കംപ്യൂട്ടിങ് സാധാരണക്കാരിലേക്ക് എത്തിച്ച ആപ്പിള്‍ ഡിസൈനര്‍ ബില്‍ അറ്റ്കിന്‍സണ്‍; അദ്ദേഹത്തിന്റെ സംഭാവന എന്ത്?

Mail This Article
ഐഫോണ്‍ നിര്‍മാണ കമ്പനിയായ ആപ്പിളിന്റെ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സുമായി അടുത്തു സഹകരിക്കുകയും കംപ്യൂട്ടിങിന്റെ ആരംഭ ഘട്ടത്തില്‍ നിര്‍ണായക സംഭാവന നടത്തുകയും ചെയ്ത ഡിസൈനര്‍ ബില്‍ അറ്റ്കിന്‍സണ്‍ (74) അന്തരിച്ചു. ആപ്പിളിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളായ ലിസാ (Lisa), മക്കിന്റോഷ് ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫെയ്‌സുകളുടെ സൃഷ്ടിയിലാണ് ജോബ്‌സും അറ്റ്അകിന്‍സണും സഹകരിച്ചത്. ഇതാണ് ദശലക്ഷക്കണക്കിന് ആളുകളിലേക്ക് കാര്യക്ഷമമായ പഴ്‌സണല്‍ കംപ്യൂട്ടിങ് സംവിധാനങ്ങള്‍ എത്തിച്ചേരാന്‍ സഹായിച്ചത് എന്നു കരുതപ്പെടുന്നു.
ആപ്പിളിന്റെ മാക് പരിസ്ഥിതിയുടെ വളര്‍ച്ചയ്ക്ക് അദ്ദേഹം നല്‍കിയ നിസ്തുലമായ സംഭാവന തങ്ങള്‍ക്ക് എക്കാലത്തും ആവേശം പകരും എന്ന് പറഞ്ഞാണ് ആപ്പിള്‍ മേധാവി ടിം കുക്ക്, അറ്റ്കിന്‍സണ്‍ന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്.
എന്താണ് ആ സംഭാവനകള്‍?
ക്വിക്‌ഡ്രോ, ഹൈപ്പര്‍കാര്‍ഡ് പ്രൊജക്ടുകളുടെ സൃഷ്ടാവ്
ലിസാ, മക്കിന്റോഷ് കംപ്യൂട്ടറുകളുടെ വരവിന് അടിത്തറപാകിയ ക്വിക്‌ഡ്രോ, ഹൈപ്പര്‍കാര്‍ഡ് പ്രൊജക്ടുകളുടെ സൃഷ്ടാവാണ് അറ്റ്കിന്‍സണ്‍. ക്വിക്‌ഡ്രോ സോഫ്റ്റ്‌വെയര്‍ ലെയറിനെ അടിസ്ഥാനമാക്കിയാണ് മക്കിന്റോഷും ലിസയും കെട്ടിപ്പെടുത്തത്. ആകാരങ്ങളും, ടെക്സ്റ്റും, ചിത്രങ്ങളും കാര്യക്ഷമതയോടെ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ച, ചെറിയ പ്രോഗ്രാമുകളുടെ ഒരു ലൈബ്രറി ആയിരുന്നു ക്വിക്‌ഡ്രോ. ഇത് കംപ്യൂട്ടറിന്റെ ഹാര്‍ഡ്‌വെയറില്‍ തന്നെ എംബെഡ് ചെയ്യുകയായിരുന്നു.
'ഡെസ്‌ക്ടോപ്പ്' എന്ന ആശയം ആദ്യമായി 'പ്രാവര്‍ത്തികമാക്കാന്‍' സഹായിച്ച സോഫ്റ്റ്‌വെയര്‍ ആയും ക്വിക്‌ഡ്രോ അറിയപ്പെടുന്നു. ആദ്യത്തെ നിസ്തുലമായ ഗ്രാഫിക് ഇന്റര്‍ഫെയിസുകളില്‍ ഒന്നുമാണത്. ഫോള്‍ഡേഴ്‌സ്, ഫയല്‍സ്, ആപ്ലിക്കേഷന്‍സ് തുടങ്ങിയവയ്‌ക്കൊക്കെയുള്ള, ഐക്കണ്‍സിന്റെ തോന്നല്‍ സൃഷ്ടിക്കാന്‍ ഇതിന് സാധിച്ചു.
ഗ്രാഫിക്കല്‍ കംപ്യൂട്ടിങിന് നിര്‍ണ്ണായക സംഭാവന
ഗ്രാഫിക്കല്‍ കംപ്യൂട്ടിങിന്റ സൃഷ്ടാവ് അറ്റ്കിന്‍സണ്‍ ആണ് എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. പുള്‍-ഡൗണ്‍ മെന്യൂസ്, ഡബിള്‍-ക്ലിക്ക് ജസ്ചര്‍ തുടങ്ങിയവയ്‌ക്കൊക്കെ തുടക്കമിട്ടത് അദ്ദേഹമാണ് എന്നു കരുതപ്പെടുന്നു. ഇന്നും മൗസ് രണ്ടു തവണ ക്ലിക്ക് ചെയ്ത് ഫയലുകളും ആപ്‌ളിക്കേഷന്‍സും തുറക്കുന്നവരില്‍ കംപ്യൂട്ടിങിന്റെ ചരിത്രമറിയാവുന്നര്‍, ചിലപ്പോഴെങ്കിലും അതു കൊണ്ടുവന്നു എന്നു കരുതുന്ന അറ്റ്കിന്‍സണെയും സ്മരിക്കുന്നത് അതുകൊണ്ടാണ്.
