ഭൂമി ഇതുവരെ കാണാത്ത സർവനാശം, ഇന്റർനെറ്റിൽ മൂന്നാം ലോകയുദ്ധം! കനക്കുന്ന ആശങ്ക

Mail This Article
ലോകത്ത് പ്രധാനരാജ്യങ്ങൾ ഉൾപ്പെടുന്ന യുദ്ധങ്ങളോ പോരാട്ടങ്ങളോ വരുമ്പോഴെല്ലാം ഉയരുന്നതാണു മൂന്നാം ലോകയുദ്ധത്തെക്കുറിച്ചുള്ള ആശങ്കയും പ്രചാരണവും അഭ്യൂഹവുമെല്ലാം. ഇറാനും ഇസ്രയേലുമായി സംഘർഷങ്ങൾ മൂർച്ഛിച്ചതോടെ മൂന്നാം ലോകയുദ്ധത്തെക്കുറിച്ചുള്ള ഗൗരവതരമായ ചർച്ചകളും ഊഹാപോഹങ്ങളും ട്രോളുകളുമെല്ലാം പ്രചരിക്കുകയാണ് ഇന്റർനെറ്റിൽ. ഇസ്രയേലും ഇറാനും അങ്ങോട്ടുമിങ്ങോട്ടും നടത്തുന്ന പ്രസ്താവനകളും യുദ്ധഭീതിക്ക് ഇടയാക്കിയിട്ടുണ്ട്.
കോവിഡ് വരുമെന്നു നിങ്ങൾ വിചാരിച്ചിരുന്നോ?
യുക്രെയ്ൻ റഷ്യ യുദ്ധം തുടങ്ങിയ കാലത്തു തന്നെ മൂന്നാംലോക യുദ്ധസിദ്ധാന്തങ്ങൾ ശക്തി പ്രാപിച്ചിരുന്നു. എന്നാൽ ഇനിയൊരു കാലത്ത് ലോകയുദ്ധങ്ങളിലേക്കൊന്നും മാനവരാശി കടക്കില്ലെന്ന് ആശ്വസിക്കുന്നവരും അനേകമാണ്. അങ്ങനെയൊരു കമന്റ് എഴുതിയ ആളോട്, ലോകത്തു കോവിഡ് വരുമെന്നു നിങ്ങൾ വിചാരിച്ചിരുന്നോ എന്നു ചോദിച്ച ആളുകളുമുണ്ട്.
മൂന്നാം ലോകയുദ്ധം എന്ന സങ്കൽപം രണ്ടാം ലോകയുദ്ധം അവസാനിച്ച നാൾ മുതൽ തന്നെ ഉദിച്ച ആശയവും ആശങ്കയുമാണ്. പിന്നീട് അരങ്ങേറിയ ശീതയുദ്ധം മൂന്നാം ലോകയുദ്ധത്തിന്റെ കാഹളമാണെന്ന് വിദഗ്ധർ ഉൾപ്പെടെ കണക്കുകൂട്ടിയെങ്കിലും ശക്തിപ്രകടനങ്ങൾക്കപ്പുറം ഇതൊരു യഥാർഥയുദ്ധമായി പരിണമിച്ചില്ല.
ആണവായുധങ്ങളുള്ള ഈ കാലത്തോ?
1991ൽ സോവിയറ്റ് യൂണിയൻ തകർന്നു വിവിധരാജ്യങ്ങളായതോടെ ഈ സാധ്യത ഇല്ലാതെയായി. യുഎസ് ലോകത്തെ ഒന്നാം നമ്പർ ശക്തിയുമായി മാറി. പിൽക്കാലത്ത് പല രാജ്യങ്ങൾ തമ്മിൽ മൂന്നാം ലോകയുദ്ധത്തിനു തുടക്കമിടുമെന്ന ആശയങ്ങൾ വന്നിട്ടുണ്ട്. ഒടുവിൽ ചൈന–യുഎസ് എന്നിവർ തായ്‌വാനെ ചൊല്ലി യുദ്ധത്തിലേർപ്പെടുമെന്നും ഇതു മൂന്നാംയുദ്ധമായി മാറുമെന്നും വരെ അഭ്യൂഹങ്ങളുണ്ട്.
ഒന്നാം ലോകയുദ്ധകാലത്തും രണ്ടാം ലോകയുദ്ധകാലത്തും ഭൂമിയിൽ സംഭവിച്ചത് വൻ നാശനഷ്ടമാണ്. അപ്പോൾ പിന്നെ ആണവായുധങ്ങളുള്ള ഈ കാലത്തോ? ഭൂമി ഇതുവരെ കാണാത്ത സർവനാശത്തിനാകും അരങ്ങുണരുക.