20 വർഷം പഴക്കമുള്ള സോഫ്റ്റ്‌വെയർ, റഷ്യയെ വിറപ്പിച്ച 'ഓപ്പറേഷൻ സ്പൈഡർ വെബ്' ആക്രമണത്തിന് പിന്നിലെ ശക്തി

Mail This Article
റഷ്യൻ അതിർത്തികൾ ദീർഘദൂരം താണ്ടി, തന്ത്രപ്രധാനമായ വ്യോമതാവളങ്ങളിൽ യുക്രെയ്ൻ നടത്തിയ ഓപ്പറേഷൻ സ്പൈഡർ വെബ് എന്നുപേരിട്ട വമ്പൻ ഡ്രോൺ ആക്രമണം ലോകത്തെ ഞെട്ടിച്ചിരിക്കുകയാൺഈ ഡ്രോൺ ആക്രമണത്തിൽ, റഷ്യയുടെ ബോംബർ വിമാനങ്ങളുൾപ്പെടെ തകർന്നു.
ഈ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് ഏകദേശം 20 വർഷം പഴക്കമുള്ള ഒരു ഓപ്പൺ സോഴ്സ് ഓട്ടോപൈലറ്റ് സോഫ്റ്റ്‌വെയറാണെന്ന പുതിയ റിപ്പോർട്ടാണ് ഏറെ കൗതുകമുണർത്തുന്നത്. '404 മീഡിയ'യുടെ റിപ്പോർട്ട് അനുസരിച്ച്, വിദൂര നിയന്ത്രിത വിമാനങ്ങൾക്കായി വികസിപ്പിച്ചെടുത്ത 'ആർഡുപൈലറ്റ്' (ArduPilot) എന്ന സൗജന്യ/ഓപ്പൺ സോഫ്റ്റ്‌വെയറാണ് ഈ ആക്രമണത്തിന് കരുത്ത് പകർന്നത്.
ആരാണ് ആർഡുപൈലറ്റിന് പിന്നിൽ?
2007-ൽ 'WIRED' മാഗസിന്റെ മുൻ എഡിറ്റർ ഇൻ ചീഫ് ആയിരുന്ന ക്രിസ് ആൻഡേഴ്സൺ, ലെഗോ മൈൻഡ്സ്റ്റോംസ് കിറ്റ് ഉപയോഗിച്ച് ആർഡുപൈലറ്റിന്റെ ആദ്യ പതിപ്പ് നിർമ്മിച്ചു. പിന്നീട്, ജോർഡി മുനോസ്, ജേസൺ ഷോർട്ട് എന്നിവരുമായി ചേർന്ന് അദ്ദേഹം ഈ പ്രോജക്റ്റ് വികസിപ്പിച്ചു. ഇത് ഓട്ടോണമസ് ഡ്രോൺ പറത്തലിനായുള്ള ഒരു കമ്യൂണിറ്റി-ഡ്രൈവൺ പ്ലാറ്റ്‌ഫോമായി വളർന്നു. ആക്രമണത്തിന് ശേഷം ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ ആൻഡേഴ്സൺ തന്നെ ആർഡുപൈലറ്റ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചതായി വെളിപ്പെടുത്തി.
തുടക്കത്തിൽ ആർഡുയിനോ ഹാർഡ്‌വെയറുമായി പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്ത ആർഡുപൈലറ്റ്, ഇപ്പോൾ ഡ്രോണുകൾ, ബോട്ടുകൾ, അന്തർവാഹിനികൾ, റോവറുകൾ എന്നിവയെ പോലും നിയന്ത്രിക്കാൻ കഴിയുന്ന ഒരു കരുത്തുറ്റ പ്ലാറ്റ്‌ഫോമായി മാറിയിരിക്കുന്നു. ജിപിഎസ് വഴിയുള്ള പോയിന്റുകൾ സജ്ജീകരിക്കാനും, ടേക്ക് ഓഫ്, ലാൻഡിങ് എന്നിവ ഓട്ടോമേറ്റ് ചെയ്യാനും, വായുവിൽ ഡ്രോണിനെ സ്ഥിരമായി നിർത്താനും ഇത് ഡ്രോൺ പൈലറ്റുമാരെ സഹായിക്കുന്നു.
തിരച്ചിൽ, രക്ഷാപ്രവർത്തനം, കാർഷിക ഉപയോഗം, ത്രീഡി മാപ്പിങ് തുടങ്ങിയ സമാധാനപരമായ ആവശ്യങ്ങൾക്കാണ് ഈ സോഫ്റ്റ്‌വെയർ വികസിപ്പിച്ചതെങ്കിലും, യുദ്ധത്തിൽ ഇത് ഉപയോഗിക്കപ്പെട്ടത് സൈനിക ആവശ്യങ്ങൾക്കുള്ള അതിന്റെ അനുയോജ്യത വെളിവാക്കുന്നു.
അതിനൂതന സാങ്കേതിക വിദ്യകൾക്ക് പകരം, ലളിതവും എന്നാൽ കരുത്തുറ്റതുമായ ഒരു ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇത്രയും വലിയൊരു ആക്രമണം നടത്താൻ കഴിഞ്ഞത് സൈനിക ലോകത്ത് പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കയാണ്.