കേരളത്തിൽ ജിയോ നെറ്റ്വർക് മണിക്കൂറോളം നിശ്ചലം, എക്‌സിൽ പരാതിപ്രളയം, ട്രോളുകൾ; പിന്നാലെ തിരിച്ചെത്തി

Mail This Article
കേരളത്തിലുടനീളം വലിയ സേവന തടസ്സം നേരിട്ട റിലയൻസ് ജിയോ സേവനങ്ങൾ സാധാരണ നിലയിലേക്ക് തിരിച്ചെത്തി. സമൂഹമാധ്യമമായ എക്‌സിൽ പരാതികളുടെ പ്രവാഹമായിരുന്നു. നിരവധി ഉപയോക്താക്കളാണ് നെറ്റ്‌വർക്കുകൾ പ്രവർത്തനരഹിതമായതിനെക്കുറിച്ച് പോസ്റ്റുകളിട്ടത്. ഡൗൺഡിറ്റക്ടർ വെബ്സൈറ്റിൽ ഉപയോക്താക്കൾ പ്രശ്നം റിപ്പോർട്ട് ചെയ്തു. ഒരു മണിക്കൂറോളമുള്ള പ്രതിസന്ധിക്ക് ശേഷമാണ് വീണ്ടും പലർക്കും നെറ്റ്വർക് ലഭിച്ചുതുടങ്ങിയത്.
ജിയോ ഉപയോക്താക്കൾക്കായിരുന്നു സിഗ്നൽ പൂർണ്ണമായും നഷ്ടപ്പെട്ടത്. ഇതോടെ ഓൺലൈൻ ഇടപാടുകൾ, അത്യാവശ്യ ആശയവിനിമയങ്ങൾ എന്നിവയെല്ലാം മുടങ്ങി. കേരളത്തിൽ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഇതുസംബന്ധിച്ചുള്ള റിപ്പോർട്ടുകള്‍ വന്നു..
എന്താണ് സംഭവിക്കുന്നത്?
നെറ്റ്‌വർക്ക് തടസ്സത്തിന്റെ കൃത്യമായ കാരണം ഇതുവരെ സേവനദാതാക്കൾ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. വ്യാപ്തിയെക്കുറിച്ചും കൂടുതല്‍ റിപ്പോർട്ടുകള്‍ വരേണ്ടതുണ്ട്. ഡൗൺഡിറ്റക്ടറിന്റെ ഡാറ്റ പ്രകാരം, പരാതികളിൽ 54% മൊബൈൽ ഇന്റർനെറ്റുമായി ബന്ധപ്പെട്ടതായിരുന്നു.

27 ശതമാനം ആളുകൾ ജിയോ ഫൈബറിനും 19% മൊബൈൽ ഫോൺ നെറ്റ്‌വർക്കുകൾക്കുമാണ് തടസം രേഖപ്പെടുത്തിയത്. കൊച്ചി, ചെന്നൈ, ബെംഗലൂരു, മുംബൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത എന്നിവയുൾപ്പെടെ നിരവധി പ്രധാന നഗരങ്ങളിലെ ഉപയോക്താക്കളെയാണ് തടസ്സം ബാധിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്.