iOS 18ൽ നിന്ന് ഒറ്റച്ചാട്ടം; ഇനി iOS 26ന്റെ കാലം! ബീറ്റാ ഡൗണ്ലോഡിന് മുൻപ് അറിയാൻ... Apple WWDC 2025

Mail This Article
ഒരു പതിറ്റാണ്ടിലേറെയായി കാഴ്ചയിൽ കാര്യമായ മാറ്റങ്ങളില്ലാതെ തുടർന്നിരുന്ന ആപ്പിളിന്റെ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം ഐഓഎസിന് ഒടുവിൽ ശാപമോക്ഷം!.WWDC 2025-ലെ പ്രഖ്യാപനങ്ങളോടെ, iOS 18 എന്ന പതിവ് സംഖ്യ ഉപേക്ഷിച്ച്, iOS 26 എന്ന പുതിയ നാമകരണത്തിലേക്ക് ആപ്പിൾ നേരിട്ട് കടന്നിരിക്കുകയാണ്. ഇത് ഐഫോൺ 11 മുതലുള്ള മോഡലുകൾക്ക് വലിയ ആഹ്ലാദം നൽകുന്ന വാർത്തയാണ്.
ഓപ്പറേറ്റിങ് സിസ്റ്റം പേരുകളിൽ മാറ്റം, ഇനി വർഷം അറിയാം
ആപ്പിൾ ഡെവലപ്പർമാർക്കായി വർഷാവർഷം സംഘടിപ്പിക്കുന്ന വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിലാണ് (WWDC) സോഫ്റ്റ്‌വെയർ ഇകോസിസ്റ്റത്തിന് ഉടനടി വരാൻ പോകുന്ന ചില മാറ്റങ്ങൾ പരിചയപ്പെടുത്തിയിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ പേര് മാറ്റമാണ്. ഇനിമുതൽ iOS അടക്കമുള്ള ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റങ്ങളെല്ലാം അത് ഏതു വർഷത്തിനു വേണ്ടിയാണോ പുറത്തിറക്കുന്നത്, ആ വർഷത്തിന്റെ അവസാനത്തെ രണ്ടക്കങ്ങൾ വരും.
അങ്ങനെയാണ്, iOS 18-ന് ശേഷം നേരിട്ട് iOS 26 എത്തുന്നത്. ഐപാഡുകൾക്കുള്ള iPadOS 26, കംപ്യൂട്ടറുകൾക്കുള്ള macOS 26, Vision Pro-യ്ക്കുള്ള visionOS 26, Apple Watch-നുള്ള watchOS 26, Apple TV-ക്കുള്ള tvOS 26 എന്നിവയാണ് മറ്റ് ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ. ഈ ഏകീകൃത നാമകരണം ആപ്പിൾ ഇക്കോസിസ്റ്റത്തിൽ ഒരു പുതിയ അധ്യായം കുറിക്കുന്നു.

ലിക്വിഡ് ഗ്ലാസ് ഡിസൈൻ: സൗന്ദര്യവും സുതാര്യതയും
iOS 26-ന്റെ ഏറ്റവും വലിയ ആകർഷണം ലിക്വിഡ് ഗ്ലാസ് ഡിസൈൻ ഭാഷയാണ്. iOS 18-ൽ നിന്ന് നേരിട്ട് iOS 26-ലേക്ക് ഒരു 'ഒറ്റച്ചാട്ടം' നടത്താൻ ആപ്പിളിനെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങളിലൊന്ന് ഈ ദൃശ്യപരമായ മാറ്റമാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ തങ്ങളുടെ ഓഎസിന് കമ്പനി നൽകുന്ന ഏറ്റവും ദൃശ്യഭംഗിയുള്ള ഓഎസ് ആണിത്.
കാഴ്ചയിൽ സുതാര്യതയും ആഴവും തോന്നിക്കുന്ന ഒന്നായിരിക്കും ലിക്വിഡ് ഗ്ലാസ് ഡിസൈൻ. കൺട്രോളുകൾ, നാവിഗേഷൻ, ആപ്പ് ഐക്കണുകൾ, വിജറ്റുകൾ എന്നിവയിലെല്ലാം ഇത് ദൃശ്യമായിരിക്കും. മാക്കുകളിൽ Apple Music, News, Podcasts എന്നിവയ്ക്ക് ഫ്ലോട്ടിങ് ടാബ് ബാറുകളും വരും. ലോക് സ്ക്രീൻ ക്ലോക്കിൽ പോലും മാറ്റം കാണാനാകും. വാൾപേപ്പറുകൾക്ക് ഒരു ത്രിമാനത തോന്നിപ്പിക്കും. ക്യാമറ ആപ്പിന്റെ ഇന്റർഫേസ് വീണ്ടും ലളിതമാക്കുകയും ഫോട്ടോസ് ആപ്പ് പുനർരൂപകൽപ്പന ചെയ്യുകയും ചെയ്തിട്ടുണ്ട്.

