ഇനി അമേരിക്കയിൽ ട്രംപിന്റെ 'ഗോൾഡ് ഫോൺ': ഐഫോണിനെ വെല്ലുവിളിക്കാനുള്ള തന്ത്രമോ?

Mail This Article
ഡൊണാൾഡ് ട്രംപിന്റെ പുതിയ സ്മാർട്ട്‌ഫോൺ സംരംഭമായ 'ട്രംപ് മൊബൈൽ', അമേരിക്കൻ ടെക് വിപണിയിൽ പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ആപ്പിൾ പോലുള്ള വൻകിട കമ്പനികളോട് ഉത്പാദനം അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്ന ട്രംപിന് തൃപ്തികരമായ പ്രതികരണം ലഭിക്കാതിരുന്ന സാഹചര്യത്തിലാണോ 'മെയ്ഡ് ഇൻ അമേരിക്ക' എന്ന ലേബലിൽ ഒരു സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചതെന്നും ഐഫോണിനെ താഴെയിറക്കാനുള്ള തന്ത്രമാണോ എന്ന ചോദ്യവും സമൂഹ മാധ്യമങ്ങൾ തമാശയായിട്ടാണെങ്കിലും ഉയർത്തുന്നു.
എന്താണ് ട്രംപിന്റെ 'ഗോൾഡ് ഫോൺ'?
'ട്രംപ് മൊബൈൽ T1' എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാർട്ട്‌ഫോൺ, കാഴ്ചയിൽ സ്വർണ്ണ നിറത്തിലുള്ള ഒരു ഫിനിഷിലാണ് എത്തുന്നത്. "മേക്ക് ഇൻ അമേരിക്ക" എന്ന ആശയം ഉയർത്തിപ്പിടിച്ചാണ് ഈ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഡൊണാൾഡ് ട്രംപ് ജൂനിയർ ഈ ഫോണിനെ ഒരു 'ഗെയിം ചേഞ്ചർ' എന്നാണ് വിശേഷിപ്പിച്ചത്. അമേരിക്കയെ ഒന്നാമതെത്തിക്കുക, ഉയർന്ന നിലവാരവും സേവനവും നൽകുക, കമ്പനി അമേരിക്കയിൽത്തന്നെ നിർമാണം എന്നിവയെല്ലാം ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ട്രംപ് മൊബൈൽ T1: സവിശേഷതകൾ
പ്രധാനമായും താഴെ പറയുന്ന സവിശേഷതകളാണ് ട്രംപ് മൊബൈൽ T1 ഫോണിന് നൽകിയിട്ടുള്ളത്:
ഡിസ്‌പ്ലേ: 120Hz റിഫ്രഷ് റേറ്റുള്ള 6.8 ഇഞ്ച് പഞ്ച്-ഹോൾ AMOLED ഡിസ്‌പ്ലേ. (പീക്ക് ബ്രൈറ്റ്‌നസിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല).
ക്യാമറ: ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം - 50MP പ്രധാന സെൻസർ, 2MP മാക്രോ സെൻസർ, 2MP ഡെപ്ത് സെൻസർ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.
ബാറ്ററി: 5000mAh ബാറ്ററി, 20W വയർഡ് ചാർജിങ് പിന്തുണ.
പ്രകടനം: ഉപയോഗിച്ചിരിക്കുന്ന ചിപ്‌സെറ്റിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എങ്കിലും, 12GB റാമും 256GB ഓൺബോർഡ് സ്റ്റോറേജും ഫോണിനുണ്ട്.
സുരക്ഷാ ഫീച്ചറുകൾ: ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും AI ഫേസ് അൺലോക്ക് സംവിധാനവും.
ഐഫോണുമായുള്ള മത്സരം: യാഥാർത്ഥ്യമെന്ത്?
499 ഡോളർ വിലയിൽ ഒരു സ്മാർട്ട്‌ഫോൺ അവതരിപ്പിച്ച് ഐഫോണിനോട് മത്സരിക്കാൻ ട്രംപ് മൊബൈൽ T1-ന് കഴിയുമോ എന്നത് കണ്ടറിയേണ്ട വിഷയമാണ്. ഐഫോൺ അതിന്റെ പ്രീമിയം ബ്രാൻഡ് മൂല്യം, ശക്തമായ ഇക്കോസിസ്റ്റം, വിശ്വസനീയമായ പ്രകടനം, ഉയർന്ന നിലവാരമുള്ള ക്യാമറകൾ എന്നിവയാൽ പ്രശസ്തമാണ്. അതേസമയം, ട്രംപ് മൊബൈൽ T1-ന്റെ ചിപ്‌സെറ്റ്, സോഫ്റ്റ്‌വെയർ പിന്തുണ, ദീർഘകാല പ്രകടനം എന്നിവയെക്കുറിച്ച് വ്യക്തതയില്ല.
കൂടാതെ, സ്മാർട്ട്‌ഫോൺ വിപണിയിൽ പുതിയൊരു ബ്രാൻഡിന്, പ്രത്യേകിച്ച് വ്യക്തമല്ലാത്ത ഹാർഡ്‌വെയർ വിവരങ്ങളുള്ള ഒരു ഫോണിന്, വലിയ കമ്പനികളോട് മത്സരിക്കുന്നത് കഠിനമായ വെല്ലുവിളിയാണ്. എന്നാൽ ഒരു സ്മാർട്ട്‌ഫോൺ എന്ന നിലയിൽ ഐഫോണിനെ മറികടക്കാൻ ട്രംപ് മൊബൈൽ T1-ന് സാധിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ടെക് ലോകം.