ADVERTISEMENT

വര്‍ഷാവര്‍ഷം സംഘടിപ്പിക്കുന്ന വേള്‍ഡ്‌വൈഡ് ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സ് (ഡബ്ല്യൂഡബ്ല്യൂഡിസി) നടക്കുന്ന ജൂണ്‍ 9ന് ഐഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഓഎസ് അടക്കമുള്ള ആപ്പിള്‍ ഉപകരണ സോഫ്റ്റ്‌വെയര്‍ വേര്‍ഷന്റെ പേരിടീലില്‍ മാറ്റം പ്രഖ്യാപിച്ചേക്കും എന്നു റിപ്പോർട്ടുകൾ.

ഐഫോണിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഇപ്പോള്‍ ഐഓഎസ് 18.5 ആണ്. തലേ വര്‍ഷം വരെ പിന്തുടര്‍ന്നിരുന്ന രീതി വച്ചാണെങ്കില്‍ ഈ വര്‍ഷം ഐഓഎസ് 19 ആണ് പരിചയപ്പെടുത്തേണ്ടത്. എന്നാല്‍, അതിനു പകരം ഐഓഎസ് 26 ആയിരിക്കും പരിചയപ്പെടുത്തുകയെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്തുകൊണ്ട് ഐഓഎസ് 26?

ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെയെല്ലാം വേര്‍ഷന്‍ നമ്പര്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായിട്ട് ആയിരിക്കും ഇത് ചെയ്യുക. നലവില്‍ ഐപാഡ് ഓഎസ് 18, മാക്ഓഎസ് 15, വാച്ച്ഓഎസ് 12, വിഷന്‍ഓഎസ്2 എന്നിങ്ങനെയാണ് പേരുകള്‍. ഇവയെല്ലാം ഇനി ഐഓഎസ് 26, ഐപാഡ്ഓഎസ് 26, മാക്ഓഎസ്26, വാച്ച്ഓഎസ് 26, ടിവിഓഎസ് 26, വിഷന്‍ഓഎസ് 26 തുടങ്ങിയ പേരുകളിലേക്ക് മാറ്റുമെന്നാണ് പറയുന്നത്. 

apple-logo - 1

ഏതു വര്‍ഷമാണോ അവതരിപ്പിക്കുന്നത് അതിന്റെ അടുത്ത വര്‍ഷത്തിന്റെ അവസാനത്തെ രണ്ടക്കം ആയിരിക്കും ഇനി ആപ്പിള്‍ഉപകരണങ്ങളുടെ വേര്‍ഷനുകളില്‍ ഉണ്ടാകുക. ചുരുക്കി പറഞ്ഞാല്‍ 2026 എന്ന വര്‍ഷത്തിനുള്ള സോഫ്റ്റ്‌വെയര്‍ ആയതിനാലാണ് ഇത്തരത്തില്‍ പേരുമാറ്റം വരുന്നത്. യൂസര്‍മാര്‍ക്കും, ആപ്പ് ഡിവലപ്പര്‍മാര്‍ക്കും വേര്‍ഷനുകളെക്കുറിച്ച് ഒരു കണ്‍ഫ്യൂഷനും ഉണ്ടാകാതിരിക്കാനാണ് ഇത്തരത്തിലൊരു മാറ്റം ഉണ്ടായാല്‍ അത് എന്നാണ് വിവരം.  

