'ഓഹ്രീം' പൂച്ച മനുഷ്യനായി മാറട്ടെ; ചാറ്റ്ജിപിടി ചാത്തന്റെ രസകരമായ വികൃതികൾ കാണാം

Mail This Article
ചിത്രങ്ങളെ രസകരമായ കാർട്ടൂണാക്കി മാറ്റുന്ന ജിബിലി പോലെയുള്ള ഇമേജ് ജനറേറ്റിങ് ടൂളുകൾ അടുത്തിടെ വൈറലായി മാറി. എന്നാൽ ഈ എഐ ബോട്ടുകളുടെ മാജിക് വികൃതികൾ ഇവിടെയൊന്നും നിൽക്കില്ല. ഇപ്പോഴിതാ വളർത്തുമൃഗങ്ങളെ മനുഷ്യരാക്കി മാറ്റുന്നതാണ് ട്രെൻഡ്. ഈ പുതിയ വിനോദത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് മറ്റാരുമല്ല, നമ്മുടെ സ്വന്തം ഓപ്പൺ എഐയുടെ ചാറ്റ്ജിപിടിയാണ്.
റെഡ്ഡിറ്റിലാണ് ഈ ട്രെൻഡിന് തുടക്കം കുറിച്ചത്. ഒരു പൂച്ചയുടെ ചിത്രം നൽകിയശേഷം "ഈ പൂച്ചയെ യഥാർഥ വ്യക്തിയാക്കി മാറ്റുക, പശ്ചാത്തലമെല്ലാം നിലനിർത്തുക" എന്ന പ്രോംപ്റ്റ് നൽകി. ഏതാനും നിമിഷം അമ്പരപ്പിക്കുന്ന ഫലവുമായി ചാറ്റ്ജിപിടി എത്തി. രസകരമായ കാര്യം എന്തെന്നാൽ, പൂച്ചയുടെ അതേ ഭാവവും ശരീരഭാഷയുമെല്ലാം മനുഷ്യരൂപത്തിലും അതേപടി നിലനിർത്താൻ ഈ എഐ ബോട്ടിന് സാധിക്കുന്നു എന്നതാണ്.
ചിലർ നായ്ക്കളുടെയും മറ്റ് വളർത്തുമൃഗങ്ങളുടെയുമെല്ലാം രസകരമായ മനുഷ്യരൂപങ്ങൾ സൃഷ്ടിച്ച് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്. ഓരോ ചിത്രവും ഒന്നിനൊന്ന് വ്യത്യസ്തവും രസകരവുമാണ്. പൂച്ചയുടെ കുസൃതി നിറഞ്ഞ കണ്ണുകളും നോട്ടവും അതേപടി മനുഷ്യരൂപത്തിലും കാണുമ്പോൾ അത്ഭുതപ്പെടാതിരിക്കാൻ കഴിയില്ല. ചില ചിത്രങ്ങളിൽ പൂച്ചകൾ ഇരിക്കുന്ന രീതിയും അവയുടെ പ്രത്യേകതരം രോമവുമെല്ലാം അതേപോലെ പകർത്താൻ എഐ ശ്രമിച്ചിട്ടുണ്ട്.
ഈ ട്രെൻഡ് വെറും വിനോദത്തിനപ്പുറം എഐയുടെ സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾക്കും വഴി തെളിയിക്കുന്നു. ഒരു ചിത്രം നൽകിയാൽ അതിനെ അതേപടി നിലനിർത്തിക്കൊണ്ട് ഒരു മനുഷ്യരൂപം സൃഷ്ടിക്കാൻ കഴിയുന്നത് ആശ്ചര്യകരമായ സാങ്കേതികവിദ്യയുടെ വളർച്ചയെയാണ് സൂചിപ്പിക്കുന്നത്. അതേസമയം കോപ്പിറൈറ്റ് നിയമങ്ങളുടെ ലംഘനത്തിനും കാരണമായേക്കാമെന്നും ആരോപണം ഉയരുന്നു.