മസ്കിനെ കൈവിട്ട് ട്രംപ്, അമേരിക്കയിൽ തിരിച്ചടി; സ്റ്റാർലിങ്കിനെ കൈപിടിച്ച് ആനയിക്കുന്ന 100 രാജ്യങ്ങളിൽ ഇന്ത്യയും; വിശദമായറിയാം

Mail This Article
ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഉപഗ്രഹ അധിഷ്ഠിത ഇന്റർനെറ്റ് സേവനം വാഗ്ദാനം ചെയ്യുന്ന ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ സുപ്രധാന ടെലികോം ലൈസൻസ് ലഭിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ. രാജ്യാന്തര തലത്തിൽ 100-ലധികം രാജ്യങ്ങളിൽ സ്റ്റാർലിങ്ക് ഇതിനോടകം സേവനം ലഭ്യമാക്കിയിട്ടുണ്ട്.
ഇതോടെ, ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾക്ക് ലൈസൻസ് ലഭിക്കുന്ന മൂന്നാമത്തെ കമ്പനിയായി സ്റ്റാർലിങ്ക് മാറി. വൺവെബ്, റിലയൻസ് ജിയോ എന്നിവയാണ് ഈ ലൈസൻസ് നേടിയ മറ്റ് കമ്പനികൾ. നേരത്തെ, കേന്ദ്ര ടെലികോം വകുപ്പിൽ നിന്ന് സ്റ്റാർലിങ്കിന് ഒരു ലെറ്റർ ഓഫ് ഇൻ്റന്റ് (LoI) ലഭിച്ചിരുന്നു.
ഇന്ത്യയിൽ എന്ത് ചെലവ് വരും?
ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഇന്ത്യയിൽ റെസിഡൻഷ്യൽ, ബിസിനസ് പ്ലാനുകൾക്ക് എത്ര ചെലവ് വരുമെന്നാണ്. മത്സരാധിഷ്ഠിതമായ പ്രാരംഭ പ്രൊമോഷണൽ ഓഫറുകൾ ലഭിച്ചാൽ പ്രതിമാസം 10ഡോളറിൽ താഴെ വിലയുള്ള (ഏകദേശം 857 രൂപ) പരിധിയില്ലാത്ത ഡാറ്റ പ്ലാനുകൾ എത്തിയേക്കാമെന്നതാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ചില ടെക് നിരീക്ഷകര്‍ ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിക്കുന്നുണ്ട്. സർചാർജ് മാത്രം ഏകദേശം 500 രൂപ വരുമ്പോള്‍ ഇത് സാധ്യമാകാനിടയില്ലെന്നാണ് അവരുടെ വാദം.
ഫിക്സഡ് ബ്രോഡ്‌ബാൻഡ് കണക്ഷനുകളിലേതിന് സമാനമായി ഹാർഡ്‌വെയർ കിറ്റിന് വെവ്വേറെ നിരക്ക് ഈടാക്കും. ഇന്ത്യയിൽ ഇത് 349 ഡോളറിനും 599 ഡോളറിനും ഇടയിൽ ലഭ്യമാകുമെന്ന് റിപ്പോർട്ടുണ്ട്. ആ വില ഏകദേശം 30,000-51,000 രൂപ ആയിരിക്കും. ഒരൊറ്റ കിറ്റ് ഒന്നിലധികം കണക്ഷനുകൾ നൽകുന്നതിനാൽ ഇത് എങ്ങനെയായിരിക്കും ഉപയോഗിക്കുകയെന്ന് അറിയേണ്ടതുണ്ട്.
ചില സർക്കാരുകൾ സ്റ്റാർലിങ്കിന്റെ സേവനങ്ങൾക്ക് സബ്‌സിഡി നൽകിയിട്ടുണ്ട്. ഇന്ത്യൻ സർക്കാർ സ്റ്റാർലിങ്ക് ഉപയോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകുമോ എന്ന് വ്യക്തമല്ല.

