തെറ്റായ വിവരങ്ങള്‍, ചൈനയുടെ ഗ്ലോബൽ ടൈംസിന്റെ എക്സ് അക്കൗണ്ട് നിരോധിച്ച് ഇന്ത്യ

Mail This Article
ഇന്ത്യൻ സൈന്യത്തിനെതിരെ തെറ്റായതും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങൾ പ്രചരിപ്പിച്ച ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗ്ലോബൽ ടൈംസിന്റെ എക്സ് അക്കൗണ്ട് നിരോധിച്ച് കേന്ദ്രസർക്കാർ. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കണമെന്ന് ചൈനയിലെ ഇന്ത്യൻ എംബസി കർശന മുന്നറിയിപ്പ് നൽകിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ നടപടി.
'പ്രിയപ്പെട്ട ഗ്ലോബൽടൈംസ് ന്യൂസ് ഇത്തരം തെറ്റായ വിവരങ്ങൾ പുറത്തുവിടുന്നതിനുമുമ്പ് വസ്തുതകൾ പരിശോധിക്കാനും ഉറവിടങ്ങൾ പരിശോധിക്കാനും ശിപാർശ ചെയ്യുന്നുവെന്ന് ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലെ ഒരു പോസ്റ്റിൽ പറഞ്ഞു,
പാക്കിസ്ഥാൻ അനുകൂല സംഘടനകൾ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. ഉറവിടങ്ങൾ പരിശോധിക്കാതെ മാധ്യമങ്ങൾ അത്തരം വിവരങ്ങൾ പങ്കിടുമ്പോൾ, ഉത്തരവാദിത്തത്തിലെ ഗുരുതര വീഴ്ചയാണ് കാണിക്കുന്നതെന്നും എംബസി മറ്റൊരു പോസ്റ്റിൽ പറഞ്ഞിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ മറുപടിയായിരുന്നു ഓപറേഷൻ സിന്ദൂർ. ഈ ആക്രമണത്തിന് തൊട്ടുപിന്നാലെ, പാക്കിസ്ഥാൻ അവരുടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന സംവിധാനങ്ങൾ സജീവമാക്കി. നിരവധി തെറ്റിദ്ധാരണാജനകമായ അവകാശവാദങ്ങൾ അവർ പ്രചരിപ്പിക്കാൻ തുടങ്ങി. പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഉൾപ്പെടെയുള്ളവർ ചില മാധ്യമങ്ങളിലൂടെയും എക്സിലൂടെയും ഇന്ത്യക്കെതിരെ നുണകളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചു. പാക്ക് അനുകൂല എക്സ് ഹാൻഡിലുകൾ ഈ വാദം ഏറ്റെടുക്കുകയും ചെയ്തു.