Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂളുകളിൽ ഇന്റര്‍നെറ്റ് സുരക്ഷാ പ്രതിജ്ഞയെടുക്കും

kalam8

ഡോ.എ.പി.ജെ അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബര്‍ 15 -ന് സംസ്ഥാനത്തെ എല്ലാ സ്കൂള്‍ വിദ്യാര്‍ഥികളേയും പങ്കെടുപ്പിച്ചുകൊണ്ട് സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം സംബന്ധിച്ച അവബോധം വിദ്യാര്‍ഥികളില്‍ വളര്‍ത്തുന്നതിന് 'ഇന്റര്‍നെറ്റ് സുരക്ഷാ പ്രതിജ്ഞ' സംഘടിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പൊതു വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ചു.

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും 2015 ഒക്ടോബര്‍ 15 ന് രാവിലെ സ്കൂള്‍ അസംബ്ലിയില്‍ 'ഇന്റര്‍നെറ്റ് സുരക്ഷാ പ്രതിജ്ഞ' എടുക്കുകയും കുട്ടികളെക്കൊണ്ട് അത് ഏറ്റു ചൊല്ലിക്കേണ്ടതുമാണെന്നും, സ്കൂളുകളില്‍ പ്രതിജ്ഞ സംഘടിപ്പിക്കുന്നതിന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടതാണെന്നും സർക്കുലറിൽ പറയുന്നു. ഈ ദിനത്തിൽ സുരക്ഷിതമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതു സംബന്ധിച്ച ക്ലാസുകളും ചര്‍ച്ചകളും സ്കൂള്‍ തലത്തില്‍ സംഘടിപ്പിക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ട്.

എല്ലാ സ്കൂളുകളിലും ഈ പരിപാടി നടത്തേണ്ടതാനും പരിപാടി നടത്തിപ്പു സംബന്ധിച്ച സാങ്കേതിക സഹായം ആവശ്യമെങ്കില്‍ ഐ.ടി@സ്കൂള്‍ പ്രോജക്ടിലെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍/ മാസ്റ്റര്‍ ട്രെയിനര്‍മാര്‍മാരുടെ സേവനം പ്രയോജനപ്പെടുത്താനും സര്‍ക്കുലര്‍ അനുശാസിക്കുന്നു. സ്കൂള്‍ തലത്തില്‍ ഈ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് സ്കൂള്‍ ഐ.ടി കോര്‍ഡിനേറ്റര്‍മാരുടെയും ഐ.ടി പഠിപ്പിക്കുന്ന അധ്യാപകരുടെയും സ്റ്റുഡന്റ് ഐ.ടി കോര്‍ഡിനേറ്റര്‍മാരുടെയും സേവനം ഉപയോഗപ്പെടുത്തേണ്ടതാണെന്നും സർക്കുലറിൽ ഡി.പി.ഐ വ്യക്തമാക്കിയിട്ടുണ്ട്.

ആധുനിക വിവരവിനിമയ സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗം വിദ്യാഭ്യാസ മേഖലയിലും പരമാവധി പ്രയോജനപ്പെടുത്തുന്നതിനും പഠനബോധന പ്രവര്‍ത്തനങ്ങള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലളിതവും രസകരവും ആയാസരഹിതവുമാക്കുന്നതിനും സൗകര്യങ്ങളും ക്രമീകരണങ്ങളും വിദ്യാഭ്യാസ വകുപ്പ് ഐടി അറ്റ്‌ സ്കൂളിന്റെ നേതൃത്വത്തിലാണ് ഒരുക്കുന്നത്. വിജ്ഞാനം വിരല്‍ത്തുമ്പില്‍ ലഭ്യമാകുമ്പോള്‍ സാങ്കേതിക സൗകര്യങ്ങള്‍ ഗുണപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നത് ലക്ഷ്യമിട്ട് സംസ്ഥാനത്തെ സ്കൂളുകളില്‍ ഇന്റര്‍നെറ്റ് ഫലപ്രദമായി ഉപയോഗിക്കുന്നതിനും ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചിത സമയം ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനും പൊതു വിദ്യാഭ്യാസ വകുപ്പ് ഇതിനകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.