ADVERTISEMENT

തപാൽ ഇടപാടുകൾക്ക് ഉപയോഗിക്കുന്ന പിൻകോഡ് പോലെ, ഡിജിറ്റലായി വിലാസങ്ങൾ അടയാളപ്പെടുത്താനും കണ്ടെത്താനും സഹായിക്കുന്ന ഒരു  സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ഡിജിറ്റൽ പോസ്റ്റൽ ഇൻഡക്സ് നമ്പർ അഥവാ ഡിജിപിൻ (DIGIPIN). തപാൽ വകുപ്പും ഐഐടി ഹൈദരാബാദും ചേർന്നാണ് ഈ നൂതന സംവിധാനം വികസിപ്പിച്ചെടുത്തത്. 

എന്താണ് ഇതിന്റെ പ്രത്യേകത? 

ഇനി, നിങ്ങൾക്ക് ഒരു സ്ഥലത്തിന്റെ വിലാസം കൃത്യമായി അറിയണമെങ്കിൽ, ഈ ഡിജിപിൻ കോഡ് മാത്രം മതി. ഇത് 'ഓഫ് ലൈൻ അഡ്രസിങ് റഫറൻസ്' ആയി പ്രവർത്തിക്കും. ഇന്ത്യയിലെ ഓരോ പ്രദേശത്തെയും, നമ്മുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോൺ ഉൾപ്പെടെ, 4 മീറ്റർ x 4 മീറ്റർ വലുപ്പമുള്ള ചെറിയ യൂണിറ്റുകളായി ഇത് തിരിച്ചിട്ടുണ്ട്. ഓരോ യൂണിറ്റിനും അതിന്റെ കൃത്യമായ അക്ഷാംശ, രേഖാംശ സ്ഥാനങ്ങളിൽ നിന്ന് രൂപംകൊണ്ട 10 അക്കങ്ങളുള്ള ഒരു പ്രത്യേക ആൽഫാന്യൂമെറിക് കോഡ് നൽകും.

സാധാരണ ഉപയോഗിക്കുന്ന വിലാസങ്ങളെക്കാൾ വളരെ കൃത്യമായി ഒരു സ്ഥലം എവിടെയാണെന്ന് ഈ ഡിജിപിൻ ഉപയോഗിച്ച് കണ്ടെത്താൻ സാധിക്കും. ഇനി തെളിഞ്ഞ വിലാസമില്ലാത്ത ഉൾപ്രദേശങ്ങളോ, ഗ്രാമങ്ങളോ, കടലിലെ ഏതെങ്കിലും സ്ഥാനമോ ആകട്ടെ, ഡിജിപിൻ ഉണ്ടെങ്കിൽ കൃത്യത ഉറപ്പ്!

രാജ്യത്തെ കൃത്യമായ സ്ഥലനിർണയം സാധ്യമാക്കുന്നതിനായി കേന്ദ്രസർക്കാർ പുതിയൊരു ഡിജിറ്റൽ വിലാസ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് – 'DIGIPIN' (ഡിജിപിൻ). രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും, എന്തിന് കടലിൽ പോലും ഇനി ഒരു ഡിജിറ്റൽ വിലാസം ഉണ്ടാകുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

എങ്ങനെ പ്രവർത്തിക്കുന്നു?

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) ഹൈദരാബാദും, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ റിമോട്ട് സെൻസിങ് സെന്ററും (NRSC) സഹകരിച്ചാണ് തപാൽ വകുപ്പ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഇത് വ്യക്തിഗത വിവരങ്ങളൊന്നും സംഭരിക്കുന്നില്ല എന്നത് സ്വകാര്യതയ്ക്ക് ഊന്നൽ നൽകുന്നു.

ഡെലിവറി കൃത്യമാകും

പലപ്പോഴും ഗ്രാമപ്രദേശങ്ങളിലും നഗരത്തിലെ ചില ഭാഗങ്ങളിലും കൃത്യമായ വിലാസം കണ്ടെത്താൻ ബുദ്ധിമുട്ടുന്നത് ഡെലിവറി വൈകാൻ കാരണമാകാറുണ്ട്. ഈ പ്രശ്നത്തിന് ഡിജിപിൻ ഒരു പരിഹാരമാകും.

ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഇ-കൊമേഴ്‌സ് ഭീമന്മാർക്ക് ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് കൂടുതൽ കൃത്യതയോടെയും വേഗത്തിലും എത്തിക്കാൻ ഇത് സഹായിക്കും. 

പൊലീസ്, ആംബുലൻസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസുകൾ എന്നിവയുടെ പ്രതികരണ സമയം മെച്ചപ്പെടുത്താൻ ഡിജിപിന്‍ സഹായകമാകും. അടിയന്തര സാഹചര്യങ്ങളിൽ കൃത്യമായ സ്ഥലം വേഗത്തിൽ കണ്ടെത്തുന്നത് ജീവൻ രക്ഷിക്കാൻ നിർണായകമാണ്.

ഡിജിപിൻ ഒരു ഓപ്പൺ സോഴ്‌സ്, ഇന്റർഓപ്പറബിൾ, ജിയോ-കോഡഡ്, ഗ്രിഡ് അധിഷ്ഠിത ഡിജിറ്റൽ വിലാസ സംവിധാനമാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ ആറക്ക പിൻകോഡ് സംവിധാനത്തിന് പകരമായിട്ടല്ല ഡിജിപിന്‍ വരുന്നത്. നിലവിലുള്ള തപാൽ വിലാസങ്ങൾക്ക് മുകളിൽ ഒരു അധിക കൃത്യതയുടെ പാളിയായി ഇത് പ്രവർത്തിക്കും. നിങ്ങളുടെ പ്രദേശത്തെ DIGIPIN നിങ്ങളുടെ കൈവശമുള്ള ഉപകരണത്തിന്റെ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (GNSS) ലൊക്കേഷൻ പിടിച്ചെടുക്കുന്നതിനെ ആശ്രയിച്ചിരിക്കും എന്നും ഇന്ത്യാ പോസ്റ്റ് അറിയിച്ചു.

DIGIPIN എങ്ങനെ കണ്ടെത്താം?

∙- വീടിന്റെയോ മറ്റ് ഏതെങ്കിലും സ്ഥലത്തിന്റെയോ DIGIPIN കണ്ടെത്താൻ ഈ ലളിതമായ ഘട്ടങ്ങൾ പാലിക്കുക:

∙dac.indiapost.gov.in/mydigipin/home എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക. തപാൽ വകുപ്പ് ഇതിനായി ആരംഭിച്ച പ്രത്യേക പോർട്ടലാണിത്.

∙വെബ് ബ്രൗസറിന് ലൊക്കേഷൻ ആക്സസ് ചെയ്യാൻ അനുമതിയുണ്ടെന്ന് ഉറപ്പാക്കുക. ലൊക്കേഷൻ ഓഫാണെങ്കിൽ, ബ്രൗസർ സെറ്റിങ്സിൽ അത് ഓൺ ചെയ്യേണ്ടി വരും.

∙ലൊക്കേഷൻ ആക്സസിനായി ഒരു പോപ്പ്-അപ്പ് പ്രത്യക്ഷപ്പെടുകയാണെങ്കിൽ 'Allow' ക്ലിക്ക് ചെയ്യുക.

DIGIPIN സ്വകാര്യതാ നയത്തിലെ നിബന്ധനകൾ അംഗീകരിക്കുന്നുവെങ്കിൽ 'I Consent' ടാപ്പ് ചെയ്യുക.

∙സ്ക്രീനിന്റെ താഴെ വലത് മൂലയിൽ  തനതായ ആൽഫാന്യൂമെറിക് കോഡ് കാണാൻ സാധിക്കും.

∙ഈ പുതിയ ഡിജിറ്റൽ വിലാസ സംവിധാനം ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിലെ ഒരു സുപ്രധാന ചുവടുവെപ്പാണ്. 

∙ഇത് രാജ്യത്തെ വിവിധ സേവനങ്ങൾക്ക് പുത്തൻ ഉണർവ് നൽകുകയും പൗരന്മാരുടെ ജീവിതം കൂടുതൽ ലളിതമാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary:

How to check your DIGIPIN on your phone? Follow these quick and easy steps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com