മക്കിന്റോഷ് കംപ്യൂട്ടറുകള്‍ 1984ല്‍ അരങ്ങേറ്റം നടത്തുന്നതിനു മുമ്പ്, പേഴ്‌സണല്‍ കംപ്യൂട്ടറുകളെല്ലാം ടെക്സ്റ്റ്-കേന്ദ്രീകൃതമായിരുന്നു. അതില്‍ ഗ്രാഫിക്‌സ് ഇന്റഗ്രേറ്റ് ചെയ്തിരുന്നില്ല. മൗസുകളും സാധാരണമായിരുന്നില്ല. ആപ്പിളിന്റെ ലിസയ്ക്കു വേണ്ടി 1983ല്‍ വികസിപ്പിച്ചതാണ് ക്വിക്‌ഡ്രോ. എന്നാല്‍ അത് പരാജയപ്പെട്ടു. വിലയാണ് പരാജയകാരണങ്ങളില്‍ ഒന്ന്. ഏകദേശം 10,000 ഡോളറായിരുന്നു (ഇന്നത്തെ ഡോളറിന്റെ മൂല്ല്യം വച്ച് ഏകദേശം 33,000 ഡോളര്‍) അതിന് ഈടാക്കിയിരുന്നത്.
അലന്‍ കെയില്‍ നിന്ന് ദീപശിഖ ഏറ്റുവാങ്ങി
കംപ്യൂട്ടിങിന് ഈ പുതിയ ദിശ സമ്മാനിച്ചതിന് സെറോക്‌സിന്റെ ഡൈനാബുക്ക് (Dynabook) പ്രൊജക്ടിനോടും നന്ദി പറയേണ്ടിയിരിക്കുന്നു. ഈ രഹസ്യ പ്രൊജക്ടിന് തുടക്കമിട്ടത് സെറോക്‌സിന്റെ (Xerox) ശാസ്ത്രജ്ഞനായ അലന്‍ കെയ് (Alan Kay) ആയിരുന്നു. ഇത് 1970കളില്‍ ആയിരുന്നു. സെറോക്‌സ്, ആപ്പിളിന്റെ ജോബ്‌സിനും, അറ്റ്കിന്‍സണ്‍ അടങ്ങുന്ന കൊച്ചു ടീമിനും ഇതിന്റെ പ്രദര്‍ശനം നടത്തിയത് 1979ല്‍ ആയിരുന്നു.
ഡൈനാബുക്ക് പദ്ധതി കൊണ്ട് കെയും കൂട്ടരും ഉദ്ദേശിച്ചത്, കൊണ്ടുനടക്കാവുന്ന ഒരു കംപ്യൂട്ടര്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കാനായിരുന്നു. പിന്നീട്, പല പതിറ്റാണ്ടുകള്‍ ഡൈനാബുക്കിനു പിന്നിലെ ആശയം സിലിക്കന്‍ വാലി എഞ്ചിനിയര്‍മാര്‍ക്ക് പ്രചോദനമാകുകയും ചെയ്തു.
എന്നാല്‍, ഡൈനാബുക്കിന്റെ കംപ്യൂട്ടര്‍ കോഡിങ് രീതിയൊന്നും ആപ്പിള്‍ ജീവനക്കാര്‍ക്ക് സെറോക്‌സ് പരിചയപ്പെടുത്തി നല്‍കിയതുമില്ല. പക്ഷെ, സമര്‍ത്ഥരായ ആപ്പിള്‍ എഞ്ചിനയര്‍മാര്‍ ഇതെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് അനുമാനിക്കുകയായിരുന്നു. മാത്രമല്ല, സെറോക്‌സ് പ്രദര്‍ശിപ്പിച്ചതിലേറെ മികവാര്‍ന്ന ഉല്‍പ്പന്നമായിരുന്നു അവര്‍ പിന്നീട് പുറത്തിറക്കിയത്. ചുരുക്കി പറഞ്ഞാല്‍, കംപ്യൂട്ടിങിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്ന് സൃഷ്ടിക്കുകയായിരുന്നു അറ്റ്കിന്‍സണ്‍.
