സ്റ്റാർലിങ്ക് ഇന്ത്യയിൽ ഉടൻ,ഇനി ഇൻ–സ്പേസിന്റെ കൂടി അനുമതി

Mail This Article
ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് (സാറ്റ്കോം) കമ്പനിയായ സ്റ്റാർലിങ്ക് ഇന്ത്യയിൽ ഉടൻ പ്രവർത്തനം ആരംഭിച്ചേക്കും. സ്റ്റാർലിങ്കിന്റെ മാതൃകമ്പനിയായ സ്പേസ്എക്സിന്റെ മേധാവി ഗ്വെൻ ഷോട്ട്‍വെൽ ഡൽഹിയിലെത്തി കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി കൂടിക്കാഴ്ച നടത്തി. സ്പേസ്എക്സിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമാണ് ഷോട്ട്‍വെൽ.
സ്റ്റാർലിങ്കിന് ലൈസൻസ് നൽകിയതിൽ ഷോട്ട്‍വെൽ നന്ദി പറഞ്ഞതായി സിന്ധ്യ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
സ്റ്റാർലിങ്കിന് കേന്ദ്ര ടെലികോം വകുപ്പിന്റെ അനുമതി ലഭിച്ചത് കഴിഞ്ഞ ആഴ്ചയാണ്. ജിഎംപിസിഎസ് (ഗ്ലോബൽ മൊബൈൽ പഴ്സനൽ കമ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ്) എന്ന ലൈസൻസ് ആണ് ലഭിച്ചത്.
കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ കീഴിലുള്ള റെഗുലേറ്ററി ഏജൻസിയായ ഇൻ–സ്പേസിന്റെ കൂടി അനുമതി ലഭിക്കുന്നതോടെ സേവനം നൽകിത്തുടങ്ങാമെന്നാണ് വിവരം. രാജ്യത്ത് ഉപഗ്രഹ ഇന്റർനെറ്റ് സർവീസുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ശുപാർശകൾ ഇനി ടെലികോം വകുപ്പ് അംഗീകരിക്കണം. ഇതനുസരിച്ചാണ് ടെലികോം സ്പെക്ട്രം അനുവദിക്കുക. ഉപഗ്രഹ ഇന്റർനെറ്റ് സേവനദാതാക്കൾക്ക് ലേലമില്ലാതെ നേരിട്ടാണ് കേന്ദ്രം സ്പെക്ട്രം നൽ കുന്നത്.