വാട്സാപ്പിലും പരസ്യങ്ങൾ വരുന്നു, പക്ഷേ ഉപയോക്താക്കൾക്ക് ആശ്വസിക്കാം; പണമുണ്ടാക്കാനും വഴിയുണ്ട്

Mail This Article
ലോകത്തെ ഏറ്റവും പ്രചാരമേറിയ സന്ദേശക്കൈമാറ്റ ആപ്പുകളിലൊന്നായ വാട്സാപ്പിലേക്ക് പരസ്യങ്ങള്‍ എത്തുകയാണ്. കൂടാതെ, വാട്സാപ് ചാനലുകള്‍ നടത്തുന്നവര്‍ക്ക് എക്സ്ക്ലൂസിവ് കണ്ടെന്റ് സബ്സ്ക്രൈബര്‍മാര്‍ക്ക് നല്കി പണമുണ്ടാക്കാനും സാധിക്കും. വരുന്ന മാറ്റങ്ങള്‍ ഇവയാണ്:
വാട്സാപ്പില്‍ പരസ്യം കാണേണ്ടിവരില്ലെന്ന നയം മാറ്റുകയാണ് അതു പ്രവര്‍ത്തിപ്പിക്കുന്ന മെറ്റാ കമ്പനി. ഇത് വലിയൊരു മാറ്റമാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. തുടക്കത്തില്‍ പരസ്യങ്ങള്‍ കാണേണ്ടി വരിക വാട്സാപ്പിലെ 'അപ്ഡേറ്റ്സ്' ടാബില്‍ മാത്രമായിരിക്കും. അതായത്, സ്റ്റാറ്റസ്, ചാനല്‍സ് ഫീച്ചറുകള്‍ കാണാന്‍ സാധിക്കുന്നിടത്ത്. ഈ ഫീച്ചര്‍ ദിവസവും ഏകദേശം 150 കോടി ആളുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് അനുമാനം.
എന്തായാലും തത്കാലം വാട്സാപ് പ്രേമികള്‍ക്ക് ആശ്വസിക്കാം
പഴ്സണല്‍ ചാറ്റുകള്ക്കിടയിലേക്കും, ഗ്രൂപ്പ് സന്ദേശങ്ങള്‍ക്കിടയിലും പരസ്യമുണ്ടാവില്ല. അതായത്, വാട്സാപ്പിന്റെ ഇതുവരെ ലഭിച്ചുവന്ന സ്വകാര്യത തത്കാലത്തേക്ക് തുടരുക തന്നെ ചെയ്യും. ഉപയോക്താവ് ആരാണ് എന്ന് അറിഞ്ഞ ശേഷമായിരിക്കും പരസ്യം കാണക്കുക എന്നതിനാല്‍ ഇനി സ്വകാര്യത എന്നൊക്കെ പറയുന്നതില്‍ അര്‍ത്ഥമുണ്ടോ എന്ന ചോദ്യത്തിനും ഉത്തരമുണ്ട്-തത്കാലം വാട്സാപ്പ് അക്കൗണ്ട് ഉടമയുടെ ലൊക്കേഷന്‍ (രാജ്യം, നഗരം), ഏതു ഭാഷയിലാണ് ഡിവൈസ് സെറ്റു ചെയ്തിരിക്കുന്നത്, ഏതെല്ലാം ചാനലുകളാണ് ഫോളോ ചെയ്യുന്നത് എന്നീ കാര്യങ്ങളും, ഏതെല്ലാം പരസ്യങ്ങളാണ് ഉപയോക്താവ് കാണുന്നത് എന്നതിനെയും ആശ്രയിച്ചായിരിക്കും പരസ്യങ്ങള്‍ നല്‍കുകയത്രെ.
ചാറ്റുകള്‍, കോളുകള്‍, കോണ്ടാക്ട്സ് തുടങ്ങിയവയിലേക്ക് ഈ ഘട്ടത്തില്‍ കടന്നുകയറില്ലെന്നാണ് വാട്സാപ്പ് അവകാശപ്പെടുന്നത്. അവ പ്രൈവറ്റ് ആയിരിക്കും. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനും നല്‍കും. ഇവ കേന്ദ്രീകരിച്ചായിരിക്കില്ല പരസ്യങ്ങള്‍ നല്‍കുക. മെറ്റയുടെ അക്കൗണ്ട്സ് സെന്ററിലെത്തി പരസ്യ പ്രിഫറന്‍സുകള്‍ മാറ്റാനും ഇപ്പോള്‍ സാധിക്കും.