അദ്ദേഹം അതിനായി എഴുതിയ കോഡുകള്‍ പരിശോധിക്കുമ്പോള്‍ സിസ്‌റ്റെയ്ന്‍ പള്ളിയിലെ മട്ടുപ്പാവിലേക്കു നോക്കുന്ന തരത്തിലുള്ള അനുഭവമായിരുന്നു എന്ന് ആപ്പിളിന്റെ യുവ ഹാര്‍ഡ്‌വെയര്‍ എഞ്ചിനിയര്‍മാരില്‍ ഒരാളായിരുന്ന സ്റ്റീവ് പേള്‍മാന്‍ പില്‍ക്കാലത്ത് ഒര്‍ത്തെടുക്കുന്നു. പേള്‍മാന്‍ ആണ് അറ്റ്കിന്‍സന്റെ സോഫ്റ്റ്‌വെയര്‍ പ്രയോജനപ്പെടുത്തി ആദ്യ കളര്‍ മക്കിന്റോഷ് രൂപകല്‍പ്പന ചെയ്തത്. അറ്റ്കിന്‍സണ്‍ന്റെ കോഡുകള്‍ അതിഗംഭീരമായിരുന്നു. അതില്‍നിന്നാണ് മക്കിന്റോഷ് എന്ന സങ്കല്‍പ്പം വാര്‍ത്തെടുക്കാന്‍ സാധ്യമായത് എന്ന് പേള്‍മാന്‍ പറയുന്നു.
ഒരു കലാകാരനും ഉപജ്ഞാതാവും കൂടിച്ചേര്‍ന്ന വ്യക്തിയാണ് താന്‍ എന്ന് അറ്റ്കിന്‍സണ്‍ പിന്നിട് പറഞ്ഞിട്ടുണ്ട്. കംപ്യൂട്ടിങിന്റെ ചരിത്രത്തില്‍ ശ്രദ്ധേയമായ മറ്റൊരു പ്രോഗ്രാമും അദ്ദേഹത്തിന്റേതായിട്ടുണ്ട്-മാക്‌പെയിന്റ്.
ആപ്പിള്‍ മക്കിന്റോഷ് പുറത്തിറക്കിയ ശേഷമായിരുന്നു അറ്റ്കിന്‍സണ്‍ ഹൈപ്പര്‍കാര്‍ഡ് പ്രൊഗ്രാം കൊണ്ടുവന്നത്. ടെക്സ്റ്റും, ചിത്രങ്ങളും, വിഡിയോയും ഒരു ലളിതമായ ഇന്റര്‍ഫെയ്‌സ് വഴി കൂട്ടിയോജിപ്പിക്കുന്നതിലായിരുന്നു അദ്ദേഹം വിജയിച്ചത്. ഹൈപ്പര്‍കാര്‍ഡിനെ വേള്‍ഡ് വൈഡ് വെബിന്റെ പൂര്‍വ്വഗാമിയായും കരുതുന്നവരുണ്ട്.
എംപ്ലോയി നമ്പര്‍ 51
അറ്റ്കിന്‍സണ്‍ ആപ്പിളില്‍ പ്രവര്‍ത്തിച്ചത് 1978 - 1990 കാലഘട്ടത്തിലായിരുന്നു. കൗതുകകരമായ കാര്യങ്ങള്‍ അറിയാന്‍ താത്പര്യമുള്ളവര്‍ക്കായി പറഞ്ഞാല്‍, അറ്റ്കിന്‍സണ്‍ ആപ്പിളിന്റെ 51-ാമത്തെ ജോലിക്കാരനായിരുന്നു-എംപ്ലോയി നമ്പര്‍ 51. യൂണിവേഴ്‌സിറ്റി ഓപ് വാഷിങ്ടണില്‍ നിന്ന് ന്യൂറോബയോളജിയില്‍ പിഎച്ച്ഡി എടുക്കാനുള്ള ശ്രമത്തിലായിരുന്നു അറ്റ്കിന്‍സണ്‍. ഈ സമയത്താണ് ജോബ്‌സ് അറ്റ്കിന്‍സണെ ആപ്പിളിന്റെ എംപ്ലോയി നമ്പര്‍ 51 ആക്കി ജോലക്കെടുക്കുന്നത്. 1980കളില്‍ ഇരുവരും വളരെയധികം സഹകരിച്ചാണ് ജോലിയെടുത്തിരുന്നത്.
താന്‍ സ്ഥാപിച്ച കമ്പനിയില്‍ നിന്ന് ജോബ്‌സിനെ പുറത്താക്കിയത് 1985ലാണ്. അദ്ദേഹം നെക്സ്റ്റ് (Next) എന്ന കമ്പനി സ്ഥാപിക്കുകയും അതില്‍ ചേരാന്‍ അറ്റ്കിന്‍സണെ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍, തനിക്ക് ഹൈപ്പര്‍കാര്‍ഡ് പ്രൊജക്ട് ഇട്ടിട്ടു പോരാന്‍ വയ്യ എന്നു പറഞ്ഞ് ജോബ്‌സിന്റെ ക്ഷണം അദ്ദേഹം നിരസിച്ച് ആപ്പിളില്‍ തുടര്‍ന്നു. അന്തരിച്ച അറ്റ്കിന്‍സണും, ജോബ്‌സിനെ പോലെ പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ആയിരുന്നു.