ആകാശത്ത് വിചിത്ര രൂപം തീർക്കുന്ന മാരക മിസൈൽ, ഫത്തായ്ക്ക് ശേഷം 'സെജ്ജിൽ';ഭയപ്പെടുത്തുന്നതെന്ന് സമൂഹമാധ്യമങ്ങൾ

Mail This Article
രാത്രി ആകാശത്ത് പ്രത്യക്ഷപ്പെട്ട തിളക്കമുള്ള, വളഞ്ഞുപുളഞ്ഞ പ്രകാശത്തിന്റെ ഒരു പാതയുടെ ചിത്രങ്ങൾ നിരവധി സമൂഹമാധ്യമ അക്കൗണ്ടുകൾ പങ്കുവച്ചു. ചിലർ ഈ രൂപങ്ങളിൽനിന്നും സിംഹത്തിന്റെയും ഡ്രാഗണിന്റെയും രൂപങ്ങൾ എഐയിൽ നിർമിച്ചു. ഒരു മിസൈലിൽ പുറന്തള്ളുന്ന പുകപടലങ്ങളുടെ ദൃശ്യമായിരുന്നു, ഒരുപക്ഷേ ഒരു ഇറാനിയൻ സെജ്ജിൽ മിസൈലായിരിക്കാം അതെന്നാണ് ചിത്രം പങ്കുവച്ചവരുടെ അവകാശവാദം.
ഫത്ത ഹൈപ്പർസോണിക് മിസൈലുകൾക്ക് പിന്നാലെ, ഇറാൻ ദീർഘദൂര ബാലിസ്റ്റിക് മിസൈലായ 'സെജ്ജിൽ' ഇസ്രയേലി സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പ്രയോഗിച്ചതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ആദ്യമായാണ് 2,000 കിലോമീറ്റർ ദൂരപരിധിയുള്ള സെജ്ജിൽ മിസൈലുകൾ ഇസ്രയേലിനെതിരെ ഉപയോഗിക്കുന്നതത്രെ.
എന്താണ് സെജ്ജിൽ മിസൈൽ?
ഇറാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത, രണ്ട് ഘട്ടങ്ങളുള്ള, ഖര ഇന്ധനം ഉപയോഗിക്കുന്ന സർഫസ്-ടു-സർഫസ് ബാലിസ്റ്റിക് മിസൈലാണ് സെജ്ജിൽ. ഏകദേശം 2,000 കിലോമീറ്റർ (1242 മൈൽ) ദൂരപരിധിയുള്ള ഈ മിസൈലിന് ഇസ്രയേലിന്റെ എല്ലാ ഭാഗങ്ങളിലും തെക്കുകിഴക്കൻ യൂറോപ്പിലും എത്താൻ കഴിയും. 18 മീറ്റർ (59 അടി) നീളമുള്ള ഈ മിസൈലിന് ഏകദേശം 700 കിലോഗ്രാം (1,543 പൗണ്ട്) ഭാരം വഹിക്കാൻ ശേഷിയുണ്ട്.
ഈ മിസൈലിന്റെ 4,000 കിലോമീറ്റർ (2485 മൈൽ) വരെ ദൂരപരിധിയുള്ള മറ്റ് വകഭേദങ്ങളെക്കുറിച്ചും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പഴയ ദ്രവ ഇന്ധന മിസൈലുകളിൽ നിന്ന് വ്യത്യസ്തമായി, സെജ്ജിലിന്റെ ഖര ഇന്ധന സാങ്കേതികവിദ്യ വേഗത്തിലുള്ള വിക്ഷേപണത്തിനും എളുപ്പത്തിലുള്ള നീക്കത്തിനും ആക്രമണങ്ങളെ അതിജീവിക്കാനുള്ള ശേഷിക്കും സഹായിക്കുന്നു.

ഉയർന്ന ചലനശേഷിയുള്ള ഈ മിസൈൽ, ശത്രുക്കളുടെ കണ്ടെത്തൽ സംവിധാനങ്ങളെ മറികടക്കാൻ രൂപകൽപ്പന ചെയ്തതാണ്. ഇത് ഇസ്രയേലിന്റെ അയൺ ഡോം, ആരോ സിസ്റ്റങ്ങൾ പോലുള്ള അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകർക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ഇസ്രയേലിന് എത്രത്തോളം നാശനഷ്ടം
ഏറ്റവും പുതിയ ആക്രമണങ്ങൾ ഇസ്രയേലിന് എത്രത്തോളം നാശനഷ്ടങ്ങളുണ്ടാക്കി എന്ന് ഇസ്രയേൽ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സെജ്ജിൽ മിസൈലുകളുടെ ഉപയോഗം സംഘർഷത്തിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു. ഇറാൻ ഈ മിസൈലുകൾ സജീവ യുദ്ധത്തിൽ തുടർന്നും ഉപയോഗിക്കുകയാണെങ്കിൽ, ഇസ്രയേൽ തങ്ങളുടെ വ്യോമ പ്രതിരോധ തന്ത്രം ക്രമീകരിക്കാൻ നിർബന്ധിതരാകാൻ സാധ്യതയുണ്ട്. ഒരുപക്ഷേ, അമേരിക്കയിൽ നിന്ന് കൂടുതൽ പിന്തുണ തേടുകയോ ഇറാൻ പ്രദേശത്തിനുള്ളിൽ നേരിട്ടുള്ള ആക്രമണങ്ങൾ നടത്തുകയോ ചെയ്യാനും സാധ്യതയുണ്ട്.