Image Credit: husayno/Istock
Image Credit: husayno/Istock

പേരില്‍ മാത്രമല്ല, ഡിസൈനിലും മാറ്റം

ആപ്പിളിന്റെ ഉപകരണങ്ങളുടെ എല്ലാം യൂസര്‍ ഇന്റര്‍ഫേസുകള്‍ക്കും ആകെ മാറ്റം വന്നേക്കുമെന്നും അവകാശവാദങ്ങളുണ്ട്. മെന്യൂ, ആപ്സ്, വിന്‍ഡോസ്, സിസ്റ്റം ബട്ടണ്‍സ്, ഐക്കണ്‍സ് തുടങ്ങിയവയിലെല്ലാം ഇതു പ്രതിഫലിച്ചേക്കും. കമ്പനിയുടെ തന്നെ ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റായ വിഷന്‍ പ്രോയുടെ വിഷന്‍ഓഎസില്‍ നിന്ന് കടംകൊണ്ടാണ് പുതുമകള്‍ വരുത്തുന്നത് എന്നു പറയപ്പെടുന്നു.

മറ്റ് ഓഎസുകളെല്ലാം വര്‍ഷങ്ങള്‍ മുമ്പ് സൃഷ്ടിച്ചവയാണെങ്കില്‍ വിഷന്‍ഓഎസ് ഏതാനും വര്‍ഷം മുമ്പ് ഉരുത്തിരിച്ചെടുത്തതാണ്. വൃത്താകൃതിയിലുള്ള ഐക്കണുകളും, നാവിഗേഷന് ട്രാന്‍സ്‌ലൂസന്റ് പാനലുകളും ഉള്‍പ്പെടുത്തിയിരിക്കുന്നതാണ് വിഷന്‍ഓഎസിനെ ശ്രദ്ധേയമാക്കുന്നത്. അവയെല്ലാം ഐഓഎസ് 26 മുതലുള്ള പുതുക്കിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലേക്ക് എത്തിയേക്കും. 

പുതിയ ഓഎസുകള്‍ എത്തുന്നതോടെ ആപ്പിളിന്റെ എല്ലാ ഉപകരണങ്ങളിലും സമാനതകള്‍ തോന്നിപ്പിക്കുമെന്നും പ്രവചനങ്ങളുണ്ട്. ആപ്പിളിന്റെ ഏതെങ്കിലും കംപ്യൂട്ടിങ് ഉപകരണം ഉപയോഗിച്ചു ശീലിച്ച ഒരാള്‍ക്ക് യാതൊരു അപരിചിതത്വവും തോന്നാതെ മറ്റ് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ സാധിച്ചേക്കും.

ഡിസൈന്‍ ലീക്ക് ആയോ?

ഡബ്ല്യൂഡബ്ല്യൂഡിസിക്ക് ഏതാനും ദിവസം മാത്രമുള്ളപ്പോൾ ആപ്പിളിന്റെ ഒരു മുന്‍ ജീവനക്കാരന്‍ പുതിയ ഡിസൈന്‍ ലീക്ക് ആക്കിയെന്ന് ബിജിആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാലിഡ് ആപ്പിന്റെ സൃഷ്ടാവും, ആപ്പിളിന്റെ ഡിസൈന്‍ ടീമിലെ മുന്‍ അംഗവുമായ സെബാസ്റ്റിയാന്‍ ഡെ വിത് (Sebastiaan de With) ആണ് ആപ്പിളിന്റെ ഡിസൈന്‍ ആയിരിക്കും എന്നു പറഞ്ഞ് ചില സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. കമ്പനിയുടെ ''പ്രൊജക്ട് സൊളാറിയം'' റീഡിസൈന്‍ ആണ് പുറത്തുവിട്ടിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. ബ്ലൂംബര്‍ഗിന്റെ മാര്‍ക്ക് ഗുര്‍മനും നേരത്തെ ഇത്തരത്തിലൊരു സൂചന നല്‍കിയിരുന്നു.  

tech-apple - 1

വൈബ്-കോഡിങ് പ്ലാറ്റ്‌ഫോം

ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ആപ്പിളും എഐ സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ ആന്ത്രോപ്പിക്കുമായി ചേര്‍ന്ന് വൈബ്-കോഡിങ് (vibe-coding) സോഫ്റ്റ്‌വെയര്‍  പ്ലാറ്റ്‌ഫോമും ഡബ്ല്യുഡബ്ല്യുഡിസിയില്‍ പരിചയപ്പെടുത്തിയേക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തി, പ്രോഗ്രാമര്‍മാര്‍ക്കു വേണ്ടി കോഡുകള്‍ എഴുതാനും, എഡിറ്റ് ചെയ്യാനും, ടെസ്റ്റ് ചെയ്യാനും ഉപകരിക്കുന്ന ഒന്നാണത്രെ ഇത്. നിര്‍മ്മിത ബുദ്ധിയോട് മുഖംതിരിച്ചു നിന്നിരുന്ന ആപ്പിള്‍ ചില മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നു എന്നതിന്റെ സൂചനയാണിത് എന്നും അവകാശപ്പെടുന്നവരുണ്ട്.  

ഐഫോണ്‍ 17, എയര്‍ മോഡലുകള്‍ ഒരു കാര്യത്തില്‍ നിരാശപ്പെടുത്തിയേക്കാം

ഈ വര്‍ഷം സെപ്റ്റംബറില്‍ പുറത്തിറക്കിയേക്കുമെന്നു കരുതുന്ന ഐഫോണ്‍ 17, എയര്‍ മോഡലുകള്‍ ഒരു കാര്യത്തില്‍ നിരാശപപെടുത്തിയേക്കുമെന്ന് ഫോര്‍ബ്‌സ്. ഐഫോണ്‍ പ്രോ മോഡലുകള്‍ക്ക് 2021 മുതല്‍ നല്‍കിവന്നിരുന്ന പ്രോമോഷന്‍ സ്‌ക്രീന്‍ ടെക്‌നോളജി ഈ വര്‍ഷം എല്ലാ മോഡലുകള്‍ക്കും നല്‍കിയേക്കും എന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. 

എന്നാല്‍, ഐഫോണ്‍ 17, എയര്‍ മോഡലുകള്‍ക്ക് അവ ഉണ്ടായേക്കില്ലെന്നാണ് പുതിയ സുചന. ഫിക്‌സ്ഡ് ഫോക്കല്‍ ഡിജിറ്റല്‍ എന്ന ലീക്കറെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. പ്രോമോഷന്‍ സ്‌ക്രീനുകള്‍ക്ക് 120 ഹെർട്‌സ് റിഫ്രെഷ് റേറ്റാണ് ഉള്ളത്. പ്രോ അല്ലാത്ത ഐഫോണുകളുടെ സ്‌ക്രീനുകള്‍ക്ക് 60 ഹെർട്‌സ് ആണ് റിഫ്രഷ് റേറ്റ്. അത് ഈ വര്‍ഷം മുതല്‍ മാറിയേക്കുമെന്നായിരുന്നു ഇതുവരെ പറഞ്ഞുകേട്ടിരുന്നത്. 

ഡബ്ല്യൂഡബ്ല്യൂഡിസി ലൈവ് എങ്ങനെ കാണാം?

ഡബ്ല്യൂഡബ്ല്യൂഡിസി ലൈവ് ടെലികാസ്റ്റ് ആപ്പിളിന്റെ ഇവന്റ്‌സ് പേജില്‍ ലഭിക്കും

ഇനി അതു വേണ്ടെങ്കില്‍ ആപ്പിളിന്റെ യൂട്യൂബ് പേജിലും ലൈവ് കിട്ടും. ഇതാ ലിങ്ക്:

ഏറ്റവും പുതിയ ആപ്പിൾ അപ്ഡേറ്റുകളും ഒപ്പം വേള്‍ഡ്‌വൈഡ് ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സിന്റെ വിലയിരുത്തലുകളും മനോരമ ഓൺലൈൻ ടെക്നോളജി ചാനലിലും ലഭിക്കും.

English Summary:

iOS 26 is rumored for a June 9th unveiling at Apple's WWDC event. Expect significant new features and performance improvements, marking a notable update for Apple users.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com