എന്താണ് സ്റ്റാര്‍ലിങ്ക്?
സ്റ്റാർലിങ്ക് എന്നത് സ്പേസ് എക്സ് (SpaceX) എന്ന ബഹിരാകാശ കമ്പനി വികസിപ്പിച്ചെടുത്ത ഒരു ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖലയാണ്. ഭൂമിയോട് വളരെ അടുത്തുള്ള ഭ്രമണപഥത്തിൽ (Low Earth Orbit - LEO) ആയിരക്കണക്കിന് ചെറിയ ഉപഗ്രഹങ്ങളെ വിന്യസിച്ച് ലോകമെമ്പാടും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
പ്രവർത്തനം എങ്ങനെ?
ഉപഗ്രഹ ശൃംഖല (Satellite Constellation): ഭൂമിയിൽ നിന്ന് ഏകദേശം 550 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ ആയിരക്കണക്കിന് ഉപഗ്രഹങ്ങൾ ഒരു വലപോലെ ഭൂമിയെ ചുറ്റുന്നു. ഭൂമിയോട് അടുത്തായതുകൊണ്ട് ഡാറ്റാ കൈമാറ്റത്തിനുള്ള കാലതാമസം (Latency) വളരെ കുറവായിരിക്കും. ഇത് ഓൺലൈൻ ഗെയിമിംഗ്, വീഡിയോ കോളിംഗ് പോലുള്ളവയ്ക്ക് മികച്ച അനുഭവം നൽകുന്നു.
യൂസർ കിറ്റ് (സ്റ്റാർലിങ്ക് കിറ്റ്): ഉപയോക്താവിന് ഒരു കിറ്റ് ലഭിക്കും. ഇതിൽ ഒരു ചെറിയ ഡിഷ് ആന്റിന (ഇതിനെ 'ഡിഷി' എന്ന് വിളിക്കുന്നു), ഒരു വൈഫൈ റൂട്ടർ, കേബിളുകൾ എന്നിവയുണ്ടാകും.
കണക്ഷൻ: ഈ ഡിഷ് ആന്റിന തുറന്ന സ്ഥലത്ത്, ആകാശം കാണുന്ന രീതിയിൽ സ്ഥാപിക്കണം. ഇത് യാന്ത്രികമായി ഏറ്റവും അടുത്തുള്ള സ്റ്റാർലിങ്ക് ഉപഗ്രഹവുമായി ബന്ധം സ്ഥാപിക്കും. ഉപഗ്രഹങ്ങൾ ഈ സിഗ്നൽ ഭൂമിയിലുള്ള ഗ്രൗണ്ട് സ്റ്റേഷനുകളിലേക്ക് അയയ്ക്കുകയും അവിടെ നിന്ന് ഇന്റർനെറ്റുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.
ഇന്ത്യയിലെ പ്രാധാന്യവും സാധ്യതകളും
ഗ്രാമീണ മേഖലയിലെ ഇന്റർനെറ്റ്: ഫൈബർ ഒപ്റ്റിക് കേബിളുകൾ എത്തിക്കാൻ പ്രയാസമുള്ള ഗ്രാമങ്ങൾ, മലയോര പ്രദേശങ്ങൾ, ഒറ്റപ്പെട്ട സ്ഥലങ്ങൾ എന്നിവിടങ്ങളിൽ അതിവേഗ ഇന്റർനെറ്റ് എത്തിക്കാൻ സ്റ്റാർലിങ്കിന് കഴിയും.

ദുരന്തനിവാരണം: വെള്ളപ്പൊക്കം, ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സാധാരണ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലാകാം. അത്തരം സന്ദർഭങ്ങളിൽ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം നൽകി രക്ഷാപ്രവർത്തനങ്ങളെ സഹായിക്കും.
മത്സരം: ജിയോ, എയർടെൽ തുടങ്ങിയ നിലവിലെ ബ്രോഡ്ബാൻഡ് ദാതാക്കൾക്ക് ഒരു പുതിയ എതിരാളി വരുന്നത് വിപണിയിൽ മത്സരം വർദ്ധിപ്പിക്കാനും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും വില കുറയാനും കാരണമായേക്കാം.
മറ്റ് ഉപയോഗങ്ങൾ: കപ്പലുകൾ, വിമാനങ്ങൾ, ചരക്ക് വാഹനങ്ങൾ എന്നിവയ്ക്ക് യാത്രയ്ക്കിടയിലും തടസ്സമില്ലാത്ത ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകാൻ സ്റ്റാർലിങ്കിന് സാധിക്കും.

ട്രംപും മസ്കും തർക്കത്തിൽ
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്‌പേസ് എക്‌സ് മേധാവി എലോൺ മസ്‌കും തമ്മിലുള്ള വാക്ക് തർക്കവും സംഘർഷങ്ങളും മസ്‌കിന്റെ ബിസിനസുകളിൽ സ്വാധീനം ചെലുത്താൻ തുടങ്ങിയിരിക്കുന്നു. ഈ തർക്കം പുരോഗമിക്കും തോറും ലോകമെമ്പാടുമുള്ള സ്റ്റാർലിങ്ക് ബിസിനസുകളെ ഉൾപ്പെടെ ബാധിക്കാൻ തുടങ്ങിയേക്കാമെന്ന് യുഎസിലെ നയതന്ത്ര വിദഗ്ദ്ധൻ സഞ്ജീവ് ശ്രീവാസ്തവിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു.

ഫെഡറൽ സബ്‌സിഡികളും കരാറുകളും റദ്ദാക്കുമെന്ന ട്രംപിന്റെ ഭീഷണിയെത്തുടർന്ന് ടെസ്‌ലയുടെ ഓഹരികളിൽ ഗണ്യമായ ഇടിവ് നേരിട്ടു. ഫെഡറൽ പിന്തുണ പിൻവലിച്ചാൽ സ്റ്റാർലിങ്കിന്റെ മാതൃ കമ്പനിയായ സ്‌പേസ് എക്‌സും സമാനമായ വെല്ലുവിളികൾ നേരിടേണ്ടിവരും. അതേസമയം വലിയ ഉപഭോക്തൃ സാധ്യതയുള്ള ഇന്ത്യയിലെ തുടക്കം സ്റ്റാർലിങ്ക് ബിസിനസിന് നേട്ടമായേക്കും.