള്‍ മുന്‍കൂട്ടി തയാറാക്കാന്‍ സഹായിക്കാനോ, വിവിധ ഇന്‍ഷ്വറന്‍സ് പോളിസികള്‍ വിശകലനം ചെയ്ത ശേഷം ഏത് എടുക്കണമെന്ന് തീരുമാനിക്കാന്‍ സഹായിക്കാനോ ഒക്കെ മാനുസിന് അതിന്റെ എതിരാളികളെക്കാള്‍ ഭേദപ്പെട്ട രീതിയില്‍ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
ആരാണ് മനുസ് അവതരിപ്പിച്ചിരിക്കുന്നത്?
ലോകമെമ്പാടുമുളള ടെക്‌നോളജി പ്രേമികള്‍ അത്ഭുതംകൂറുന്ന മാനുസിന് പിന്നിലും 'മോണി'ക്ക എന്നു പേരുള്ള ഒരു ചൈനീസ് സ്റ്റാര്‍ട്ട്-അപ് കമ്പനിയാണ് പ്രവര്‍ത്തിക്കുന്നത്. ചൈനയില്‍ നിന്നുള്ള മറ്റൊരു ഡീപ്‌സീക് എന്നൊക്കെയുള്ള വിശേഷണങ്ങളും, അവതരിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അതിന് ലഭിച്ചിരിക്കുന്നു. പ്രഹേളികകള്‍ക്കു പോലും തത്സമയം ഉത്തരംകാണാനുള്ള ശേഷിയാണ് മാനുസിനെ വേറിട്ടതാക്കുന്നത്.

നിലവില്‍ മാനുസ് എഐ ഏജന്റ് ഒരു വെബ് പ്രിവ്യു മാത്രമായാണ് ലഭ്യമാക്കിയിരിക്കുന്നത്. പടിപടിയായി ഒരു വെബ്‌സൈറ്റ് സൃഷ്ടിച്ചെടുക്കുക തുടങ്ങിയ പ്രായോഗിക കാര്യങ്ങളും അതിന് നിര്‍വ്വഹിക്കാനാകും. അവതരിപ്പിച്ച് വെറും 20 മണിക്കൂറിനുള്ളില്‍ വൈറലായ മാനുസിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്ന വിഡിയോ ഇവിടെ കാണാം.
വിവിധ ബിസിനസ് സ്ഥാപനങ്ങള്‍ക്കടക്കം അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ഒരു ടൂളാണ് മാനുസ് എന്ന് ഈ സേവനത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഓട്ടോണമസ് ഓപ്പറേഷന്‍സ്, ക്ലൗഡ്-കേന്ദ്രീകൃതമായ അസിങ്ക്രണസ് (asynchronous) കാര്യനിര്‍വ്വഹണക്ഷമത തുടങ്ങിയവയാണ് മറ്റ് എഐ ഏജന്റുകള്‍ക്ക് ഇല്ലാത്ത മാനുസിന്റെ ചില ശേഷികള്‍.

ഇത് ഉപയോഗിക്കുന്നയാള്‍ ക്ലൗഡില്‍ നിന്ന് ഡിസ്‌കണക്ട് ആയിക്കഴിഞ്ഞാലും മാനുസ് അതിനെ ഏല്‍പ്പിച്ചിരിക്കുന്ന ജോലി ചെയ്തുകൊണ്ടിരിക്കുമെന്ന് സ്രഷ്ടാക്കള്‍ അവകാശപ്പെടുന്നു. ജോലി പൂര്‍ത്തിയാക്കിയ ശേഷം അതിന്റെ ഫലം നല്‍കുകയും ചെയ്യും. ഒരു നിശ്ചിത സമയത്തിനുള്ളില്‍ ഉപയോക്താവിന്റെ താത്പര്യങ്ങള്‍ മനസിലാക്കിയെടുത്ത് അതിനനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള ശേഷി മാനുസിന് ഉണ്ട് എന്നും പറയപ്പെടുന്നു.
കമ്പനികള്‍ തമ്മിലുള്ള എഐ കിടമത്സരം കടുക്കുന്ന ഒരു ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണെന്നും വിലയിരുത്തലുണ്ട്. അതേസമയം, മാനുസ് പ്രവര്‍ത്തിപ്പിക്കുന്ന കമ്പനിയെക്കുറിച്ചുള്ള അധികം വിവരമൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നുള്ള കാര്യവും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
ഡെമോ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് പീക് ഷി യിചാഓ (Peak Ji Yichao) എന്ന 33-കാരനായ ചൈനീസ് ബിസിനസുകാരനാണ്. മാമത് (Mammoth) എന്ന മൊബൈല്‍ ബ്രൗസറിന്റെ സൃഷ്ടാവാണ് ഇയാള്‍. വരും ആഴ്ചകളില്‍ മാനുസിനെക്കുറിച്ചും, അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ.