ശ്വസിക്കുന്നത് 'വിഷം';ഭയപ്പെടുത്തുന്ന എയര്‍ ക്വാളിറ്റി മാപ്പ്, തത്സമയ കാഴ്ചയിൽ കൊച്ചിയും

Mail This Article
വായു മലിനീകരണത്തിന്റെ ഭയപ്പെടുത്തുന്ന വിവരങ്ങളുമായി ഐക്യുഎയറിന്റെ റിപ്പോര്‍ട്ട് . സ്‌ട്രോക്, ശ്വാസകോശ ക്യാന്‍സര്‍, ഹൃദയ സംബന്ധിയായ രോഗങ്ങള്‍ എന്നിവയുണ്ടാകുന്ന കാരണങ്ങളിൽ മൂന്നിലൊന്നും വായു മലിനീകരണമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിലുള്ളത് എന്നറിയുമ്പോഴാണ് ഈ പ്രശ്‌നത്തിന്റെ ഗൗരവം മനസിലാകുന്നത്.
ഏറ്റവും മോശം വായുവുള്ള ലോകത്തെ 6 പ്രദേശങ്ങള്‍
ഐക്യുഎയറിന്റെ റിപ്പോര്‍ട്ടില്‍, ശ്വസിക്കാന്‍ ഏറ്റവും മോശം വായുവുള്ള 5 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുണ്ട്. ചാഡ്, കോംഗോ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവയാണ് ആദ്യ നാല് രാജ്യങ്ങള്‍. ഏറ്റവും മോശം വായുവുള്ള ലോകത്തെ 6 പ്രദേശങ്ങള്‍ ഇന്ത്യയിലാണ്.

നഗരങ്ങളുടെ കാര്യമെടുത്താല്‍ മേഘാലയയുടെയും അസമിന്റെയും അതിര്‍ത്തിയിലുള്ള ബിര്‍ണിഹാട്ട് (Byrnihat) എന്ന വ്യാവസായിക നഗരമാണ് ലോകത്തെ ഏറ്റവും വായു മലിനീകരണമുളള പ്രദേശം-128.2 മൈക്രോഗ്രാംസ് പെര്‍ ക്യുബിക് മീറ്റര്‍ (128.2µg/m3) ആണ് ഇവിടെയുള്ള മലിനീകരണത്തിന്റെ തോത്.
പട്ടികയില്‍ രണ്ടാമത്തെ സ്ഥാനം അലങ്കരിക്കുന്നത് തലസ്ഥാന നഗരമായ ഡല്‍ഹി തന്നെയാണ്. 108.3 മൈക്രോഗ്രാംസ് പെര്‍ ക്യുബിക് മീറ്റര്‍. ഡല്‍ഹിയുടെ തത്സമയ എയര്‍ ക്വാളിറ്റി മാപ്പ് ഇവിടെ കാണാം

ഭൂരിഭാഗം നഗരങ്ങളുടെയും അവസ്ഥ ദയനീയം
ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ചിരിക്കുന്ന കണക്കുകള്‍ പ്രകാരം 5 മൈക്രോഗ്രാംസ് പെര്‍ ക്യുബിക് മീറ്റര്‍ ഫൈന്‍ പൊല്യൂഷന്‍ പാര്‍ട്ടിക്കിള്‍സ് അഥവാ പിഎം 2.5 (PM2.5) പൊതുജനാരോഗ്യത്തിന്റെ പ്രധാന റിസ്‌കുകളിലൊന്നാണ്. വാര്‍ഷിക ശരാശരി പൊല്യൂഷന്‍ ആണ് ഈ സംഖ്യ സൂചിപ്പിക്കുന്നത്. മാപ് പരിശോധിച്ചാല്‍ കാണാന്‍ സാധിക്കുന്നത് അനുവദനീയമായ അളവിന് മുകളിലാണ് ലോകമെമ്പാടുമുള്ള ഭൂരിഭാഗം നഗരങ്ങളുടെയും അവസ്ഥ എന്നാണ്.
ശ്വാസകോശ രോഗങ്ങള്‍, അൽഹൈമേഴ്‌സ്, ക്യാന്‍സര്‍ തുടങ്ങിയവയ്‌ക്കൊക്കെ കാരണമാകാവുന്നതാണ് മലിനീകരണപ്പെട്ട വായു. വായു മലിനീകരണം ഉണ്ടാക്കിയ പ്രശ്‌നങ്ങളാൽ ലോകമെമ്പാടുമായി പ്രതിവര്‍ഷം 70 ലക്ഷം പേര്‍ മരിക്കുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നു.
ലോകമെമ്പാടുമുളള ജനങ്ങള്‍ മുഴുവനും ശ്വസിക്കുന്നത് വിഷലിപ്തമായ വായുവാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കേവലം 17 ശതമാനം നഗരങ്ങളില്‍ മാത്രമാണ് ശ്വസിക്കാന്‍ സുരക്ഷിതമായ വായുവുള്ളത്. മലിനീകരണത്തിന്റെ തോതിനെപ്പറ്റി ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച മാനദണ്ഡങ്ങള്‍ വച്ചാണ് ഐക്യുഎയര്‍ (IQAir) തങ്ങളുടെ എയര്‍ ക്വാളിറ്റി മോണിട്ടറിങ് ഡേറ്റാ സൃഷ്ടിച്ചിരിക്കുന്നത്. ഇതിന്‍പ്രകാരം ലോക രാഷ്ട്രങ്ങളില്‍ 91 ശതമാനത്തിലും ശ്വസിക്കാന്‍ സുരക്ഷിതമല്ലാത്ത വായുവാണ് ഉള്ളത്.

റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിച്ച പല വിദഗ്ധരും പറഞ്ഞത് മലിനീകരണത്തിന്റെ തോത് ഐക്യുഎയറിന്റെ റിപ്പോര്‍ട്ടിലുള്ളതിനേക്കാള്‍ വളരെ കൂടുതൽ ആയിരിക്കാനിടയുണ്ട് എന്നാണ്. ഐക്യുഎയറിന്റൈ സര്‍വേക്കുള്ള ഡേറ്റ ശേഖരിച്ചിരിക്കുന്നത് 138 രാജ്യങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന 40,000 ത്തിലേറെ ഗുണനിലവാരം അളക്കാനുള്ള സിസ്റ്റങ്ങളില്‍ നിന്നാണ്. ലോകത്തെ എല്ലാ പ്രധാനപ്പെട്ട നഗരങ്ങളും ഇതില്‍ ഉള്‍പ്പെടും. ഐക്യുഎയര്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന മാപ് ഇതാ:
ഇതില്‍ വിവിധ സ്ഥലങ്ങളിലേക്ക് സൂം ചെയ്ത് എത്താം. അല്ലെങ്കില്‍ വലതുവശത്ത് മുകളിലായി നല്‍കിയിരിക്കുന്ന സേര്‍ച്ച് സംവിധാനവും പ്രയോജനപ്പെടുത്താം. മാപ്പില്‍ നീല നിറത്തിലുള്ള വൃത്തങ്ങള്‍ ഉള്ള നഗരങ്ങള്‍ മാത്രമാണ് ശ്വസിക്കാന്‍ സുരക്ഷിതമായ വായുനല്‍കുന്നതായുള്ളു. പച്ച വൃത്തങ്ങളാല്‍ അടയാളപ്പെടുത്തിയിരിക്കുന്നത് അനുവദനീയമായ പിഎം2.5 അളവിന്റെ ഇരട്ടിയോളം കണങ്ങളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളാണ്. ഇരുണ്ട നിറങ്ങള്‍ കടുത്ത പ്രശ്‌നങ്ങളുള്ള പ്രദേശങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഇതാ കൊച്ചിയുടെ സൂം ചെയ്യാവുന്ന തത്സമയ ചിത്രം ഇതാ.
അനുവദനീയമായതിന്റെ 10 മടങ്ങ് കൂടുതല്‍ മലിനീകരണങ്ങളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളാണ് പര്‍പിള്‍ നിറത്തില്‍ കാണിച്ചിരിക്കുന്നത്. ഇവയിലേറെയും ദക്ഷിണ-മധ്യ ഏഷ്യയിലാണ്. ബിര്‍ണിഹാട്ട് 2024ലെ റിപ്പോര്‍ട്ട് പ്രകാരം സുരക്ഷിതമായതിനേക്കാള്‍ 25 മടങ്ങ് കൂടുതല്‍ പൊല്യൂഷന്‍ ഉള്ള പ്രദേശമാണ്. ബ്രിട്ടനിലെ ഏറ്റവുമധികം വായുമലിനീകരണമുള്ള പ്രദേശം നോര്‍ത്‌വുഡ് ആണ്-11.3 മൈക്രോഗ്രാംസ് പെര്‍ ക്യുബിക് മീറ്റര്‍.
ലോകത്തെ പ്രശ്‌നമുള്ള പല നഗരങ്ങളിലും മലിനീകരണത്തിന്റെ തോത് കുറയുന്നതായി കാണുന്നു എന്നത് പ്രതീക്ഷ പകരുന്ന കാര്യമായി റിപ്പോര്‍ട്ട് പറയുന്നു. പോളണ്ടിലെ റിബ്‌നിക്, ബെയ്ജിങ്, സോള്‍ തുടങ്ങിയ നഗരങ്ങള്‍ ഇതിന് ഉദാഹരണമാണ്.

കടുത്ത നിയമങ്ങള്‍ കൊണ്ടുവന്നതാണ് മാറ്റത്തിന് കാരണം എന്നു പറയപ്പെടുന്നു. പ്രശ്‌നങ്ങള്‍ നേരിടുന്ന നഗരങ്ങളും പുതിയ നിയമങ്ങള്‍ കൊണ്ടുവന്ന് ഘട്ടംഘട്ടമായങ്കിലും വായു മലിനീകരണം കുറയ്ക്കാന്‍ ശ്രമിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.