പണമുണ്ടാക്കാം
വാട്സാപ് ചാനല്‍ ഫോളോ ചെയ്യുന്നവര്‍ക്ക് എക്സ്ക്ലൂസിവ് കണ്ടെന്റ് നല്കി പണമുണ്ടാക്കാനുള്ള അവസരവും ഒരുങ്ങുകയാണ്. തങ്ങളുടെ ചാനല്‍ ഫോളോ ചെയ്യുന്നവരില്‍ നിന്ന് ഒരു നിശ്ചിത തുക മാസവരിയായി ഈടാക്കാനായിരിക്കും വാട്സാപ്പ് അനുവദിക്കുക. ചാനല്‍ സബ്സ്ക്രൈബ് ചെയ്യുന്നവര്‍ക്ക് മാത്രമായി പ്രത്യേകം കണ്ടെന്റ് നല്‍കിയായിരിക്കും ചാനലുകള്‍ തങ്ങളുടെ വരിക്കാരെ നിലനിര്‍ത്തുക.
എന്നാല്‍, ഇതെല്ലാം വാട്സാപ്പിന്റെ തുടക്കത്തിലുണ്ടായിരുന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നുള്ള വ്യതിചലിക്കലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പരസ്യങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കില്ലെന്നായിരുന്നു വര്‍ഷങ്ങളോളം ആപ്പിന്റെ നിലപാട്. ആപ്പിന്റെ സൃഷ്ടാവും മേധാവിയുമായ ജാന്‍ കൊവും (Jan Koum) പറഞ്ഞിരുന്നത്, പരസ്യം കടന്നുവന്നാല്‍ ഉപഭോക്താവേ, നിങ്ങളാണ് ഉല്‍പ്പന്നം എന്നായിരുന്നു.
സന്ദേശക്കൈമാറ്റ ആപ്പുകളില്‍ നിന്ന് വരുമാനമുണ്ടാക്കാനുള്ള ശരിയായ രീതി പരസ്യങ്ങളല്ല എന്നും ജാന്‍ പറഞ്ഞിരുന്നു. അദ്ദേഹത്തില്‍ നിന്ന് 2014ല്‍ ആണ് മെറ്റാ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് 19 ബില്ല്യന്‍ ഡോളര്‍ നല്കി വട്സാപ്പ് വാങ്ങുന്നത്. നാളിതുവരെ ഇരുവരും പരസ്യം വേണ്ട എന്ന നിലപാടാണ് പുറത്ത് പറഞ്ഞുകൊണ്ടിരുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍, സ്റ്റാറ്റസ് അപ്ഡേറ്റ് നടത്താത്തവര്‍ക്ക് പുതിയ മാറ്റം അനുഭവേദ്യമാവില്ലെന്നും വാദമുണ്ട്.
എന്തായാലും, വാട്സാപ്പിന്റെ കേന്ദ്രത്തില്‍ സ്വകാര്യത ഇപ്പോഴും നിലനില്ക്കുന്നു എന്നാണ് ആപ്പ് പ്രവര്‍ത്തിപ്പിക്കുന്നവര്‍ അവകാശപ്പെടുന്നത്. അതു നിലനിര്‍ത്തി തന്നെയായിരിക്കും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുക എന്നും അവര്‍ പറയുന്നു.

വേണ്ടവര്‍ക്കു മാത്രം ഉള്ള ഫീച്ചര്‍
വേണ്ടവര്‍ക്കു മാത്രം ഉള്ള ഫീച്ചര്‍ എന്ന രീതിയിലാണ് പരസ്യങ്ങള്‍ എത്തുന്നതെന്നും വാട്സാപിന്റെ വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ ആലിസ് ന്യൂട്ടന്-റെക്സ് പറയുന്നു. ഇത് ചാറ്റ്ബോക്സുകളിലേക്കുള്ള കടന്നുകയറ്റമല്ല. പഴ്സണല്‍ ചാറ്റുകള്‍ അലങ്കോലപ്പെടുത്താതെ എങ്ങനെയാണ് വാട്സാപ്പിനുള്ളില്‍ ഒരു ബിസിനസ് സാധ്യത തുറക്കാന്‍ സാധിക്കുക എന്ന കാര്യത്തില്‍ വര്‍ഷങ്ങളായി നടന്നുവന്ന അന്വേഷണത്തിന്റെ ഫലമാണ് പുതിയ മാറ്റമെന്നാണ് ആലിസ് പറയുന്നത്.
വാട്സാപ് വഴി കച്ചവടം നടത്തുന്നവര്‍ക്ക് കൂടുതല്‍ ഉപയോക്താക്കളെ കണ്ടെത്താന്‍ ഇത് പുതിയൊരു അവസരം തന്നെയായിരിക്കും തുറന്നിടുക എന്നും ആലിസ് പറയുന്നു. കൂടാതെ, ഫെയ്സ്ബുക്കിലും, ഇന്‍സ്റ്റഗ്രാമിലും ചെയ്യാന്‍ സാധിക്കുന്നതു പോലെ പരസ്യങ്ങളെ ഒരു ഓപ്ഷനും ആക്കാം. സ്റ്റാറ്റസ് അപ്ഡേറ്റ് നടത്തുന്ന സമയത്തായിരിക്കും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുക. കൂടുതല്‍ സ്റ്റാറ്റസ് അപ്ഡേറ്റ് നടത്തുന്നവര്‍ കൂടുതല്‍ പരസ്യം കാണേണ്ടിവരും എന്നാണ് ആപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. തന്റെ കോണ്ടാക്ട്സിലുള്ളവര് സ്റ്റാറ്റസ് അപ്ഡേറ്റ് നടത്തുന്നത് കാണാന്‍ ശ്രമിക്കുന്ന വാട്സാപ്പ് അക്കൗണ്ട് ഉടമകള്‍ക്കും പരസ്യം കാണേണ്ടിവന്നേക്കും.
കൂടാതെ, വാട്സാപ്പ് വഴി തങ്ങളുടെ ബിസിനസ് പുഷ്ടിപ്പെടുത്താന്‍ ശ്രമിക്കുന്ന ദശലക്ഷക്കണക്കിന് കമ്പനികള്‍ക്കും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുതിയ മാറ്റം ഗുണകരമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.