മറ്റ് പ്രധാന അപ്‌ഡേറ്റുകൾ
ഗെയിമിങ്: Apple Games App ആയിരിക്കും ഗെയിമർമാർക്ക് ഏറ്റവുമധികം ആവേശം പകരുന്ന പുതുമകളിലൊന്ന്. ഗെയിമിങ് പ്രേമികൾക്ക് ഈ ഒരു ആപ്പിൽ അവർ ആഗ്രഹിക്കുന്ന വിവരങ്ങൾ എല്ലാം നൽകും.
എയർപോഡുകൾ: ആപ്പിളിന്റെ വയർലെസ് ഇയർബഡ്‌സായ എയർപോഡ്‌സ് 4, എയർപോഡ്‌സ് 4 എൻസി, എയർപോഡ്‌സ് പ്രോ 2 എന്നിവയക്ക് സ്റ്റുഡിയോ ക്വാളിറ്റി വോയിസ് റെക്കോഡിങ് ശേഷി ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു
പാരന്റൽ കൺട്രോൾ: കൂടുതൽ കരുത്താർജ്ജിക്കുന്നതോടെ കുട്ടികൾക്ക് ആപ്പിൾ ഉപകരണങ്ങൾ നൽകുന്നത് കൂടുതൽ സുരക്ഷിതമാക്കാം. ആപ്പിളിന്റെ ബ്രൗസറായ സഫാരിക്ക് പ്രൈവസി വർദ്ധിപ്പിക്കാൻ ഫിംഗർപ്രിന്റിങ് സംരക്ഷണം കൂടി നൽകും.

കാർപ്ലേ: വാഹനങ്ങൾക്കുള്ള കാർപ്ലേ കൂടുതൽ സ്മാർട്ട് ആക്കിയിട്ടുണ്ട്. കോംപാക്ട് കോൾ വ്യൂ, വിജറ്റുകൾ, ലൈവ് ആക്ടിവിറ്റികൾ, കാർപ്ലേ അൾട്രാ തുടങ്ങിയ പുതുമകളാണ് ഇനി എത്തുക.
ആപ്പിൾ മ്യൂസിക്: ആപ്പിൾ മ്യൂസിക്കിൽ ലിറിക്സ് ട്രാൻസ്ലേഷൻ എത്തും. ഉച്ചാരണവും പറഞ്ഞുകൊടുക്കും. പാട്ടിനൊപ്പം പാടാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഗുണംചെയ്യും.
ആപ്പിൾ മാപ്‌സ്: ആപ്പിൾ മാപ്‌സിൽ 'വിസിറ്റഡ് പ്ലേസസ്' ഫീച്ചർ വരും. എവിടെയൊക്കെ പോയിരുന്നു എന്ന് പരിശോധിക്കേണ്ടവർക്കാണ് ഇത്.
പുതിയ iOS 26-ന്റെ ബീറ്റാ വേർഷൻ ഡെവലപ്പർമാർക്ക് തുറന്നു നൽകി കഴിഞ്ഞു. ഏകദേശം 15GB ഡാറ്റ ഡൗൺലോഡ് ചെയ്യണം. എന്നാൽ, ബീറ്റാ ടെസ്റ്റിങ് എന്താണെന്ന് അറിയാത്തവർ ഇത് ഡൗൺലോഡ് ചെയ്താൽ പ്രശ്നങ്ങൾ സംഭവിച്ചേക്കാം. സാധാരണ ഉപയോക്താക്കൾക്ക് പൊതുവായ റിലീസിനായി കാത്തിരിക്കുന്നതാണ് ഉചിതം.